Malappuram Asma Death: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ
Malappuram Asma Death Case: ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ഇതിനു മുൻപ് അസ്മയുടെ ഭർത്താവ് സിറാജ്ജുദ്ദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ അഞ്ചാം പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഒരാൾ കൂടി പോലീസ് കസ്റ്റഡിയിൽ. അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ഇതിനു മുൻപ് അസ്മയുടെ ഭർത്താവ് സിറാജ്ജുദ്ദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അസ്മയെ വീട്ടില്‍ വച്ച് പ്രസവിക്കാൻ മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും ചുമത്തിയാണ് സിറാജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം അസ്മയുടെ മരണത്തിൽ പോസ്റ്റമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പ്രസവ ശേഷം ചികിത്സ നൽകിയിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ഇതിനു പുറമെ മരണം അതി ദാരുണമെന്നാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലെ പ്രസവത്തിൽ അസ്മ മരിച്ചത്. അഞ്ചാം പ്രസവമായിരുന്നു അസ്മയുടേത്. ഇതിൽ ആദ്യത്തെ രണ്ട് കുട്ടികളെ ആശുപത്രിയിൽ വച്ചും പിന്നീട് ഉണ്ടായ മൂന്ന് കുട്ടികളെ വീട്ടിൽ വച്ചുമാണ് പ്രസവിച്ചത്. വൈകിട്ടോടെ പ്രസവിച്ച അസമ മൂന്ന് മണിക്കൂറോളം വേദന സഹിച്ചാണ് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. പ്രസവിച്ചതിനു ശേഷം പരിചരണം നൽകിയില്ലെന്നും ഇത് നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
അസ്മയും ഭർത്താവ് സിറാജുദ്ദിനും അക്യൂപഞ്ചർ പഠിച്ചിട്ടുണ്ട്. ഇതിനാൽ വേദനയില്ലാതെ പ്രസവിക്കാമെന്ന് തെറ്റിധരിപ്പിച്ചായിരുന്നു മൂന്ന് പ്രസവങ്ങളും വീട്ടില്‍ തന്നെ നടത്താന്‍ അസ്മയെ നിര്‍ബന്ധിച്ചതെന്നാണ് പോലീസ് പറയുന്നത്. സിറാജുദ്ദിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ഇതിലൂടെ അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം.