യാത്രക്കാരെ ‘വെള്ളം കുടിപ്പിച്ച്’ റെയിൽവേ നേടുന്നത് കോടികൾ
റെയിൽനീരിനുവേണ്ടി ഇന്ത്യയിലെ 14 ബോട്ടിലിങ് പ്ലാന്റുകളിൽ ദിവസം 18.40 ലക്ഷം ബോട്ടിലുകൾ ഉത്പാദിപ്പിക്കുന്നു. കേരളത്തിലെ പാറശ്ശാല ഉൾപ്പെടെ ആറു പ്ലാന്റുകളുണ്ട്.
കണ്ണൂർ: ദക്ഷിണ റെയിൽവേയിൽ കുടിവെള്ളം വിറ്റ് വൻലാഭമുണ്ടാക്കുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ 99 ലക്ഷം ബോട്ടിലുകളാണ് റെയിൽവേ വിറ്റത്. ഇതിലൂടെ നേടിയത് 14.85 ലക്ഷം രൂപയാണ്. തീവണ്ടികളിലും റെയിൽവേ സ്‌റ്റേഷനുകളിലും വിൽക്കാൻ 2003-ൽ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.) നിയന്ത്രണത്തിൽ വന്നതാണ് ‘റെയിൽനീർ’ എന്നപേരിലുള്ള കുപ്പിവെള്ളം. റെയിൽവേസ്റ്റേഷനുകളിൽ ഒരു ലിറ്ററിന്റെ 59 ലക്ഷം ബോട്ടിലുകൾ വിറ്റതായാണ് കണക്ക്. ദക്ഷിണറെയിൽവേയിൽ ഓടുന്ന 630 തീവണ്ടികളിലായി ഒരു ലിറ്ററിന്റെ 40 ലക്ഷം കുപ്പിവെള്ളമാണ് വിറ്റത്. ഒരുലിറ്റർ റെയിൽനീരിന് 15 രൂപയാണ് വില. വന്ദേഭാരത്, ശതാബ്ദി വണ്ടികളിൽ ടിക്കറ്റ് നിരക്കിനൊപ്പം ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ പണം റെയിൽവേ ഈടാക്കുന്നുണ്ട്.
റെയിൽനീരിനുവേണ്ടി ഇന്ത്യയിലെ 14 ബോട്ടിലിങ് പ്ലാന്റുകളിൽ ദിവസം 18.40 ലക്ഷം ബോട്ടിലുകൾ ഉത്പാദിപ്പിക്കുന്നു. കേരളത്തിലെ പാറശ്ശാല ഉൾപ്പെടെ ആറു പ്ലാന്റുകളുണ്ട്. ദക്ഷിണ റെയിൽവേയിൽ പലൂർ(ചെന്നൈ) പ്ലാന്റിൽ പ്രതിദിനം 1.80 ലക്ഷം ബോട്ടിൽ വെള്ളം ഉത്പാദിപ്പിക്കാം. പാറശ്ശാലയിൽ പ്രതിദിനം 72,000 ബോട്ടിൽ ആണ് ശേഷി. കേരളത്തിലെ രണ്ട് വന്ദേഭാരതുകളിൽ ഒരു ദിവസം 4500 ലധികം ബോട്ടിലുകൾ യാത്രക്കാർക്ക് നൽകുന്നുണ്ട്. വെള്ളം വിറ്റ് ദിവസം 65,000 രൂപ റെയിൽവേ നേടുന്നു. വെള്ളത്തിന് തീവിലയാണ്വെള്ളം വാങ്ങാൻ റെയിൽവേയും കോടികൾ നൽകുന്നുണ്ട്. തീവണ്ടികളിൽ വെള്ളം നിറയ്ക്കാൻ ഫില്ലിങ് സ്റ്റേഷനുകളിൽ കോടികളുടെ അധികച്ചെലവാണ് വരുന്നത്.
ജല അതോറിറ്റിയുടെ 2028 മാർച്ച് മുതലുള്ള പുതിയ നിരക്ക് പ്രകാരം ആയിരം ലിറ്ററിന് 14.10 രൂപയുടെ വർധനയാണ് വന്നിട്ടുള്ളത്. മംഗളൂരു മുതൽ നാഗർകോവിൽ വരെ പ്രധാന ഫില്ലിങ് സ്റ്റേഷനുകളിൽ ഭൂരിഭാഗം വണ്ടികളുടെ ടാങ്കിലും ജല അതോറിറ്റിയുടെ വെ ള്ളമാണ് നിറയ്ക്കുന്നത്. വണ്ടി പുറപ്പെടുന്നതും യാർഡിൽ വെക്കുന്നതുമായ കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം, കൊച്ചുവേളി, എറണാകുളമടക്കം സ്റ്റേഷനുകളിൽ പ്രതിദിനം 7-10 ലക്ഷം ലിറ്റർ വെള്ളം ആവശ്യമുണ്ട്. ഇതിന് ഒരു വർഷം ശരാശരി 1.50 കോടി രൂപവരെ അടയ്ക്കുന്നു.