Worker Death: മരക്കൊമ്പ് ശരീരത്തിൽ കുത്തികയറി, രക്തം വാർന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം
Worker Death: കൊമ്പുകൾ വെട്ടുന്നതിനിടെ ശക്തമായ കാറ്റ് വീശുകയും മരക്കൊമ്പ് കണ്ണന്റെ തുടയിൽ കുത്തി കയറുകയുമായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പാലക്കാട്: മരക്കെമ്പ് ശരീരത്തിൽ കുത്തിക്കയറി, രക്തം വാർന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം. കയറാടി സ്വദേശി കണ്ണൻ (51) ആണ് മരിച്ചത്. മംഗലംഡാം മണ്ണെണ്ണക്കയത്ത് മരം മുറിക്കുന്നതിനിടെയാണ് സംഭവം.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്ക് മരത്തിന്റെ കൊമ്പുകൾ മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊമ്പുകൾ വെട്ടുന്നതിനിടെ ശക്തമായ കാറ്റ് വീശുകയും മരക്കൊമ്പ് കണ്ണന്റെ തുടയിൽ കുത്തി കയറുകയുമായിരുന്നു.
മരത്തിൽ നിന്ന് പിടിവിട്ട് പോയെങ്കിലും രക്ഷയ്ക്കായി അരയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിക്കിടന്നു. കയറിൽ പിടിച്ച് മരക്കൊമ്പിൽ ഇരുന്നെങ്കിലും മുറിവിൽ നിന്ന് രക്തം വാർന്ന് കൊണ്ടിരുന്നു.
35 അടി ഉയരത്തിലായിരുന്ന കണ്ണനെ വടക്കാഞ്ചേരി അഗ്നിരക്ഷാ സേനയും മംഗലംഡാം പൊലീസും വനപാലകരും എത്തിയാണ് താഴെയിറക്കിയത്. നാല് മണിയോടെ കണ്ണനെ താഴെയിറക്കിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.