Fire attack in Kasaragod: പരാതി നൽകിയതിൽ പക; കടയിലിട്ട് തീകൊളുത്തി, യുവതിക്ക് ദാരുണാന്ത്യം
Fire attack in Kasaragod: 50 ശതമാനത്തിലേറെ പൊള്ളലേറ്റ രമിതയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പ്രതി തമിഴ് നാട് സ്വദേശി രാമാമൃതയെ പൊലീസ് അറസ്റ്റ് ചെയ്തു.

കാസർഗോഡ്: തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്ത് പലചരക്ക് കട നടത്തിയിരുന്ന സി.രമിത(32)യാണ് മരിച്ചത്. രമിതയുടെ കടയ്ക്ക് സമീപം ഫർണീച്ചർ കട നടത്തുന്ന തമിഴ്നാട് സ്വദേശി രാമാമൃത (57) ആണ് രമിതയെ തീകൊളുത്തിയത്. ദേഹത്തു തിന്നറൊഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രതിയെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു.
സ്ഥിരമായി മദ്യപിച്ച് കടയിലെത്തി ബഹളമുണ്ടാക്കുന്നതിനാൽ രമിത, രാമാമൃതയെ പറ്റി കെട്ടിട ഉടമയോട് പരാതിപ്പെട്ടിരുന്നു. തുടർന്ന് രാമാമൃതയോട് കട ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതിലെ വിരോധത്തിന്റെ പേരിലാണ് രമിതയെ ആക്രമിച്ചതെന്നാണ് വിവരം.
ഈ മാസം 8ന് ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ രാമാമൃത തിന്നർ രമിതയുടെ ദേഹത്ത് ഒഴിച്ച് കയ്യിൽ കരുതിയ പന്തത്തിന് തീകൊളുത്തി എറിയുകയായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ രമിതയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാല്‍, അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നതിനാൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.