Christmas 2024: ഈ ക്രിസ്മസിന് കിടിലൻ ബീഫ് കട്ലെറ്റ് ഉണ്ടാക്കിയാലോ? റെസിപ്പി സിംപിളാണ്
Christmas 2024 Special Beef Cutlet Recipe: ഇത്തവണ ക്രിസ്മസിന് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതും, രുചികരവുമായ ബീഫ് കട്ലറ്റ് ഉണ്ടാക്കിയാലോ.
മിക്കവർക്കും ഇഷ്ടമുള്ളൊരു വിഭവമാണ് കട്ലെറ്റ്. ചിക്കൻ, വെജ്, ബീഫ് എന്നിങ്ങനെ പലതരം കട്ലെറ്റുകൾ ഉണ്ട്. ഇത്തവണ ക്രിസ്മസിന് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതും, രുചികരവുമായ ബീഫ് കട്ലറ്റ് ഉണ്ടാക്കിയാലോ. തയ്യാറാകുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
- ബീഫ് – 400 ഗ്രാം
- ഉരുളക്കിഴങ്ങ് – ഒരെണ്ണം
- സവാള – 2 എണ്ണം
- പച്ചമുളക് – 2 എണ്ണം
- വെളുത്തുള്ളി – ഒന്നര ടീസ്പൂൺ
- ഇഞ്ചി – ഒരു ടീസ്പൂൺ
- മുളക് പൊടി – അര ടീസ്പൂൺ
- മഞ്ഞൾ പൊടി – അര ടീസ്പൂൺ
- കുരുമുളക് പൊടി – ഒരു ടീസ്പൂൺ
- ഗരം മസാല – ഒരു ടീസ്പൂൺ
- കോൺഫ്ലോർ – ഒരു ടേബിൾസ്പൂൺ
- മുട്ട – 2 എണ്ണം
- ബ്രഡ് ക്രമ്സ് – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
ALSO READ: റെസ്റ്റോറന്റ് സ്റ്റെെലിൽ ഈ ക്രിസ്മസിന് വീട്ടിലൊരുക്കാം ഗാർലിക് ചിക്കൻ; കൂട്ടിന് അപ്പവും
തയ്യാറാകുന്ന വിധം
ആദ്യം ബീഫ് ഉപ്പും, മഞ്ഞൾ പൊടിയും, കുരുമുളക് പൊടിയും ചേർത്ത് വേവിച്ചെടുക്കുക. ഈ സമയം കൊണ്ട് ഉരുളക്കിഴങ്ങും പുഴുങ്ങി ഒന്ന് ഉടച്ചെടുക്കാം. ഇനി ഒരു പാൻ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച്, ചൂടായി വരുമ്പോൾ ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, കറിവേപ്പില, അല്പം ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്ന് വരുമ്പോൾ, ഇതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാല എന്നിവ കൂടി ചേർത്ത് വീണ്ടും വഴറ്റി കൊടുക്കാം.
ഇതിനിടെ, നേരത്തെ വേവിച്ച ബീഫ് ചെറുതായൊന്ന് പൊടിച്ചെടുക്കണം. ശേഷം വഴന്നുവന്ന കൂട്ടിലേക്ക് പൊടിച്ച ബീഫ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് നന്നായി മിക്സ് ആയാൽ ഇനി ഉരുളകിഴങ്ങ് ഉടച്ചത് കൂടി ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കാം. ഉപ്പ് ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കിൽ അല്പം ചേർത്ത് കൊടുക്കാം.
ഇനി സ്റ്റവ് ഓഫ് ചെയ്ത് ഈ മിക്സ് തണുക്കാൻ വയ്ക്കാം. നന്നായി തണുത്ത ശേഷം കട്ലെറ്റ് ഇഷ്ടമുള്ള ആകൃതിയിൽ ഷേപ്പ് ചെയ്തെടുക്കാം. ഇനി ഒരു ബൗളിൽ കോൺഫ്‌ളോറും കുറച്ച് വെള്ളവും കൂടി ചേർത്ത് മിക്സ് ചെയ്ത് കൊടുക്കുക. അതിലേക്ക് രണ്ട് മുട്ടയുടെ വെള്ളയും ഒരു മുട്ടയുടെ മഞ്ഞയും ചേർത്ത് ബീറ്റ് ചെയ്യുക. ഇനി ഷേപ്പ് ചെയ്തു വച്ചിരിക്കുന്ന കട്ലെറ്റ് മുട്ടയുടെ മിശ്രിതത്തിൽ മുക്കിയ ശേഷം ബ്രഡ് ക്രംസിൽ ഒന്ന് ഉരുട്ടിയെടുക്കാം. ശേഷം ഒരു പാൻ എടുത്ത് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാൻ വെക്കുക. എണ്ണ ചൂടായി വരുമ്പോൾ കട്ലെറ്റുകൾ ഓരോന്നായി ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കാം. സ്വാദിഷ്ടമായ ബീഫ് കട്ലെറ്റ് റെഡി. തക്കാളി സോസിനൊപ്പമോ കട്ലെറ്റ് മാത്രമായോ കഴിക്കാം.