Wild Boar – Leaopard Fight: പത്തനാപുരത്ത് കാട്ടുപന്നിയും പുലിയും തമ്മിൽ ഏറ്റുമുട്ടി; നാട്ടുകാരെ കണ്ടതോടെ ആക്രമണം ആളുകൾക്ക് നേരെ
Wild Boar Leopard Fight In Pathanapuram : പത്തനാപുരത്ത് കാട്ടുപന്നിയും പുലിയും തമ്മിൽ ഏറ്റുമുട്ടിയെന്ന് നാട്ടുകാർ. രാത്രിയിൽ നടന്ന ഈ ഏറ്റുമുട്ടൽ പരിശോധിക്കാനിറങ്ങിയ നാട്ടുകാർക്ക് നേരെ പുലി ചീറിയടുത്തു. വനം വകുപ്പ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
പത്തനാപുരത്ത് പുലിയും പന്നിയും തമ്മിൽ ഏറ്റുമുട്ടി. പത്തനാപുരം ടൗണിനോട് ചേർന്നുള്ള കിഴക്കേഭാഗം മാക്കുളത്താണ് ഏറ്റുമുട്ടലുണ്ടായത്. രാത്രിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ ഈ അപൂർവ കൊമ്പുകോർക്കൽ എന്താണെന്നറിയാൻ നാട്ടുകാരെത്തിയപ്പോൾ പുലി നാട്ടുകാർക്കെതിരെ പാഞ്ഞടുത്തു. പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തൻ്റെ വീടിനോട് ചേർന്ന പുരയിടത്തിൽ നിന്ന് അസ്വാഭാവിക ശബ്ദം കേട്ടതോടെ മാക്കുളം പുത്തൻ പുരയ്ക്കൽ സണ്ണി നാട്ടുകാരെയും വിളിച്ച് പരിശോധിക്കാനിറങ്ങി. ടോർച്ച് വെളിച്ചത്തിലാണ് കാട്ടുപന്നിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന പുലിയെയും രക്ഷപ്പെടാൻ ശ്രമിക്കുന്ന പന്നിയെയും ജനം കണ്ടത്. നാട്ടുകാരിൽ നിന്നുള്ള വെളിച്ചം കണ്ടതോടെ പന്നിയെ ഉപേക്ഷിച്ച പുലി ഇവർക്ക് നേരെ തിരിഞ്ഞു. ആളുകൾക്ക് നേരെ ചീറിയടുത്ത പുലി ആക്രമിക്കാതെ പിൻവാങ്ങി. ഭാഗ്യം കൊണ്ടാണ് പുലി ആക്രമിക്കാതിരുന്നതെന്ന് നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും പുലിയെ കണ്ടത്താൻ കഴിഞ്ഞില്ല. പുലി സ്ഥലത്തെത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന കാൽപ്പാടോ മറ്റ് സൂചനകളോ ഒന്നും ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Also Read: Elephant Attack: വാളയാറിൽ കാട്ടാന ആക്രമണം; കൃഷി സ്ഥലത്തുവച്ച് ചവിട്ടേറ്റ കർഷകന് പരിക്ക്
അതേസമയം, ഒരു മാസത്തോളമായി ഇവിടെ പുലിയുടെ വിവാഹരകേന്ദ്രമാണെന്നാണ് നാട്ടുകാർ പറയുന്നത്. കിഴക്കേഭാഗം, മാക്കുളം, പ്ലാക്കാട്, പിടവൂർ, ചേകം, കമുകുംചേരി, ചെന്നിലമൺ മേഖലകളിൽ പുലിയെ കണ്ടവരുണ്ട്. വിവിധ സ്ഥാപനങ്ങളിലെയും വീടുകളിലുള്ള സിസിടിവികളിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. സ്ഥലത്ത് പുലിയുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പും ഇവിടെ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ചാച്ചിപ്പുന്ന കുണ്ടൻകുളം ഭാഗത്ത് പുലിയെ പിടികൂടാനുള്ള കൂടും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.
വാളയാറിൽ കാട്ടാന
പാലക്കാട് വാളയാറിൽ കാട്ടാന ആക്രമണമുണ്ടായി. കൃഷിസ്ഥലത്തിറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റ് കർഷകനായ വാളയാർ സ്വദേശി വിജയന് പരിക്കേറ്റു. കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താനെത്തിയപ്പോളാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ കാട്ടാനശല്യമുണ്ടായിരുന്നു. കാട്ടാനകൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കർഷകർ കനത്ത ജാഗ്രതയിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് ഇന്നലെ വിജയൻ്റെ കൃഷിയിടത്തിലേക്ക് കാട്ടാന എത്തിയത്. ഈ ആനയെ തുരത്തിയോടിക്കാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിതമായായിരുന്നു ആക്രമണം. വിജയനെ ഓടിച്ച കാട്ടാനെ ഇയാളെ ചവിട്ടുകയും ചെയ്തു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിജയൻ്റെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല.
കടുവ ആക്രമണത്തിൽ ഇന്ന് ഹർത്താൽ
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ജനുവരി 25, ശനിയാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫും എസ്ഡിപിഐയും. കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മണിയ്ക്ക് ആരംഭിക്കുക്ക ഹർത്താൽ വൈകിട്ട് ആറ് വരെ നീളും. ഹർത്താലിൽ നിന്ന് അവശ്യ സർവീസുകൾ ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പഞ്ചാരക്കൊല്ലിയക്കമുള്ള ഇടങ്ങളിൽ ജനുവരി 27 വരെ നിരോധനാജ്ഞയാണ്. കടുവയെ പിടികൂടുന്നതിനായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിങ്കളാഴ്ചയ്ക്കുള്ളിൽ കടുവയെ പിടികൂടാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.