പോലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി; യുവാവ് മരിച്ചു
130 ഗ്രാം എംഡിഎംഎ കൈവശം ഉണ്ടായിരുന്നുവെന്നും അത് വിഴുങ്ങിയെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു.

കോഴിക്കോട്: പോലീസിനെ കണ്ട് കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് ഇയ്യാടൻ ഷാനിദ് (28) ആണ് മരിച്ചത്. പോലീസിനെ കണ്ടതും സാനിദ് എംഡിഎംഎ പൊതി വിഴുങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പോലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാനിദ് വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് പറഞ്ഞതോടെ ആണ് പോലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 130 ഗ്രാം എംഡിഎംഎ കൈവശം ഉണ്ടായിരുന്നു എന്നും അത് വിഴുങ്ങിയെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വയറ്റിൽ നിന്ന് ലഹരി പദാർത്ഥങ്ങൾ കണ്ടെത്തി. വെളുത്ത തരികൾക്കൊപ്പം രണ്ട് കവറുകളും എൻഡോസ്കോപ്പി പരിശോധനയിൽ കണ്ടെത്തി.
വയറിനുള്ളിലെ പ്ലാസ്റ്റിക് സാന്നിധ്യം ആണോ അതോ അമിത അളവിൽ ലഹരി പദാർത്ഥങ്ങൾ ശരീരത്തിൽ ചെന്നതാണോ മരണ കാരണം എന്നത് വ്യക്തമല്ല. പോസ്റ്റ്മോർട്ടം ചെയ്തതിന് ശേഷമേ ഇത് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി. ഓമശ്ശേരി കരിമ്പാലക്കുന്ന് സ്വദേശിയാണ് മരിച്ച സാനിദ്.