Aavani Avittam: ഇന്ന് ചിങ്ങ മാസത്തിലെ ആവണി അവിട്ടം; പ്രത്യേകതകളും ആചാരങ്ങളും അറിയാം
Chingam Aavani Avittam: സൂര്യോദയ സമയത്ത് എഴുന്നേറ്റ് പുണ്യസ്നാനം ചെയ്താണ് ഈ ചടങ്ങിനായി അവർ ഒരുങ്ങുന്നത്. സാധാരണയായി ഈ ചടങ്ങ് നടത്തുന്നത് ഒരു നദിയുടെയോ കുളത്തിന്റെയോ തീരത്ത് വച്ചാണ്. കൂടാതെ സമൂഹ ആചാരമായാണ് നടത്തുക.
ഇന്ന് ചിങ്ങമാസത്തിലെ ആവണി അവിട്ടം (avani avittam). ആവണി അവിട്ടം ഉപക്രമം എന്ന പേരിലും അറിയപ്പെടാറുണ്ട്. വേദപഠനത്തിന്റെ ആരംഭം കുറിക്കുന്ന ദിവസമാണ് ഇന്ന്. ബ്രാഹ്മണ സമൂഹത്തിലെ ഒരു പ്രധാന ആചാരമായാണ് ആവണി അവിട്ടം കൊണ്ടാടുന്നത്. ഹിന്ദു കലണ്ടറിലെ ശ്രാവണ പൗർണമിയിലാണ് ആവണി അവട്ടം ആചരിച്ച്പോന്നത്. ആവണി എന്ന വാക്ക് തമിഴ് മാസത്തെയാണ് സൂചിപ്പിക്കുന്നത്. 27 നക്ഷത്രങ്ങളിൽ ഒന്നാണ് അവിട്ടം. ഈ ആചാരം പൂർണ സമർപ്പണത്തോടും ഭക്തിയോടും കൂടി ആചരിക്കേണ്ട ഒന്നാണ്. ആറ് മാസം നീണ്ട യജുർവേദ പാരായണത്തിനും ഈ ദിവസമാണ് തുടക്കമാകുന്നത്.
ആവണി അവിട്ടത്തിൽ ബ്രാഹ്മണർക്ക് ഒരു പുണ്യനൂൽ നൽകുകയും അതിലൂടെ മൂന്നാം കണ്ണ് തുറക്കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. ഈ ദിവസം പൂണൂൽ മാറ്റുന്നതോടെ ബ്രാഹ്മണർ ഒരു വർഷം മുഴുവൻ ചെയ്ത പാപങ്ങളിൽ നിന്ന് അവർ രക്ഷ നേടുകയും പുതിയ പൂണൂലിലൂടെ പുതിയൊരു രക്ഷാ കവചം അണിയുകയും ചെയ്യുന്നു എന്നാണ് സങ്കൽപ്പം. പൊതുവേ ആ ആഘോഷം തെക്കേ ഇന്ത്യയിലാണ് അഘോഷിക്കാറുള്ളത്. ഇതേ ദിവമാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നതും. ആവണി അവിട്ടത്തിന് ഇത്തരമൊരു രക്ഷാ സങ്കൽപ്പം ഉള്ളതുകൊണ്ടാവാം ഇതേ ദിവസം തന്നെ ദേശ വ്യാപകമായി രക്ഷാബന്ധനും ആഘോഷിക്കുന്നത്.
ബ്രാഹ്മണർ പൂണൂൽ സ്വീകരിക്കുന്ന സമയത്ത് പവിത്രമായ മന്ത്രങ്ങൾ അവർ ഉരുവിടുന്നു. സൂര്യോദയ സമയത്ത് എഴുന്നേറ്റ് പുണ്യസ്നാനം ചെയ്താണ് ഈ ചടങ്ങിനായി അവർ ഒരുങ്ങുന്നത്. ആവണി അവിട്ടത്തിൽ ബ്രാഹ്മണർ ‘ജനേയു’ അല്ലെങ്കിൽ ‘യജ്ഞോപവിത്ത്’ എന്ന പുതിയ പുണ്യനൂലാണ് ധരിക്കുന്നത്. ആവണി അവിട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരമായാണ് ഇത് കാണുന്നത്. സാധാരണയായി ഈ ചടങ്ങ് നടത്തുന്നത് ഒരു നദിയുടെയോ കുളത്തിന്റെയോ തീരത്ത് വച്ചാണ്. കൂടാതെ സമൂഹ ആചാരമായാണ് നടത്തുക.
