Ashwagandha Benefits: സമ്മർദ്ദം നിയന്ത്രിച്ച് രക്തത്തിലെ പഞ്ചസാര കുറയ്ക്കും; ഈ ആയുർവേദ സസ്യം ചില്ലറക്കാരനല്ല
Ashwagandha Benefits: ആയുർവേദ നുറുങ്ങുകൾ പലതും ഋഷിവര്യൻമാരിൽ നിന്നും ഇന്നത്തെ തലമുറയിലേക്ക് എത്തിയതെന്ന് കരുതപ്പെടുന്നു. ഇത്തരത്തിൽ ആയുർവേദത്തിൽ പ്രസക്തമായതും ഔഷധ ഗുണത്തിൽ മുൻപന്തിയിലുമുള്ള സസ്യമാണ് അശ്വഗന്ധ

ആയുർവേദം ഇന്ത്യയിൽ ആരംഭിച്ചിട്ട് കുറഞ്ഞത് 1000 വർഷമെങ്കിലും കഴിഞ്ഞിട്ടുണ്ട്.ഒരു ചികിത്സയേക്കാൾ ഉപരി അതൊരു സംസ്കാരം കൂടിയാകുന്നിയിടത്താണ് ആയുർവേദം പ്രസക്തമാകുന്നത്. പല ആയുർവേദ നുറുങ്ങുകളും ഋഷിവര്യൻമാരിൽ നിന്നും ഇന്നത്തെ തലമുറയിലേക്ക് എത്തിയതെന്നാണ് കരുതുന്നത്. ഇത്തരത്തിൽ ആയുർവേദത്തിൽ പ്രസക്തമായതും ഔഷധ ഗുണത്തിൽ മുൻപന്തിയിലുമുള്ള സസ്യമാണ് അശ്വഗന്ധ. സംസ്കൃതത്തിൽ ‘അശ്വഗന്ധ’ എന്ന വാക്ക് ‘കുതിരയുടെ ഗന്ധം’ എന്നാണ്, ശക്തി വർദ്ധിപ്പിക്കാനുള്ള ഈ സസ്യത്തിന്റെ കഴിവിനെ ഇത് സൂചിപ്പിക്കുന്നു. വിവാഹ ബന്ധത്തിലെ പ്രശ്നങ്ങൾ മുതൽ ശരീരത്തിലെ എല്ലാ കുഴപ്പങ്ങൾക്കും പരിഹാരം കുടിയാണ് അശ്വഗന്ധ.
സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കും
സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന മരുന്നാണ് അശ്വഗന്ധ. സമ്മർദ്ദ ഫലമായി ശരീരത്തിലുണ്ടാകുന്ന ഹോർമോണായ കോർട്ടിസോളിനെ ഇത് നിയന്ത്രിക്കാൻ സഹായിക്കുന്നു. കോർട്ടിസോൾ കുറയ്ക്കുന്നതിലൂടെ, നമ്മുടെ ഉത്കണ്ഠ കുറയ്ക്കാനും മൊത്തത്തിലുള്ള മാനസിക ക്ഷേമം മെച്ചപ്പെടുത്താനും സഹായിക്കും.
ഓർമ്മശക്തി കൂട്ടും
തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മശക്തിയും മെച്ചപ്പെടുത്താൻ അശ്വഗന്ധ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നാഡീകോശങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും ഇതിന് കഴിയും, ഓർമ്മശക്തി പ്രശ്നങ്ങൾ പോലുള്ള അവസ്ഥകൾ ഒരു പരിധിവരെ കൈകാര്യം ചെയ്യുന്നതിന് അശ്വഗന്ധ ഗുണം ചെയ്യും.
പ്രതിരോധശേഷി വർദ്ധിപ്പിക്കും
അശ്വഗന്ധ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വെളുത്ത രക്താണുക്കളുടെയും മറ്റ് രോഗപ്രതിരോധ ഉപാധികളുടെയും ശരീരത്തിലെ ഉത്പാദനത്തെ ഇത് ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുന്നു
ആരോഗ്യമുള്ള വ്യക്തികളിലും ടൈപ്പ് 2 പ്രമേഹമുള്ളവരിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ അശ്വഗന്ധ സഹായിക്കും. ഇത് ഇൻസുലിൻ നിയന്ത്രിക്കുകയും, അതുവഴി കോശങ്ങൾക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യാനും രക്തത്തിലെ പഞ്ചസാര ഫലപ്രദമായി നിയന്ത്രിക്കാനും പറ്റുന്നു.
ഉറക്കം മെച്ചപ്പെടുത്തുന്നു
അശ്വഗന്ധ നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു ഇതുവഴി ഉറക്കം മെച്ചപ്പെടുത്താൻ സാധിക്കും. ഉറക്കമില്ലായ്മ അനുഭവിക്കുന്ന വ്യക്തികൾ, ഉത്കണ്ഠ സമ്മർദ്ദം എന്നിവ കാരണം ഉറക്കമില്ലായ്മ അനുഭവിക്കുന്നവർ എന്നിവർക്കെല്ലാം ഗുണകരമായിരിക്കും.
പുരുഷ ഹോർമോൺ വർധിപ്പിക്കും
പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് കൂട്ടാനും അതുവഴി വിവാഹിതർ അനുഭവിക്കുന്ന പ്രത്യുത്പാദന പ്രശ്നങ്ങൾക്കും ഒരു പരിധി വരെ പരിഹാരം ലഭിക്കും.
( Disclaimer: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായതും , വിവിധ ഹെൽത്ത് സൈറ്റുകൾ, ബ്ലോഗുകൾ എന്നിവയിൽ പ്രസിദ്ധീകരിച്ചതുമായ വിവരങ്ങളാണ് ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല, എന്ത് തരത്തിലുള്ള മരുന്നുപയോഗത്തിനും ഡോക്ടർമാരെ സമീപിക്കുക)