M. T. Vasudevan Nair : എം.ടിയുടെ പൊതുദർശനം ‘സിതാരയിൽ’ സംസ്കാരം ഇന്ന് വെെകിട്ട്

MT Vasudevan Nair Funeral: എഴുത്തിന്റെ കുലപതിയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ സിതാരയിലേക്ക് നിരവധി പേരാണ് എത്തുന്നത്. ഈ പശ്ചാത്തലത്തിൽ എംടിയുടെ വീട് സ്ഥിതി ചെയ്യുന്ന കൊട്ടാരം റോഡ് അടച്ചു.

M. T. Vasudevan Nair : എം.ടിയുടെ പൊതുദർശനം സിതാരയിൽ സംസ്കാരം ഇന്ന് വെെകിട്ട്

Mt Vasudevan Nair

Updated On: 

26 Dec 2024 08:48 AM

കോഴിക്കോട്: എഴുത്തിന്റെ പെരുന്തച്ചൻ എംടി വാസുദേവൻ നായർക്ക് വിട നൽകാനൊരുങ്ങി കേരളം. മലയാള ഭാഷയുടെ അലങ്കാരം, അഴക്, ആഴവുമെല്ലാം ലോകത്തെ അറിയിച്ച അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ മൃതദേഹം വീട്ടിലെത്തിച്ചു. നടക്കാവ് കൊട്ടാരം റോഡിലെ വീടായ സിതാരയിലാണ് എംടിയുടെ പൊതുദർശനം ഉൾപ്പെടെ നടക്കുന്നത്. ഇന്ന് വൈകിട്ട് നാലര വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വൈകിട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും. തൻ്റെ മരണാന്തര ചടങ്ങുകൾ എങ്ങിനെയായിരിക്കണം എന്ന് എം ടി നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്കാര ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.

എഴുത്തിന്റെ കുലപതിയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ സിതാരയിലേക്ക് നിരവധി പേരാണ് എത്തുന്നത്. ഈ പശ്ചാത്തലത്തിൽ എംടിയുടെ വീട് സ്ഥിതി ചെയ്യുന്ന കൊട്ടാരം റോഡ് അടച്ചു. റോഡിലേക്ക് ഇന്ന് സംസ്കാര ചടങ്ങുകൾ പൂർത്തിയാകുന്നത് വരെ വാഹനങ്ങൾക്ക് പ്രവേശനമില്ല. അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തുന്നവർ വാഹനം മറ്റ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. വയനാട്- കോഴിക്കോട് റോഡിൽ ബ്ലോക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി.

കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം സ്ഥിരീകരിച്ചത്. 11 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഇന്നലെ രാത്രി പത്തോടെയാണ് മരണം സ്ഥിരീകരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്
ഈ മാസം 15 നാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടായി. കഴിഞ്ഞ നാല് ​ദിവസമായി ആരോ​ഗ്യനിലയിൽ പുരോ​ഗതി ഉണ്ടായിരുന്നില്ല. എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് (ഡിസംബർ 26) ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

ഏഴ് പതിറ്റാണ്ടിലേറെ നീണ്ട് നിന്ന എഴുത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. സാധാരണക്കാർക്കും ബുദ്ധിജീവികൾക്കും ഒരുപോലെ കടന്നുചെല്ലാൻ സാധിക്കുന്ന എഴുത്തുകളായിരുന്നു എംടിയുടെ പേനയിൽ നിന്ന് പിറന്നത്. രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, വള്ളത്തോൾ പുരസ്കാരം, ജെ സി ഡാനിയേൽ പുരസ്കാരം ഉൾപ്പെടെ നൽകി എംടിയെ ആദരിച്ചിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡിന് നാല് തവണയും അർഹനായി. 11 തവണ സംസ്ഥാന ചലച്ചിത്ര അവാർഡും നേടി. മൂന്ന് തവണ മലയാളത്തിലെ മികച്ച സംവിധയകനുമായി. നിർമ്മാല്യം ഉൾപ്പെടെ ആറ് സിനിമകളാണ് എംടി സംവിധാനം ചെയ്തത്.

മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റ് അധ്യക്ഷൻ തുടങ്ങിയ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം