Woman Dies after Surgery: ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ കുടലിന് മുറിവേറ്റു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് പിന്നാലെ സ്ത്രീ മരിച്ചു
Woman Dies After Surgery at Kozhikode Medical College: ഈ മാസം നാലിനാണ് ഗർഭപാത്രം നീക്കുന്നതിനു വേണ്ടി വിലാസിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഏഴിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിൽ കുടലിന് ചെറിയ മുറിവേറ്റെന്ന് ഡോക്ടർമാർ അറിയിച്ചു.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭപാത്രം നീക്കം ചെയ്യുന്നതിനുളള ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ആണ് ഇന്നു പുലർച്ചെ മരിച്ചത്. ചികിത്സാപ്പിഴവ് മൂലമാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ശസ്ത്രക്രിയയ്ക്കിടെ കുടലിനു മുറിവ് പറ്റിയെന്നും ഇതാണു മരണത്തിലേക്കെത്തിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
ഈ മാസം നാലിനാണ് ഗർഭപാത്രം നീക്കുന്നതിനു വേണ്ടി വിലാസിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഏഴിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിൽ കുടലിന് ചെറിയ മുറിവേറ്റെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ പേടിക്കേണ്ട ആവശ്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. തുടർന്ന് പിറ്റേ ദിവസം തന്നെ വാർഡിലേക്കു മാറ്റി. ഞായാറാഴ്ച മുതൽ സാധാരണ ഭക്ഷണം നൽകാമെന്ന് അറിയിച്ചു. എന്നാൽ ഭക്ഷണം നൽകിയതിനു ശേഷം വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഇക്കാര്യം ഡോക്ടര്‍മാരെ അറിയിച്ചപ്പോൾ ഗ്യാസ്ട്രബിളിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മരുന്ന് നല്‍കിയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
Also Read:ഏറ്റുമാനൂർ അമ്മയുടെയും മക്കളുടെയും മരണം; പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി
എന്നാൽ വേദന കുറയാതെ വന്നതോടെ മറ്റൊരു മരുന്നു നല്‍കി. തുടർന്ന് വൈകുന്നേരത്തോടെ രോഗിയെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഡോക്ടർമാരോട് ആരോഗ്യസ്ഥിതിയെ കുറിച്ച് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് വൈകുന്നേരത്തോടെ വീണ്ടും ശസ്ത്രക്രീയ നടത്തി. കുടലില്‍ മുറിവുണ്ടായ സ്ഥലത്താണ് അണുബാധയെന്നും അണുബാധയുള്ള ഭാഗം മുറിച്ച് കളയണമെന്നാണ് പിന്നീട് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്.
എന്നാൽ ഇതിനു ശേഷം ആരോഗ്യനില വഷളായി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അണുബാധ കരളിലേക്ക് ള്‍പ്പടെ ബാധിച്ചുവെന്ന വിവരമാണ് പിന്നീട് ലഭിച്ചത്. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് അറിയിച്ചിട്ടും ഡോക്ടര്‍മാര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. കുടലിനുണ്ടായ മുറിവ് കൃത്യമായി പരിശോധിക്കാത്തതാണ് രോഗിയുടെ ആരോഗ്യസ്ഥിതി മോശമാകാനും മരണം സംഭവിക്കാനും കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചികിത്സാപ്പിഴവുണ്ടായി എന്ന് കാണിച്ച് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളേജ് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. എന്നാൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.