5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

5 മാസം പ്രായമുള്ള നാരായണ മൂർത്തിയുടെ ചെറു മകന് 4 കോടിയുടെ ഇൻഫോസിസ് ലാഭവിഹിതം ലഭിക്കും

കമ്പനിയുടെ നാലാം പാദഫലങ്ങൾ പ്രഖ്യാപിക്കവെയാണ് ഇൻഫോസിസ്, ഒരു ഓഹരിക്ക് ആകെ 28 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചത്.

5 മാസം പ്രായമുള്ള നാരായണ മൂർത്തിയുടെ ചെറു മകന് 4 കോടിയുടെ ഇൻഫോസിസ് ലാഭവിഹിതം ലഭിക്കും
aswathy-balachandran
Aswathy Balachandran | Updated On: 20 Apr 2024 11:39 AM

ബം​ഗളുരു: ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ നാരായണ മൂർത്തിയുടെ കൊച്ചു മകൻ ഏകാഗ്ര റോഹൻ മൂർത്തിക്ക് ലഭിക്കുന്ന ലാഭവിഹിതം നാല് കോടി രൂപ എന്ന് കണക്കുകൾ. അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനാണ് നാല് കോടി രൂപയുടെ ലാഭവിഹിതം ലഭിക്കുന്നത്. കഴിഞ്ഞ മാസം നാരായണമൂർത്തി തന്റെ പേരക്കുട്ടിക്ക് 15 ലക്ഷം ഇൻഫോസിസ് ഓഹരികൾ സമ്മാനമായി നൽകിയിരുന്നു. ഈ ഓഹരികളിൽ നിന്നുള്ള ലാഭവിഹിതമാണ് നാലുകോടിയോളം. നാരായണ മൂർത്തി- സുധാമൂർത്തി ദമ്പതിമാരുടെ മകനാണ് രോഹൻ മൂർത്തി. രോഹൻ മൂർത്തി – അപർണ ദമ്പതിമാരുടെ പുത്രനായി കഴിഞ്ഞ വർഷം നവംബർ 10ന് ബെംഗളൂരുവിലാണ് ഏകാഗ്രയുടെ ജനനം.

കമ്പനിയുടെ നാലാം പാദഫലങ്ങൾ പ്രഖ്യാപിക്കവെയാണ് ഇൻഫോസിസ്, ഒരു ഓഹരിക്ക് ആകെ 28 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതിൽ അന്തിമ ലാഭവിഹിതമായ 20 രൂപയും, പ്രത്യേക ലാഭവിഹിതമായ 8 രൂപയും ഉൾപ്പെടുന്നു. ഈ ലാഭവിഹിതം നൽകുന്നതിനുള്ള റെക്കോർഡ് ഡേറ്റായി നിശ്ചയിച്ചിരിക്കുന്നത് 2024 മെയ് 31ാം തിയ്യതിയാണ്. ജൂലൈ 1 മുതൽ പേയ്മെന്റുകൾ നൽകിത്തുടങ്ങും.
കഴിഞ്ഞ മാസം നാരായണ മൂർത്തി തന്റെ കൊച്ചു മകന് 15 ലക്ഷം ഇൻഫോസിസ് ഓഹരികൾ നൽകിയത് വാർത്തയായിരുന്നു. ഇത് കമ്പനിയിലെ 0.4% ഓഹരി പങ്കാളിത്തമാണ്. നിലവിലെ കമ്പനിയുടെ ഓഹരിവില ഏകദേശം 1400 രൂപയാണ്. ഇത്തരത്തിൽ സമ്മാനമായി നൽകിയ ഓഹരികളുടെ മൂല്യം ഇപ്പോൾ 210 കോടി രൂപയാണ്. ഇത് കൂടാതെയാണ് ലാഭവിഹിതം. അടുത്തൊന്നും കുഞ്ഞ് ഈ ഓഹരികൾ വില്പന നടത്തുകയില്ലെന്നത് കണക്കിലെടുക്കുമ്പോൾ ഏകദേശം 4.2 കോടി രൂപയാണ് ലാഭവിഹിതമായി ഏകാഗ്രയ്ക്ക് ലഭിക്കുന്നത്. അടുത്തിടെയാണ് സുധാമൂർത്തിക്ക് രാജ്യസഭാ എംപിയായി നാമനിർദേശം ലഭിച്ചത്. മൂന്ന് പേരക്കുട്ടികളാണ് നാരായണ മൂർത്തി-സുധാമൂർത്തി ദമ്പതിമാർക്കുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെയും, നാരായണ മൂർത്തിയുടെ മകളായ അക്ഷതാ മൂർത്തിയുടെയും മക്കളായ കൃഷ്ണ, അനൗഷ്ക എന്നിവരാണ് മറ്റു രണ്ട് പേർ. 2023 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഇൻഫോസിസിൽ അക്ഷതാ മൂർത്തിക്ക് 1.05%, രോഹൻ മൂർത്തിക്ക് 1.64%, സുധാമൂർത്തിക്ക് 0.93% എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം.