Tiger Attack in Mananthavady: മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; സ്ഥലത്ത് സംഘർഷാവസ്ഥ
Woman Killed in Tiger Attack: പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഇവരുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ്.
വയനാട്: വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽ പെട്ട ഇവർ പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഇവരുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ്.
കാട്ടിനുള്ളിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. മാനന്തവാടി പോലീസിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വനംവകുപ്പ് ഉദ്യേഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അതേസമയം സംഭവസ്ഥലത്ത് പ്രദേശവാസികള്‍ വനംവകുപ്പിനെതിരേ പ്രതിഷേധിക്കുകയാണ്.നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. മന്ത്രി ഒ.ആർ.കേളു സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മന്തിക്കെതിരെയും ശക്തമായ ജനരോഷമാണ് ഉയരുന്നത്. ജനങ്ങളെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. അതേസമയം കടുവയെ വെടിവെയ്ക്കാന്‍ ജില്ലാഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.
പുൽപള്ളി അമരക്കുനിയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി ഒൻപത് ദിവസം കഴിഞ്ഞപ്പോഴാണ് മറ്റൊരു കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. ഈ വർഷം ആദ്യമാണു വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ മനുഷ്യൻ കൊല്ലപ്പെടുന്നത്.