Kasargod Girl Death: വിഐപിയുടെ മകളായിരുന്നുവെങ്കില്‍ പോലീസ് ഇങ്ങനെ ചെയ്യുമോ?; കാസര്‍കോട് പെണ്‍കുട്ടിയുടെ മരണത്തില്‍ ഹൈക്കോടതി

High Court Reacts To Kasargod Girl's Death: പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ മാര്‍ച്ച് 11ന് ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹാജരാകണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

Kasargod Girl Death: വിഐപിയുടെ മകളായിരുന്നുവെങ്കില്‍ പോലീസ് ഇങ്ങനെ ചെയ്യുമോ?; കാസര്‍കോട് പെണ്‍കുട്ടിയുടെ മരണത്തില്‍ ഹൈക്കോടതി

കേരള ഹൈക്കോടതി

Published: 

10 Mar 2025 14:22 PM

കൊച്ചി: കാസര്‍കോട്ടെ പെണ്‍കുട്ടിയുടെ മരണത്തില്‍ പോലീസിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. നിയമത്തിന് മുന്നില്‍ വിഐപിയും തെരുവില്‍ താമസിക്കുന്നവരുമെല്ലാം തുല്യരാണെന്ന് കോടതി വ്യക്തമാക്കി. വിഐപിയുടെ മകളായിരുന്നുവെങ്കില്‍ പോലീസ് ഇങ്ങനെ പ്രവര്‍ത്തിക്കുമോ എന്നും കോടതി ചോദിച്ചു.

പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ മാര്‍ച്ച് 11ന് ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹാജരാകണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

കഴിഞ്ഞ ദിവസമാണ് കാസര്‍കോട് പൈവളിഗെയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും 42 കാരനായ അയല്‍വാസിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനഞ്ചുകാരിയും അയല്‍വാസിയായ പ്രദീപുമാണ് മരിച്ചത്. പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

രണ്ടുപേരുടെയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫെബ്രുവരി 12നായിരുന്നു പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. അന്നേ ദിവസം തന്നെ പ്രദീപിനെയും കാണാതായിരുന്നു.

പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് പതിനഞ്ചുകാരി. മകളെ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മുതല്‍ വീട്ടില്‍ കാണാനില്ലെന്നായിരുന്നു പിതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഇളയ സഹോദരിയാണ് ചേച്ചിയെ കാണാനില്ലെന്ന വിവരം ആദ്യ കുടുംബത്തെ അറിയിച്ചത്.

വീടിന്റെ പിന്‍വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനോട് ചേര്‍ന്ന പ്രദേശത്തെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കോള്‍ എടുത്തില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഫോണ്‍ ഓഫായി.

Also Read: Kasargod Death: കാസര്‍കോട്ടെ പതിനഞ്ചുകാരിയുടെയും, യുവാവിന്റെയും മരണം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്‌

യുവാവിനെയും കാണാതായതോടെ പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച 52 അംഗ പോലീസ് സംഘവും നാട്ടുകാരും ചേര്‍ന്ന നടത്തിയ തെരച്ചിലാണ് ഫലം കണ്ടത്.

ഓട്ടോ ഡ്രൈവറാണ് മരിച്ച പ്രദീപ്. പലപ്പോഴും പെണ്‍കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിട്ടിരുന്നത് പ്രദീപായിരുന്നു. എന്നാല്‍ എന്താണ് ഇരുവരുടെയും മരണത്തിന് കാരണമായതെന്ന വിവരം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.

Related Stories
വേനൽകാലത്ത് കഴിക്കാം തണ്ണിമത്തൻ കുരു
ദഹനക്കേട് അകറ്റാന്‍ ഇവ കഴിക്കൂ
വെറുംവയറ്റിൽ ഏത്തപ്പഴം കഴിക്കല്ലേ! നല്ലതല്ല
അമിതമായാൽ ഗ്രീൻ ടീയും ആപത്ത്! കുടിക്കേണ്ടത് ഇത്രമാത്രം