Crime News: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച്, ദൃശ്യങ്ങൾ അച്ഛനും സഹോദരനും അയച്ചുകൊടുത്തു: യുവാവ് അറസ്റ്റിൽ
ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം മിഥുന്റെ ഫോൺ ലൊക്കേഷൻ കണ്ടെത്തുകയും ശനിയാഴ്ച മാവേലിക്കര പുല്ലാരിമംഗലത്തെ അമ്മായിയുടെ വാടക വീട്ടിൽ നിന്ന് മിഥുനെ പിടികൂടുകയുമായിരുന്നു
പത്തനംതിട്ട: നഴ്സിംഗ് വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള് മൊബൈലിൽ പകർത്തി അച്ഛനും സഹോദരനും അയച്ചുകൊടുത്ത യുവാവ് അറസ്റ്റിൽ. തിരുവല്ല കുട്ടപ്പുഴ സ്വദേശി മിഥുൻ രമേശിനെ (21) ആണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. മാന്നാർ സ്വദേശിനിയായ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങളാണ് മിഥുൻ മൊബൈൽ ഫോണിൽ പകർത്തിയത്. മാന്നാർ സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടിലെ കുളി മുറിയിൽ നിന്നടക്കം പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് മിഥുൻ കുട്ടിയെ നിരന്തരമായി ഭീക്ഷണിപ്പെടുത്തുന്നുണ്ടായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ യുവതിയുടെ പിതാവിനും സഹോദരനും വാട്ട്സ്ആപ്പ് വഴി അയയ്ക്കുകയും ചെയ്തു. വെള്ളിയാഴ്ച മിഥുൻ പെൺകുട്ടിയെ ഹോട്ടലിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നും പോലീസ് പറഞ്ഞു.
പരാതി ലഭിച്ചതിന് പിന്നാലെ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം മിഥുന്റെ ഫോൺ ലൊക്കേഷൻ കണ്ടെത്തുകയും ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ മാവേലിക്കര പുല്ലാരിമംഗലത്തെ അമ്മായിയുടെ വാടക വീട്ടിൽ നിന്ന് മിഥുനെ പിടികൂടുകയുമായിരുന്നു. ഞായറാഴ്ച രാവിലെയാണ് മിഥുന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും അശ്ലീല ചിത്രങ്ങൾ കണ്ടെത്തുകയും ചെയ്തു.
വിശദമായ പരിശോധനക്ക് പോലീസ് മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയെ തുടർന്ന് ഐടി ആക്ട്, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ പത്തനംതിട്ട ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിയ ശേഷം പത്തനംതിട്ട സബ് ജയിലിലേക്ക് റിമാന്ഡ് ചെയ്തു.
തിരുവല്ല ഡിവൈ.എസ്.പി പി.എസ് ആഷാദിന്റെ മേൽനോട്ടത്തിൽ പുളിക്കീഴ് ഇൻസ്പെക്ടർ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്.ഐ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ എ.എസ്.ഐ രാജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഒമരായ നവീൻ, അഖിൽ, അലോക്, സുദീപ് കുമാർ എന്നിവരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.