Wild Elephant Attack: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം, യുവാവിന് ദാരുണാന്ത്യം
Young man dies in wild elephant attack in Idukki: പ്രദേശത്ത് സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നാണ് വനം വകുപ്പിന്റെ വാദം. കോതമംഗലം ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയിലാണ് മുള്ളരിങ്ങാടും.
ഇടുക്കി: സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം. ഇടുക്കിയിൽ കാട്ടാന ആക്രണമത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് അമേൽതൊട്ടിയിൽ നടന്ന കാട്ടാന ആക്രമണത്തിൽ അമർ ഇലാഹി (22) ആണ് മരിച്ചത്. തേക്കിൻ തോട്ടത്തിൽ പശുവിനെ അഴിക്കാൻ പോയപ്പോഴുണ്ടായ കാട്ടാന ആക്രമണത്തിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൻസൂർ ഓടി രക്ഷപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തിൽ സുഹൃത്ത് മൻസൂറിനും പരിക്കേറ്റു. കാട്ടാനയുടെ ആക്രമണത്തിൽ സുഹൃത്തിന്റെ ജീവൻ അപകടത്തിലായെന്ന വിവരം മൻസൂറാണ് പ്രദേശവാസികളെ അറിയിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മൻസൂറിന്റെ പരിക്ക് ഗുരുതരമല്ല. കാരിക്കോട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് അമർ ഇലാഹിയുടെ മൃതദേഹം.
കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ചീഫ് വെെൽഡ് ലെെഫ് വാർഡനിൽ നിന്ന് വനം വകുപ്പ് റിപ്പോർട്ട് തേടി. വനം വകുപ്പിനെതിരെ പ്രദേശത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്. അമർ ഇലാഹിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കാരിക്കോട് താലൂക്ക് ആശുപത്രിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടഞ്ഞു. കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ദുരന്ത നിവാരണ വകുപ്പുമായി കൂടി ആലോചിച്ച് വേണം തീരുമാനം എടുക്കാൻ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് വെെകിട്ട് മൂന്ന് മണിയോടെയാണ് നാടിനെ പിടിച്ചു കുലുക്കിയ സംഭവം നടന്നത്. വനത്തിന് അടുത്താണ് മരിച്ച അമർ ഇലാഹിയുടെ വീട്. വനത്തിലേക്ക് പശുവിനെ അന്വേഷിച്ച് ചെന്നപ്പോഴാണ് അമറിനെയും സുഹൃത്തിനെയും കാട്ടാന ആക്രമിച്ചത്. കാട്ടാന സ്ഥലത്ത് നിൽക്കുണ്ടെന്ന കാര്യം അമർ അറിഞ്ഞിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് രണ്ട് വർഷമായി ആന ശല്യമുണ്ട്. ജനവാസ മേഖലകളിലും കൃഷി സ്ഥലത്തും നിരന്തരമായി ആനയനുടെ സാന്നിധ്യം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഉണ്ടെന്നും നാട്ടുകാർ പറഞ്ഞു.
പ്രദേശത്ത് സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നാണ് വനം വകുപ്പിന്റെ വാദം. കോതമംഗലം ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയിലാണ് മുള്ളരിങ്ങാടും. നേരത്തെ ആനകൾ പതിവായി പ്രദേശത്തെ കൃഷി നശിപ്പിച്ചിരുന്നെങ്കിലും മനുഷ്യനെ ആക്രമിക്കുന്നത് ആദ്യമായിട്ടാണെന്നാണ് വിവരം. കോതമംഗലത്തോട് ചേർന്നുള്ള പ്രദേശമാണ് മുള്ളരിങ്ങാട്. വണ്ണപ്പുറം പഞ്ചായത്ത് പരിധിയിലാണ് കാട്ടാന ആക്രമണമുണ്ടായത്. പെരിയാർ നദിയിലൂടെ നേര്യമംഗലം വന മേഖലയിലേക്ക് ആനകളെ കടത്തി വിട്ടിരുന്നു എന്നാണ് വനം വകുപ്പിന്റെ അവകാശവാദം.
ജനവാസ മേഖലയിൽ നിന്ന് ആനകളെ തുരത്തുന്ന വനം വകുപ്പിന്റെ നടപടികൾ ഇതുവരെയും പൂർത്തിയായിട്ടില്ലെന്ന് പഞ്ചായത്ത് അംഗം മാധ്യമങ്ങളോട് പ്രതികരിച്ചു. ആനകളെ താത്ക്കാലികമായി ജനവാസ മേഖലയിൽ നിന്ന് തുരത്തുന്ന നടപടി മാത്രമാണ് വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ഫെൻസിംഗ് പൂർത്തിയാകുമ്പോൾ പ്രദേശത്ത് നിന്ന് ആനകളെ തുരത്താമെന്നാണ് വനം വകുപ്പിന്റെ ഉറപ്പ്. വെെകിട്ട് അഞ്ച് മണിക്ക് ശേഷം ആനകളെ പേടിച്ച് പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു.