Kannur Woman Missing: കണ്ണൂരിൽ യുവതിയെ കാണാതായിട്ട് പത്ത് ദിവസം; തിരച്ചിൽ തുടരുന്നു, തണ്ടർബോൾട്ട് രംഗത്ത്
Woman Missing in Kannur Kannavam Forest: കണ്ണൂർ കണ്ണവം വനത്തിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് പത്ത് ദിവസം. കണ്ണവം പോലീസ്, വനം വകുപ്പ്, ഡോഗ് സ്‌ക്വാഡ്, ഡ്രോൺ ക്യാമറ, തണ്ടർബോൾട്ട് സേന, നാട്ടുകാർ എന്നിവർ ചേർന്ന് യുവതിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ചെറുവാഞ്ചേരി: കണ്ണവം ഉന്നതിയിൽ നിന്ന് കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരും. ഇന്ന് നാട്ടുകാരും, വിവിധ സംഘടനകളും ചേർന്ന് തിരച്ചിൽ നടത്തും. പത്ത് ദിവസമായി തുടർച്ചായി തിരച്ചിൽ നടത്തിയിട്ടും യാതൊരു തുമ്പും ലഭിക്കാത്തതിൽ ആശങ്കയിലാണ് നാട്ടുകാർ. കണ്ണവം പോലീസ്, വനം വകുപ്പ്, ഡോഗ് സ്‌ക്വാഡ്, ഡ്രോൺ ക്യാമറ, തണ്ടർബോൾട്ട് സേന, നാട്ടുകാർ തുടങ്ങിയർ ചേർന്ന് ഇത്രയും നാൾ തിരച്ചിൽ നടത്തിയിട്ടും ഇതുവരെ യുവതിയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
വനത്തിൽ വന്യമൃഗ സാന്നിധ്യം ഉണ്ടാകും എന്നതിനാൽ ഉൾവനങ്ങളിൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ തണ്ടർബോൾട്ട് സേന തിരച്ചിൽ നടത്തി വരികയാണ്. കണ്ണവം വനത്തിന് സമീപമുള്ള പന്ന്യോട്, നരിക്കോട്ടുമാല, കോളയാട് ചങ്ങല ഗേറ്റ് ഭാഗം, എടയാർ എന്നിവിടങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. പന്ന്യോട് ഭാഗത്ത് കൂടി ഒരു സ്ത്രീ നടന്നു പോകുന്നതായി കണ്ടിരുന്നുവെന്ന് നാട്ടുകാരിൽ ഒരാൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പന്ന്യോട് ഭാഗത്ത് തിരച്ചിൽ നടത്തിയത്.
കൂടാതെ, കണ്ണവം ഇൻസ്‌പെക്ടർ കെ വി ഉമേഷിന്റെ നേതൃത്വത്തിൽ ക്വിക്ക് റെസ്പോൺസ് ടീം, വനം വകുപ്പ് ഉൾപ്പടെ 30ഓളം പേരാണ് ദിവസേന തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെങ്ങളത്ത് നാട്ടുകാരെയും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിക്കൊണ്ട് സംയുക്ത യോഗം നടത്തിയിരുന്നു. യോഗത്തിൽ ആധുനിക സൗകര്യത്തോടെ തിരച്ചിൽ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു.
ഇതിന് പിന്നാലെയാണ് തണ്ടർബോൾട്ട് സേനയും തിരച്ചിലിനായി സ്ഥലത്തെത്തിയത്. വന്യജീവി മേഖല ഉൾപ്പെടുന്ന പ്രദേശങ്ങളിൽ, അല്ലെങ്കിൽ ഉൾവനങ്ങളിൽ തിരച്ചിൽ നടത്താൻ സാധാരണയായി ഇത്തരം സായുധ പോലീസ് സേന അംഗങ്ങളെയാണ് തിരച്ചിലിനായി നിയോഗിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളിൽ പ്രത്യേക പരിശീലനം നേടിയ 12 തണ്ടർ ബോൾട്ട് അംഗങ്ങളാണ് തിരച്ചിലിനായി എത്തിയിരിക്കുന്നത്. ഡ്രോൺ ക്യാമറ ഉപയോഗത്തിൽ പരിശീലനം നേടിയ സ്പെഷ്യൽ ഒപ്പേറഷൻ ഗ്രൂപ്പും സ്ഥലത്തെത്തി വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.
കാണാതായ സിന്ധു വിറക് ശേഖരിച്ചു വെച്ച അറക്കൽ എന്ന സ്ഥലത്ത് നിന്ന് പോലീസ് നായ മണം പിടിച്ച് ഇളമാങ്കൽ വഴി ഏകദേശം നാല് കിലോമീറ്ററോളം വനത്തിലേക്ക് സഞ്ചരിച്ച് പറമ്പുക്കാവിൽ എത്തിയിരുന്നു. ആ പ്രദേശം മുഴുവൻ പോലീസും, വനം വകുപ്പ് ജീവനക്കാരും, നാട്ടുകാരും, ഊർജിതമായി തിരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല.
കണ്ണൂർ കണ്ണവം വനത്തിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ ഡിസംബര്‍ 31നാണ് കാണാതായത്. കണ്ണവം പൊരുന്നന്‍ ഹൗസില്‍ സിന്ധുവിനെയാണ് കാണാതായത്. പതിവ് പോലെ വിറക് ശേഖരിക്കാന്‍ വനത്തിനുള്ളില്‍ പോയ സിന്ധു പിന്നീട് മടങ്ങിവന്നില്ല. ഇതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. മാനസിക പ്രയാസമുള്ളയാളാണ് സിന്ധു. അതിദയനീയാവസ്ഥയിലാണ് സിന്ധു കഴിഞ്ഞിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഒറ്റയ്ക്ക് ജീവിച്ച് ശീലം ഉള്ള വ്യക്തിയായതു കൊണ്ട് തന്നെ കാട്ടിൽ ദൂരെ എവിടെയെങ്കിലും ഒറ്റയ്ക്ക് കഴിയുന്നതിനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. യുവതിക്കായുള്ള തിരച്ചിൽ ഇനിയും തുടരും.