കാട്ടുപൂച്ചയെ കഴിച്ചതിനാൽ കുട്ടിയ്ക്ക് അമിതരോമ വളർച്ചയെന്ന് അമ്മ; ഒരു കുട്ടിക്കുകൂടി വെയർ വൂൾഫ് സിൻഡ്രം സ്ഥിരീകരിച്ചു
ഒരു ബില്ല്യണ്‍ ആളുകളെ എടുത്താല്‍ അതില്‍ ഒരാള്‍ക്ക് മാത്രം സ്ഥിരീകരിക്കുന്ന അപൂര്‍വ്വ രോഗമാണിത്.
ന്യൂഡൽഹി: ശരീരം മുഴുവന്‍ മൃഗങ്ങളുടേതിനു സമാനമായ രോമങ്ങള്‍ വളരുക. മുഖവും മറ്റും രോമങ്ങള്‍ നിറഞ്ഞ് വിരൂപമാവുക. അത്യപൂര്‍വ്വ രോഗം ആഗോള തലത്തില്‍ത്തന്നെ വളരെ ചുരുക്കം ചിലര്‍ക്കേ വരൂ. അത്തരത്തില്‍ ഒരു കുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും രോമമുള്ള കുട്ടി എന്നു വിശേഷിപ്പിക്കുന്ന ഫിലിപ്പീന്‍സിലെ അപയാവോ സ്വദേശിയായ ജരന്‍ ഗാമോംഗന്‍ എന്ന ആണ്‍കുട്ടിക്കാണ് അത്യപൂര്‍വ്വ രോഗമായ വെയര്‍ വൂള്‍ഫ് സിന്‍ഡ്രം സ്ഥിരീകരിച്ചത്. അമിത രോമവളര്‍ച്ച കാരണം ചെന്നായയുടേതിനു സമാനമായ മുഖമാണ് കുട്ടിക്കുള്ളത്. ഗര്‍ഭകാലത്ത് കാട്ടുപൂച്ചയെ കഴിച്ചതിനാലാണ് ഇങ്ങനെ ഒരു രോഗം വന്നതെന്നാണ് കുട്ടിയുടെ അമ്മയുടെ വിശ്വാസം. അതിനാല്‍ ഇതൊരു ശപിക്കപ്പെട്ട ഗര്‍ഭമാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ കാട്ടുപൂച്ചയെ കഴിച്ചതിനാല്‍ ഇങ്ങനെ ഒരു രോഗാവസ്ഥ ഉണ്ടായതല്ല എന്നും അത് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഈ വിവരങ്ങൾ അറിഞ്ഞതിനു ശേഷവും കുട്ടിയുടെ അമ്മ പഴയ ചിന്താഗതിയില്‍ നിന്നു മാറാതെ കുറ്റപ്പെടുത്തല്‍ തുടരുകയാണ്.
മുഖത്തും പുറംഭാഗത്തും കഴുത്തിലും കൈകളിലുമെല്ലാം അമിത രോമവളര്‍ച്ചയോടെയാണ് കുട്ടി ജനിച്ചത്. ഇത് ഹൈപ്പര്‍ട്രൈക്കോസിസ് എന്ന രോഗമാണെന്നാണ് കുട്ടിയെ പരിശോധിച്ചതിനു ശേഷം വിദഗ്ധര്‍ പറയുന്നത്. ഒരു ബില്ല്യണ്‍ ആളുകളെ എടുത്താല്‍ അതില്‍ ഒരാള്‍ക്ക് മാത്രം സ്ഥിരീകരിക്കുന്ന അപൂര്‍വ്വ രോഗമാണിത്. ചൂടുകാലങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി കുട്ടി പരാതി പറയുന്നുണ്ടെന്ന് അമ്മ അറിയിച്ചു. കൂടാതെ മുടി കൂടുതലായി വളരുന്നത് ബുദ്ധിമൂട്ടുണ്ടാക്കുന്നു. മുറിച്ചാലും വീണ്ടും വേഗത്തില്‍ മുടി വളരുന്നുണ്ട്.
