Christmas 2024: അഫ്‌ഗാനി ചിക്കൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ… സൂപ്പറാണ്
Afghani Chicken Recipe: മസാലപ്പൊടികളുടെ അതിപ്രസരമില്ലാതെ വീട്ടിൽ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ രുചികരമായൊരു വിഭവമാണ് അഫ്‌ഗാനി ചിക്കൻ. ചിക്കന് പുറമെ ഇത് മട്ടനിലും ബീഫിലും എല്ലാം തയ്യാറാക്കാവുന്നത്.
എന്നും ഒരേ ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും എല്ലാവർക്കും മടിയാണ്. വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ചിക്കനിലും മീനിലും മട്ടനിലും പച്ചക്കറികളിലും എന്നും പരീക്ഷണങ്ങൾ നടത്താൻ നാം ഒരു മടിയും കാണിക്കാറില്ല. ഇഷ്ട രുചികൾ തേടി കിലോ മീറ്ററുകൾ താണ്ടി പോകുന്നവരുമുണ്ട്. അത്തരത്തിൽ വീട്ടിലേക്ക് അതിഥികളായെത്തുന്നവർക്ക് തയ്യാറാക്കി നൽകാൻ കഴിയുന്ന ഒരു ചിക്കൻ റെസിപ്പി പരീക്ഷിച്ച് നോക്കിയാലോ? മസാലപ്പൊടികളുടെ അതിപ്രസരമില്ലാതെ വീട്ടിൽ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ രുചികരമായൊരു വിഭവമാണിത്. ചിക്കന് പുറമെ ഇത് മട്ടനിലും ബീഫിലും എല്ലാം നമുക്ക് തയ്യാറാക്കാവുന്നത്. നാൻ, ചപ്പാത്തി, പത്തിരി, നെയ്യ് ചോറ്, അപ്പം എന്നിവയ്ക്കൊപ്പം കഴിക്കാൻ പറ്റുന്ന അഫ്‌ഗാനി ചിക്കൻ അതിഥികൾക്ക് വിളമ്പിയാലോ?
അഫ്‌ഗാനി ചിക്കൻ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
ചിക്കൻ – 1 കിലോ
സവാള – രണ്ട് എണ്ണം
പച്ചമുളക് – 4 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – 3 അല്ലി
മല്ലിയില –ഒരു പിടി
തൈര് – 1 കപ്പ്
ഫ്രഷ് ക്രീം – 3 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1 ടേബിൾ സ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
കസൂരി മേത്തി -1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
സൺഫ്ലവർ ഓയിൽ -4 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
അഫ്‌ഗാനി ചിക്കൻ തയ്യാറാക്കാനായി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില മുകളിൽ പറഞ്ഞിരിക്കുന്ന അളവിൽ നന്നായി
അരച്ചെടുക്കുക. കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ഈ അരപ്പ് ചിക്കനിലേക്ക് ചേർക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന ഈ കൂട്ടിലേക്ക് ശേഷം തൈര്, ഫ്രഷ് ക്രീം, കുരുമുളകു പൊടി, ഗരം മസാല, കസൂരി മേത്തി, ഉപ്പ് എന്നിവ ചേർത്ത് നന്നായി തിരുമി യോജിപ്പിച്ച് വയ്ക്കുക. ഏകദേശം
ഒരു മണിക്കൂറോളം ഇങ്ങനെ മസാല തേച്ചു വെക്കണം.
കുറച്ചു ചാർകോൾ സ്‌മോക്കും ഒരു പാത്രത്തിൽ അടച്ചു വയ്ക്കണം. ചിക്കനിൽ മസാല പിടിച്ചിട്ടുണ്ടെന്ന് ഉറപ്പായാൽ അടി കട്ടിയുള്ള ഒരു പാനിൽ എണ്ണ ഒഴിച്ച് ചിക്കൻ ഫ്രൈ ചെയ്തെടുക്കുക. ഈ എണ്ണയിലേക്ക് ബാക്കി മസാലയും വെള്ളവും ഒഴിച്ച് ചിക്കനും ചേർത്ത് അടച്ചു വെച്ച് 10 മിനിറ്റ് വേവിച്ചെടുക്കുക. ശേഷം ഒരു സെർവിംഗ് ബൗളിലേക്ക് മാറ്റാം.. അടിപൊളി രുചിയുള്ള അഫ്‌ഗാനി ചിക്കൻ റെഡി.
അഫ്‌ഗാനി ചിക്കനൊപ്പം കഴിക്കാനുള്ള പത്തിരി തയ്യാറാക്കാം..
ചേരുവകൾ
അരി പൊടി – അര കിലോ
വെള്ളം – നാല് ഗ്ലാസ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 3 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള വെള്ളം തിളപ്പിച്ചതിന് ശേഷം അതിലേക്ക് ഉപ്പും എണ്ണയും ചേർക്കുക. വെള്ളം തിളച്ചു കഴിയുമ്പോൾ അതിലേക്ക് അരി പൊടി ചേർത്ത് നന്നായി വേവിച്ച് കുറുക്കി എടുക്കുക. കയ്യിൽ ഒട്ടാത്ത പാകമാകുമ്പോൾ ചെറിയ ഉരുളകൾ ആക്കി പരത്തി ദോശ കല്ലിൽ വച്ചു ചുട്ട് എടുത്താൽ സ്വാദിഷ്ടമായ പത്തിരി റെഡി.