ALSO READ: ചമയവും കുരുത്തോലക്കുടയുമായി വീടുതോറുമെത്തും ഇനി ഓണപ്പൊട്ടൻ
പുതിയ പൂണൂൽ ധരിച്ച ശേഷം ഇവർ പഴയത് ഉപേക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ പുരാണങ്ങളിലാവട്ടെ മഹാവിഷ്ണു അറിവിന്റെ ദൈവമായ ഹയഗ്രീവനായി അവതരിച്ചതിനാൽ ഈ ദിവസം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ബ്രഹ്മാവിനു വേദങ്ങൾ പുനഃസ്ഥാപിച്ചത് ഹയഗ്രീവൻ ആയിരുന്നു എന്നും സങ്കല്പമുണ്ട്. ഈ ദിവസം ഹയഗ്രീവ ജയന്തിയായും പല സ്ഥലങ്ങളിൽ ആഘോഷിക്കുന്നുണ്ട്. മറ്റൊരു പ്രത്യേകത എന്തെന്നാൽ, ഈ ദിനത്തിൽ വിശ്വാമിത്ര മഹർഷിയാൽ വിരചിതമായ ഗായത്രി മന്ത്രം ജപിക്കുന്നത് ഇരട്ടി ഫലദായാണ് കണക്കാക്കുന്നത്. അതീവ ശ്രേഷ്ഠമായ ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവായാണ് കാണപ്പെടുന്നത്. ഇന്ന് അസ്തമയത്തിനു മുന്നേ 108 തവണ ഗായത്രി മന്ത്രം ജപിക്കുന്നത് മോക്ഷദായകമായും വിശ്വസിച്ച് പോന്നു.
സൂര്യോദയത്തിനു മുൻപുള്ള പ്രഭാത സന്ധ്യയിലും സൂര്യൻ ഉച്ചസ്ഥായിൽ നിൽക്കുന്ന മദ്ധ്യാഹ്ന സമയത്തും സൂര്യാസ്തമയത്തിനു തൊട്ടുമുന്നെയുള്ള സായം സന്ധ്യയിലും ഗായത്രി മന്ത്രം ജപിക്കാം എന്നാണ് വിശ്വാസം. തേജസ്സ്, യശസ്സ്, വചസ്സ് എന്നീ ശക്തികൾ ചേരുന്ന ഊർജ സ്രോതസ്സാണു ഗായത്രി. ഗായത്രീ മന്ത്രം ഉരുവിടുമ്പോൾ ഈ മൂന്നു ശക്തികൾ നമുക്ക് അനുഗ്രഹം നൽകുന്നു എന്നാണ് വിശ്വാസം. അതിനാൽ ഓരോ സമയത്ത് ജപിക്കുന്നതിലൂടെ വ്യത്യസ്തമായ ഗുണമാണ് ലഭിക്കുന്നത്. രാവിലെ ജപിക്കുന്നതിലൂടെ സരസ്വതീദേവിയുടെ അനുഗ്രഹത്താൽ ജ്ഞാനവും ഉച്ചയ്ക്കു ജപിക്കുന്നതിലൂടെ ദുർഗ്ഗാദേവിയുടെ അനുഗ്രഹത്താൽ ദുരിതശാന്തിയും സന്ധ്യയ്ക്കു ജപിക്കുന്നതിലൂടെ ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്താൽ ഐശ്വര്യവും ലഭിക്കും എന്നാണ് സങ്കല്പം.
ഗായത്രി മന്ത്രത്തിലെ ഓരോ വാക്കും ശരീരത്തിനു കൂടുതൽ ഊർജം നൽകുന്ന വിധത്തിലാണു കൂട്ടിച്ചേർത്തിരിക്കുന്നത്. ഈ മഹാമന്ത്രത്തിലെ 24 അക്ഷരങ്ങൾ മനുഷ്യ ശരീരത്തിലെ 24 ഗ്രന്ഥികളെയും തമ്മിൽ ബന്ധിപ്പിക്കുന്നതായും പറയപ്പെടുന്നുണ്ട്. കൂടാതെ ഗ്രഹദോഷങ്ങൾ നമ്മെ അലട്ടാതിരിക്കാനും ഈ ജപം സഹായിക്കും. മനഃശുദ്ധിയും മനോബലവും വർധിപ്പിക്കുന്നതിനോടൊപ്പം പോസിറ്റീവ് എനർജി നിറയ്ക്കാനും അതിലൂടെ ഐശ്വര്യം വർധിപ്പിക്കാനും ഗായത്രീമന്ത്രത്തിനു സാധിക്കുമെന്നാണ് വിശ്വാസങ്ങൾ പറയുന്നത്.