Sobha Surendran: ‘ശോഭ സുരേന്ദ്രന് കോൺഗ്രസിലേക്ക് സ്വാഗതം’; പോസ്റ്റ് വൈറൽ
Sobha Surendran: ബിജെപി സംസ്ഥാന അധ്യക്ഷ പദം വീണ്ടും നഷ്ടപ്പെട്ടതിന് പിന്നാലെ ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസ് നേതാവ്. രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സമർപ്പണത്തിൽ നിന്ന് ശോഭാ സുരേന്ദ്രൻ വിട്ട് നിന്നതും ചർച്ചയായി.

sobha surendran
ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസ് നേതാവ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ. ബിജെപി സംസ്ഥാന അധ്യക്ഷ പദം ശോഭാ സുരേന്ദ്രന് വീണ്ടും നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ക്ഷണം. ശോഭ സുരേന്ദ്രന്റെ ചിത്രത്തോടൊപ്പം ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതം’എന്നെഴുതി ഹാരിസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
രാജീവ് ചന്ദ്രശേഖരനെ സംസ്ഥാന അധ്യക്ഷനാക്കിയതിൽ ശോഭാ സുരേന്ദ്രന് വിയോജിപ്പുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സമർപ്പണത്തിൽ നിന്ന് വിട്ട് നിന്നതും ചർച്ചയായി. അതേസമയം രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളെന്നും അദ്ദേഹം സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നുമാണ് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചത്.
അദ്ദേഹം പുതിയ ആളല്ല. കേന്ദ്ര മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിസാരം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ബിജെപി അതിശക്തമായി മുന്നോട്ട് പോകുമെന്നും ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. വാഹനമെത്താന്‍ വൈകിയതിനാലാണ് രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സമര്‍പ്പണത്തിന് എത്താനാകാതെ വന്നതെന്നും ശോഭ വിശദീകരിച്ചു. ചില തൽപ്പര കക്ഷികൾ തന്നെ ടാർഗറ്റ് ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.
കേരളത്തിൽ ബിജെപിയെ നയിക്കാൻ മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറെയാണ് കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. നാമനിർദേശ പത്രിക ഇന്ന് നൽകിയെങ്കിലും നാളെ നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും ഉടൻ നടക്കാനിരിക്കെയാണ് മാറ്റം. കെ. സുരേന്ദ്രൻ വീണ്ടും പ്രസിഡന്റായി തുടരുമെന്നാണ് പ്രചരിച്ചിരുന്നത്. കൂടാതെ എം.ടി രമേശ്, ശോഭാ സുരേന്ദ്രൻ, വി. മുരളീധരൻ എന്നിവരുടെ പേരുകളും സാധ്യത പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ അവസാനം കേന്ദ്ര നേതൃത്വം രാജീവിനെ തിരഞ്ഞെടുക്കുകയായിരുന്നു.