Kerala Rain: ഗൂഗിൾ മാപ്പ് വീണ്ടും ചതിച്ചു…; കൈവരിയില്ലാത്ത പാലത്തിൽനിന്ന് കാർ പുഴയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Google Map Misguided: കാറിലുണ്ടായിരുന്ന പുല്ലൂർ സ്വദേശി തസ്രിഫ്, അമ്പലത്തറ സ്വദേശി അബ്ദുൾ റഷീദ് എന്നിവർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.
കാസർകോട്: സംസ്ഥാനത്ത് മഴക്കെടുതി (Kerala Rain) രൂക്ഷമായി തുടരുന്നതിനിടെ വീണ്ടും ഗൂഗിൾമാപ്പ് (Google Map Misguided) അപകടം. കാസർകോട് (Kasaragod) മലയോര ഹൈവേ എടപ്പറമ്പ് കോളിച്ചാൽ റീച്ചിൽ കൈവരിയില്ലാത്ത പാലത്തിൽ നിന്നാണ് കാർ പുഴയിലേക്ക് മറിഞ്ഞത്. കാറിലുണ്ടായിരുന്ന പുല്ലൂർ സ്വദേശി തസ്രിഫ്, അമ്പലത്തറ സ്വദേശി അബ്ദുൾ റഷീദ് എന്നിവർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രിപെയ്ത ശക്തമായ മഴയിൽ പള്ളഞ്ചി പൈപ്പ് പാലത്തിന് മുകളിലൂടെയാണ് പുഴ കരകവിഞ്ഞ് വെള്ളം ഒഴുകിക്കൊണ്ടിരുന്നത്. വെള്ളമൊഴുകുമ്പോഴും പാലത്തിൻ്റെ ആകൃതി തെളിഞ്ഞു കണ്ടതിനാൽ വാഹനം മുൻപോട്ട് എക്കുകയായിരുന്നെന്നാണ് യാത്രക്കാർ പറയുന്നത്. പരിചയമില്ലാത്ത വഴിയായതിനാൽ ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവർ സഞ്ചരിച്ചത്.
പൊടുന്നനെ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ കാർ പാലത്തിൽനിന്ന് തെന്നിനീങ്ങി പുഴയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടയുടൻ യാത്രക്കാരിലൊരാൾ കാറിനകത്തുനിന്നുതന്നെ കുറ്റിക്കോലുള്ള അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഇതിനിടയിൽ ശക്തമായ ഒഴുക്കിൽ കാർ ഒഴുകിത്തുടങ്ങിയതോടെ ഗ്ലാസ് തുറന്ന് ഇരുവരും വെളിയിലെത്തുകയും നീന്തി പുഴയുടെ നടുവിലുള്ള മരത്തിൽ പിടിച്ച് നിൽക്കുകയും ചെയ്യുകയായിരുന്നു.
സംരക്ഷിത വനമേഖലയാണ് പുഴയുടെ ഇരുകരയും. അഗ്നിരക്ഷാസേനയുടെ വാഹനത്തിൻ്റെ സൈറൺ കേട്ടാണ് പ്രദേശവാസികൾ സംഭവമറിയുന്നത്. സേനയെത്തുമ്പോൾ പുഴയ്ക്ക് നടുവിൽ മരത്തിൽ പിടിച്ച് നിൽക്കുകയായിരുന്നു ഇരുവരും. നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന അംഗങ്ങൾ അതിസാഹസികമായി ഇരുവരെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.
ALSO READ: ഇന്ന് പള്ളിക്കൂടത്തിൽ പോകണ്ട; കനത്ത മഴയിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
അപ്പോഴേക്കും കാർ നൂറ് മീറ്ററോളം ദൂരേയ്ക്ക് ഒഴുകിപ്പോയിരുന്നു. പരിക്കുകളില്ലാതെ യാത്രക്കാരെ രക്ഷിക്കാനായെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. വനഭൂമി വിട്ടുകൊടുക്കാത്തതിനാൽ മലയോര ഹൈവേയിലെ നിർമ്മാണം തടസ്സപ്പെട്ട സ്ഥലത്താണ് അപകടമുണ്ടായത്.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. അതിശക്തമായ മഴയെ തുടർന്ന് വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലും ഇരിട്ടി താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
മലപ്പുറം ചെമ്പ്രശ്ശേരിയിൽ മഴയിൽ വീട് തകർന്ന് വീണു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. കോഴിക്കോട് ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ശക്തമായ കാറ്റിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നതായാണ് റിപ്പോർട്ട്. ചാലിയർ പുഴയുടെ കുറുകെയുള്ള ഊർക്കടവ് റെഗുലേറ്റർ ബ്രിഡ്ജിന്റെ 17 ഷട്ടറുകളും ഉയർത്തി. കോട്ടയം കുമരകത്ത് ഇന്നലെ രാത്രിയിൽ ഉണ്ടായ കാറ്റിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.