Man Cut Girl’s Hair: നവരാത്രി ആഘോഷത്തിനിടെ പെണ്‍കുട്ടിയുടെ മുടി മുറിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം
Man Cut Girl's Hair: വേദിയിൽ കലാപാരിപാടികൾ നടക്കുന്നതിനിടെയിലാണ് യുവാവ് പെൺകുട്ടിയുടെ മുടി മുറിച്ചത്.
ആലപ്പുഴ: നവരാത്രി ആഘോഷത്തിനിടെ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി. കലവൂര്‍ പ്രീതികുളങ്ങരയില്‍ ചിരിക്കുടുക്ക ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ ആഘോഷങ്ങള്‍ക്കിടയില്‍ ആയിരുന്നു സംഭവം. നഴ്സിങ് വിദ്യാർത്ഥിനിയായ 19കാരിയുടെ മുടിയാണ് മുറിച്ചെടുത്തത്. വേദിയിൽ കലാപാരിപാടികൾ നടക്കുന്നതിനിടെയിലാണ് യുവാവ് പെൺകുട്ടിയുടെ മുടി മുറിച്ചത്.
സംഭവം കണ്ട് പെൺകുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് യുവാവ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജമാക്കി. പരിപാടി കണ്ട് കൊണ്ടിരുന്ന പെൺകുട്ടിയുടെ പുറകില്‍ നിന്ന് ഇയാള്‍ ബഹളം വച്ചതോടെ മാറിനില്‍ക്കാന്‍ പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നീട് അസ്വഭാവികത തോന്നിയ യുവതി മുടിയില്‍ പിടിച്ചു നോക്കിയപ്പോഴാണ് മുറിച്ചതായി മനസ്സിലായത്. ഇതോടെ മാതാപിതാക്കളോടൊപ്പം മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
പ്രീതികുളങ്ങരയില്‍ തന്നെയുള്ള ആളാണ് അതിക്രമം കാട്ടിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ 42 കാരനാണിത്. അതേസമയം അക്രമം നടത്തിയത് അയല്‍വാസിയെന്നും സംശയമുണ്ട്. അയല്‍വാസിയുടെ വീട്ടുകാരും പെൺകുട്ടിയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കം ഉണ്ട്. ഇതിലുള്ള വിരോധമാണോ ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് സംശയം.