Vlogger Couple Death: ‘വിടപറയും നേരം’, ആറ് മണിക്കൂർ നീണ്ട അവസാന യൂട്യൂബ് ലൈവ്; യൂട്യൂബര്‍ ദമ്പതിമാർ മരിച്ചനിലയിൽ
Vlogger Couple Death: ഈ മാസം 25 ന് പോസ്റ്റ് ചെയ്‌ത വീഡിയോയിൽ ജീവനൊടുക്കാൻ പോകുന്നതിന്റെ സൂചനകളുണ്ടായിരുന്നു. 'വിട പറയുകയാണെൻ ജന്മം' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും വിവിധ ഫോട്ടോകൾ ചേർത്ത് നിർമ്മിച്ച വീഡിയോയാണ് ഇവർ അവസാനമായി ചാനലിൽ പോസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: പാറശാലയിൽ ദമ്പതികൾ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. സെല്ലൂസ് ഫാമിലി എന്ന പേരിലുളള യൂട്യൂബ് ചാനൽ ഉടമയായ ചെറുവാരക്കാണം പ്രീതു ഭവനിൽ പ്രിയ (37), ഭർത്താവ് സെൽവരാജ് (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോട് കൂടി വീട്ടിലെത്തിയ മകനാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
എറണാകുളത്ത് ഹോം നഴ്‌സിങ്ങ് ട്രെയിനിയായി പ്രവർത്തിക്കുന്ന മകൻ ശനിയാഴ്ച രാവിലെ മുതൽ ഇരുവരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെ മകൻ വീട്ടിലേക്ക് വരികയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ മകൻ കണ്ടത് ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലും എന്നാൽ വീടിന്റെ മുൻവശത്തെ കതക് ചാരിയ നിലയിലുമായിരുന്നു. ഇതോടെ വീടിനുളളിൽ നടത്തിയ പരിശോധനയിൽ കിടപ്പ് മുറിയിലെ കട്ടിലിൽ പ്രിയയെ മരിച്ച നിലയിലും ഇതേ മുറിയിൽ തന്നെ സെൽവരാജിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.
പ്രിയാ ലത യൂട്യൂബ് ചാനൽ നടത്തിയിരുന്നു. യൂട്യൂബിൽ സജീവമായിരുന്ന പ്രിയ പ്രധാനമായും കുക്കറി വീഡിയോകളായിരുന്നു ചാനലിൽ ഇട്ടിരുന്നത്. പക്ഷേ ഈ മാസം 25 ന് പോസ്റ്റ് ചെയ്‌ത വീഡിയോയിൽ ജീവനൊടുക്കാൻ പോകുന്നതിന്റെ സൂചനകളുണ്ടായിരുന്നു. ‘വിട പറയുകയാണെൻ ജന്മം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും വിവിധ ഫോട്ടോകൾ ചേർത്ത് നിർമ്മിച്ച വീഡിയോയാണ് ഇവർ അവസാനമായി ചാനലിൽ പോസ്റ്റ് ചെയ്തത്.
പൊതുവെ രാത്രിയിൽ യൂട്യൂബിൽ ലൈവ് വന്നിരുന്ന പ്രിയ വ്യാഴാഴ്ചയാണ് അവസാനമായി ലൈവിലെത്തിയത്. അവസാന രണ്ട് ദിവസങ്ങളിൽ നാല് മണിക്കൂറും ആറ് മണിക്കൂറും നീണ്ട നിൽക്കുന്ന ലൈവാണ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുളളത്. വ്യാഴാഴ്ച രാത്രിയിൽ പോസ്റ്റ് ചെയ്ത അവസാനത്തെ ലൈവ് വീഡിയോയിലും വളരെ സന്തോഷവതിയായിട്ടാണ് പ്രിയയെ കണ്ടത്. സുഹൃത്തുക്കളോട് സന്തോഷത്തോടെ പാടിയും പറഞ്ഞുമുള്ള നിമിഷങ്ങൾ. കമന്റ് ബോക്സിൽ എത്തുന്ന മേസേജുകൾക്ക് മറുപടി നൽകിയുമായിരുന്നു അന്ന് വീഡിയോ അവസാനിപ്പിച്ചത്. എന്നാൽ പിന്നീട് പ്രിയയേയും ഭർത്താവ് സെൽവരാജിനേയും കാണുന്നത് മരിച്ച നിലയിലായിരുന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)