അബ്ദുൽ റഹീമിന്റെ മോചനത്തിനായി സൗദി കോടതിയിലെ തുടർ നടപടികൾക്ക് ഇന്ന് തുടക്കമാകും
ഈദ് അവധി കഴിഞ്ഞ് തുറക്കുന്ന കോടതിയിൽ രേഖകൾ സമർപ്പിക്കാനാണ് ശ്രമം. മോചനത്തിനായുള്ള ദയാധനം തയാറാണെന്ന കത്ത് നൽകിയിട്ടുണ്ട്.
കോഴിക്കോട്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുൾ റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 34 കോടി രൂപ ദയാധനം, ഇന്ത്യന്‍ എംബസിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് റഹീം നിയമസഹായ കമ്മിറ്റി ഇന്ന് ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. അബ്ദുൽ റഹീമിന്റെ മോചനത്തിനായി സൗദി കോടതിയിലെ തുടർ നടപടികൾക്ക് ഇന്ന് തുടക്കമാകും. ഈദ് അവധി കഴിഞ്ഞ് തുറക്കുന്ന കോടതിയിൽ രേഖകൾ സമർപ്പിക്കാനാണ് ശ്രമം. മോചനത്തിനായുള്ള ദയാധനം തയാറാണെന്ന കത്ത് നൽകിയിട്ടുണ്ട്. സൗദി കുടുംബത്തിന്റെ സമ്മതപത്രം ഔദ്യോഗികമായി ലഭിക്കുന്നതോടെ നടപടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. കേസിന്റെ നടപടികളുടെ ഭാഗമായി ഇരു വിഭാഗത്തിന്റെയും അഭിഭാഷകർ ഇന്ന് ഹാജരാകും.
രണ്ടു ദിവസത്തിനകം പണം എംബസിയിലേക്ക് കൈമാറാനുള്ള ശ്രമത്തിലാണ്. മൂന്നു ബാങ്കുകളുടെ അക്കൗണ്ടുകള്‍ വഴിയായിരുന്നു ഇത്രയും വലിയ തുക സമാഹരിച്ചത്. കോടതിയുടെ അനുമതി കൂടി ലഭിച്ചാല്‍ എംബസി വഴിയാണ് തുക സൗദി കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് നല്‍കുക. കോടതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ശ്രമം നടക്കുന്നുണ്ട്. റഹീം തിരിച്ചു വരുന്നത് വരെ ഫണ്ട് സമാഹരണത്തിനായി രൂപീകരിച്ച ട്രസ്റ്റ് നിലനിര്‍ത്താനാണ് തീരുമാനം. അക്കൗണ്ടില്‍ അധികമായി ലഭിച്ച തുക എന്തു ചെയ്യണമെന്നതില്‍ പിന്നീട് തീരുമാനമെടുക്കും.
പണം കൈമാറാനുള്ള അക്കൗണ്ട് തുറക്കൽ, മറ്റു നടപടികൾ എന്നിവ ഊർജിതമായി നടക്കുകയാണ്. രേഖകൾ തയാറാക്കലും സൂക്ഷ്മ പരിശോധനയും കഴിഞ്ഞതായി റിയാദിൽ റഹീം നിയമ സഹായ സമിതി ഭാരവാഹികൾ പറഞ്ഞു.
ഫറോക്കിൽ ഓട്ടോ ഡ്രൈവറായിരുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം 2006 നവംബർ 28ന് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലേക്ക് പോയി ഒരു മാസത്തിനകമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്‌പോണ്‍സര്‍ അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ശഹ്‌രിയുടെ ശാരീരിക വൈകല്യമുള്ള മകന്‍ അനസ് അല്‍ ശഹ്‌രിയുടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ കൈതട്ടി അനസിന് ബോധം നഷ്ടമാവുകയും പിന്നീട് മരിക്കുകയുമായിരുന്നു. റിയാദ് കോടതി റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചു. ഇന്ത്യൻ എംബസിയും സർവകക്ഷി സമിതിയും അഭിഭാഷകരെ നിയോഗിച്ച് കേസിൽ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. പിന്നീട് വലിയ സമ്മർദങ്ങൾക്കൊടുവിലാണ് ഏപ്രിൽ 16നകം പതിനഞ്ച് മില്യൺ റിയാൽ (34 കോടി രൂപ) ദിയ തന്നാൽ മാപ്പ് നൽകാമെന്ന് സൗദി കുടുംബം അറിയിച്ചത്. ഇന്ത്യൻ എംബസി മുഖേനെ ഈ വിവരം റഹീമിന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു. ധനസമാഹരണം 34 കോടി കവിഞ്ഞെന്നും പണം പിരിക്കുന്നത് അവസാനിപ്പിച്ചെന്നും അബ്ദു റഹീം നിയമ സഹായ ട്രസ്റ്റ് ചെയർമാൻ കെ. സുരേഷ് കുമാറും ജനറൽ കൺവീനർ കെ.കെ. ആലിക്കുട്ടിയും അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ടുവരെ അക്കൗണ്ടുകളിൽ 32.52 കോടി രൂപ എത്തി. വിവിധ സംഘടനകൾ സമാഹരിച്ച തുകയും ബോബി ചെമ്മന്നൂർ വാഗ്ദാനം ചെയ്ത ഒരുകോടി രൂപയും കൂടി ഉൾപ്പെടുത്തിയതോടെ ആകെ 34,45,46,568 രൂപയായി. ഇതോടെയാണ് പിരിവ് നിർത്തിയത്.