ലേസര്‍ ചികിത്സയിലൂടെ രോമം നീക്കം ചെയ്യുന്നത് ഇതിനു പ്രതിവിധിയായി ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ഒരു രോഗിക്ക് നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ പത്ത് സെഷനുകള്‍ ആവശ്യമായി വന്നേക്കാം.
എന്താണ് ഹൈപ്പര്‍ട്രൈക്കോസിസ്
വെയർവൂൾഫ് സിൻഡ്രമെന്നാണ് ഹൈപ്പര്‍ട്രൈക്കോസിസ് പരക്കെ അറിയപ്പെടുന്നത്. ഇതിന് പ്രത്യേക ചികിത്സകൾ ഒന്നുമില്ല. ശരീരത്തിലുണ്ടാകുന്ന അമിത രോമവളർച്ചയാണ് ഇതിന്റെ ലക്ഷണം. ചില ജീനുകളുടെ അസാധാരണമായ പ്രവർത്തനങ്ങളും മറ്റ് ഹോർമോണൽ വ്യതിയാനങ്ങളുമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണമായി വിദഗ്ധർ പറയുന്നത്.
യു.എസ് ഗവൺമെന്റിന് കീഴിലുള്ള നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ റിപ്പോർട്ട് അനുസരിച്ച് 50 ആളുകളിലാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളത്. പുരുഷന്മാരിലും സ്ത്രീകളിലും രോഗം കാണപ്പെടാം. ശരീരത്തില്‍ മുഴുവനായി ബാധിക്കുന്നതും ചില ഭാഗങ്ങളിൽ മാത്രം ബാധിക്കുന്നതുമായ രണ്ട് തരത്തിൽ ഇവ കാണപ്പെടാറുണ്ട്.
ഭക്ഷണ ക്രമക്കേടുകൾ, മരുന്ന്, പോഷകാഹാരക്കുറവ്, കാൻസർസ്വയം, രോഗപ്രതിരോധ വ്യവസ്ഥകൾ എന്നവയും ഇതിന്റെ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലേസർ ഹെയർ റിമൂവൽ, ഡിപിലേറ്ററി ക്രീം, ഇലക്ട്രോലിസിസ് എന്നിവ ഉപയോഗിച്ച് രോമം നീക്കം ചെയ്യുക എന്നതിൽ കവിഞ്ഞ് മറ്റു ചികിത്സാ മാർഗങ്ങളൊന്നുമില്ല. ജന്മനാ തന്നെ ഈ രോഗം ബാധിക്കുന്നവരുണ്ട്. ഇത് ജനിതക പരമായ പ്രശ്നങ്ങൾ കാരണമാണ്. ഇത് ജീവഹാനി വരുത്തില്ലെങ്കിലും രോഗികൾക്ക് ഏറെ ബുദ്ധമൂട്ടുണ്ടാക്കാറുണ്ട്.
ഇന്ത്യയിലും വൂൾഫ് സിൻഡ്രം
ഇന്ത്യയിലും വൂൾഫ് സിൻഡ്രം ബാധിച്ച ഒരാളുണ്ട്. മധ്യപ്രദേശുകാരനായ ലളിത് പാതിദാർ എന്ന പതിനേഴുകാരനാണ് ഈ അത്യപൂർവ്വ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. കയ്യിലും മുഖത്തും തിങ്ങിനിറഞ്ഞ് രോമം വളർന്ന ലളിതിന്റെ ചിത്രവും ജീവിതവുമാണ് സോഷ്യൽ മീഡിയ കുറച്ചുകാലം മുമ്പ് ചർച്ച ചെയ്തിരുന്നു. മധ്യപ്രദേശിലെ നന്ദിലേത ഗ്രാമത്തിലുള്ള ലളിത് രോഗബാധയേത്തുടർന്ന് ആറാം ക്ലാസ് മുതൽ മറ്റുള്ളവരുടെ പരിഹാസം ഏറ്റുവാങ്ങുകയാണ്.