Youth Stabbed for Refusing Lift: സുഹൃത്തിന് ലിഫ്റ്റ് നൽകിയില്ല; തിരുവനന്തപുരത്ത് യുവാവ് ബൈക്ക് യാത്രികനെ കുത്തി
Youth Stabbed by Friend with Scissors in Thiruvallam: അഭിയെ മൂന്ന് വട്ടം കത്രിക ഉപയോഗിച്ച് കുത്തിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അനന്തുവിനെ നഗരത്തിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: സുഹൃത്തിന് ലിഫ്റ്റ് നൽകാത്തതിൽ പ്രകോപിതനായ യുവാവ് ബൈക്ക് യാത്രികനെ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിന് ശേഷം അവിടെ നിന്നും രക്ഷപെട്ടു പോയ സംഘത്തിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിത്തടം ശാന്തിപുരം സ്വദേശി അനന്തുവിനെ ആണ് തിരുവല്ലം പോലീസ് കഡസ്റ്റഡിയിൽ എടുത്തത്. തിരുവല്ലം പുഞ്ചക്കരിക്കടുത്തുള്ള ചെമ്മണ്ണുവില വീട്ടിൽ അഭി എന്ന 18കാരനാണ് കുത്തേറ്റത്. ഫെബ്രുവരി 13ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.
വണ്ടിത്തടത്ത് നിന്ന് പാച്ചല്ലൂർ ദേവീക്ഷേത്രത്തിലെ തൂക്ക നേർച്ച കാണുന്നതിന് വേണ്ടി അനന്തു സുഹൃത്തുക്കളുമൊത്ത് നടന്നു വരികയായിരുന്നു. ഈ സമയത്താണ് അഭി ബൈക്കിൽ വരുന്നത്. അഭിയോട് തന്റെ കൂടെ ഉണ്ടായിരുന്ന യുവതിക്ക് ലിഫ്റ്റ് നൽകണം എന്ന് അനന്തു ആവശ്യപ്പെട്ടു. എന്നാൽ, അഭി പറ്റില്ലെന്ന് പറഞ്ഞു. ഇതിൽ പ്രകോപിതനായ അനന്തു കൈയിൽ ഉണ്ടായിരുന്ന കത്രികയെടുത്ത് അഭിയുടെ പുറത്ത് നിരവധി തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
അഭിയെ മൂന്ന് വട്ടം കത്രിക ഉപയോഗിച്ച് കുത്തിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അനന്തുവിനെ നഗരത്തിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോൾ അനന്തുവിനൊപ്പം ഉണ്ടായിരുന്നവർക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ALSO READ: കണ്ണൂർ ഇരിട്ടിയിൽ കാറുകൾ കൂട്ടിയിടിച്ചു; മാപ്പിളപ്പാട്ട് കലാകാരൻ ഫൈജാസ് ഉളിയിലിന് ദാരുണാന്ത്യം
വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് കലാകാരൻ ഫൈജാസ് ഉളിയിൽ മരിച്ചു
ഇരിട്ടി പുന്നാട് ടൗണിന് സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാപ്പിളപ്പാട്ട് കലാകാരൻ ഫൈജാസ് ഉളിയിൽ (38) മരിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറുകളിലെ മറ്റ് യാത്രക്കാർക്കും പരിക്കേറ്റു. ഇരിട്ടിയിൽ നിന്നും അഗ്നിശമനസേന സ്ഥലത്തെത്തിയാണ് കാറിൽ കുടുങ്ങിയ ഫൈജാസിനെ പുറത്തെടുത്തത്. ഉടൻ മട്ടന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഫൈജാസ് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ചക്കരക്കല്ല് സ്വദേശികൾ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഫൈജാസ് സഞ്ചരിച്ച കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. അഗ്നിശമനസേനയുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫൈജാസിനെ കാറിൽ നിന്ന് പുറത്തെടുക്കാനായത്. ചക്കരക്കല്ല് സ്വദേശികൾ സഞ്ചരിച്ച കാറിൽ അഞ്ച് പേർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ പ്രദേശത്ത് അപകടങ്ങൾ പതിവാണെന്നാണ് റിപ്പോർട്ട്.