Crime News : തിരുവനന്തപുരത്ത് യുവതി കുത്തേറ്റ് മരിച്ച നിലയില്‍; ഇന്‍സ്റ്റഗ്രാം സുഹൃത്തിനായി തിരച്ചില്‍
Kadinamkulam Murder News : രാവിലെ 11.30-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് രാജീവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയിക്കുന്നു. രാവിലെ 8.30-ഓടെ ആതിര മകനെ സ്‌കൂളിലേക്ക് പറഞ്ഞയച്ചിരുന്നു. ഇതിന് ശേഷമാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണം തുടങ്ങി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ പൊലീസ് തിരയുന്നുണ്ട്. ആതിരയുടെ സ്‌കൂട്ടറും കാണാനില്ല
തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശിനി ആതിര(30) ആണ് മരിച്ചത്. രാവിലെ 11.30-ഓടെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയിക്കുന്നു. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരിയായ ഭര്‍ത്താവ് രാജീവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.30-ഓടെ ആതിര മകനെ സ്‌കൂളിലേക്ക് പറഞ്ഞയച്ചിരുന്നു. ഇതിന് ശേഷമാണ് സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായി യുവാവിനെ പൊലീസ് തിരയുന്നുണ്ട്. ആതിരയുടെ സ്‌കൂട്ടറും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.
അറുതിയില്ലാത്ത ക്രൂരതകള്‍
അതേസമയം, കണ്ണൂര്‍ നടുവില്‍ വലിയരീക്കമലയില്‍ യുവാവിനെ ബന്ധുവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ചപ്പിലിവീട്ടിൽ അനീഷ് (42) ആണ് മരിച്ചത്. അനീഷിന്റെ ബന്ധുവും അയൽവാസിയുമായ ചപ്പിലി പദ്മനാഭൻ (55), മകൻ ജിനൂപ് (25) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രിയാണ് അനീഷ് ബന്ധുവീട്ടിലേക്ക് പോയത്. തിങ്കളാഴ്ച രാത്രിയിലാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കുഞ്ഞിരാമനാണ് അനീഷിന്റെ പിതാവ്. മാതാവ്: ജാനകി. ഭാര്യ: ദീപ. മക്കൾ: അശ്വതി, അർച്ചന.
അതിനിടെ എറണാകുളംമ പട്ടിമറ്റത്ത് യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ രണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. ചേലക്കുളം സ്വദേശിനി നിഷയാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ ഭര്‍ത്താവ് നാസറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read Also : നവജാത ശിശുവിൻ്റെ ശരീരത്തിൽ സൂചി തറച്ചുകയറിയ സംഭവം; ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ കേസ്
കണ്ണൂരിൽ അമ്മയും മകനും മരിച്ച നിലയിൽ
കണ്ണൂരില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാലൂര്‍ നിട്ടാറമ്പിലാണ് സംഭവം നടന്നത്. ഇടുക്കി മറയൂരിൽ കെഎസ്ഇബി ജീവനക്കാരനായ സുമേഷ് പറമ്പൻ(38), അമ്മ നിർമ്മല (66) എന്നിവരാണ് മരിച്ചത്. നിര്‍മ്മലയെ കിടക്കയില്‍ മരിച്ച നിലയിലും, സുമേഷിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 19 മുതല്‍ ഇവരുടെ വീട്ടില്‍ ആളനക്കം ഇല്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ പൊലീസിനെ അറിയിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.