5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wild Animal Attack: കാട് കയ്യേറുന്ന മനുഷ്യനും അവര്‍ക്കിടയിലെ മൃഗങ്ങളും; വന്യജീവി ആക്രമണത്തിന് കാരണം നമ്മള്‍ തന്നെയോ?

Reason Behind Wild Animal Attack: വന്യമൃഗങ്ങള്‍ തങ്ങളുടെ വാസസ്ഥലത്തേക്ക് വരുന്നു എന്ന രീതിയിലാണ് ജനങ്ങള്‍ പലപ്പോഴും ഈ വിഷയത്തെ നോക്കിക്കാണുന്നത്. എന്നാല്‍ വന്യമൃഗങ്ങള്‍ യഥാര്‍ഥത്തില്‍ മനുഷ്യന്റെ വാസസ്ഥലത്തേക്ക് വരുന്നതാണോ അല്ലെങ്കില്‍ മനുഷ്യന്‍ അവയുടെ ആവാസവ്യവസ്ഥയിലേക്ക് പോകുന്നതാണോ എന്ന ചോദ്യം ഇതോടൊപ്പം ഉയരേണ്ടതാണ്.

Wild Animal Attack: കാട് കയ്യേറുന്ന മനുഷ്യനും അവര്‍ക്കിടയിലെ മൃഗങ്ങളും; വന്യജീവി ആക്രമണത്തിന് കാരണം നമ്മള്‍ തന്നെയോ?
(Image Credits: Social Media)
shiji-mk
SHIJI M K | Updated On: 17 Dec 2024 11:08 AM

നമ്മുടെ സംസ്ഥാനത്ത് വന്യജീവി ആക്രമണവും അതേ തുടര്‍ന്നുള്ള മരണവുമെല്ലാം ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഓരോ ദിവസവും വന്യജീവി ആക്രമണത്താല്‍ ഓരോരുത്തരുടെ വീതം ജീവന്‍ നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തി. ഏറ്റവും അവസാനമായി കോതമംഗലം കുട്ടമ്പുഴ സ്വദേശിയായ എല്‍ദോസിനാണ് കാട്ടാന ആക്രമണത്തില്‍ മരണം സംഭവിച്ചിരിക്കുന്നത്.

വന്യമൃഗങ്ങള്‍ തങ്ങളുടെ വാസസ്ഥലത്തേക്ക് വരുന്നു എന്ന രീതിയിലാണ് ജനങ്ങള്‍ പലപ്പോഴും ഈ വിഷയത്തെ നോക്കിക്കാണുന്നത്. എന്നാല്‍ വന്യമൃഗങ്ങള്‍ യഥാര്‍ഥത്തില്‍ മനുഷ്യന്റെ വാസസ്ഥലത്തേക്ക് വരുന്നതാണോ അല്ലെങ്കില്‍ മനുഷ്യന്‍ അവയുടെ ആവാസവ്യവസ്ഥയിലേക്ക് പോകുന്നതാണോ എന്ന ചോദ്യം ഇതോടൊപ്പം ഉയരേണ്ടതാണ്.

കാട് കയറുന്ന മനുഷ്യര്‍

വനത്തോട് ചേര്‍ന്നുള്ള തോട്ടങ്ങളുടെയും കൃഷിഭൂമിയുടെയും വിപൂലികരണം വലിയ രീതിയിലാണ് പ്രകൃതിയെ ബാധിക്കുന്നത്. ഇത്തരത്തിലുള്ള കയ്യേറ്റങ്ങളുണ്ടാകുമ്പോള്‍ വരള്‍ച്ച, അതിവൃഷ്ടി തുടങ്ങി പലതരത്തിലുള്ള പ്രതിസന്ധികളും വന്നുചേരും. ഇതിന്റെയെല്ലാം ഫലമായാണ് മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതും.

മനുഷ്യര്‍ കാട് കയ്യേറി മുന്നോട്ടുപോകുമ്പോള്‍ അത് ഇല്ലാതാക്കുന്നത് വന്യജീവികളുടെ അതിജീവനത്തിനാവശ്യമായ ആവാസവ്യവസ്ഥയെയാണ്. ഭവിഷത്തുകളെ ചിന്തിക്കാതെയാണ് പലപ്പോഴും നമ്മുടെ സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വന്യജീവികളുടെ ഭൂമിയുടെ വിസ്തൃതി കുറയുന്നതോടെ ഭക്ഷണദൗര്‍ലഭ്യം, ജലക്ഷാമം, സഞ്ചാരപാതാശോഷണം, ഇണചേരാനുള്ള അവസരങ്ങളുടെ അപര്യാപ്ത തുടങ്ങി നിരവധി പ്രശ്നങ്ങള്‍ അവര്‍ അഭിമുഖികരിക്കേണ്ടതായി വരുന്നു.

അവരുടെ സഞ്ചാര സ്വാതന്ത്ര്യവും ജീവിതക്രമങ്ങളും താളം തെറ്റുന്നതിന്റെ അമര്‍ഷം തന്നെയാണ് പലപ്പോഴും വന്യജീവികള്‍ പ്രകടിപ്പിച്ചിട്ടുള്ളതും. വനവിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നതും കാലാവസ്ഥാ വ്യതിയാനവും കാട്ടിനുള്ളിലുള്ള ഭക്ഷ്യലഭ്യതയില്‍ വലിയ തോതിലുള്ള കുറവ് വരുത്തിയിട്ടുണ്ട്. നദികളില്‍ വെള്ളം വറ്റുന്നത് പോലെയുള്ള കാര്യങ്ങള്‍ കാട്ടുമൃഗങ്ങളെ രൂക്ഷമായി ബാധിക്കുന്നു. അത്തരത്തിലുള്ള സംഭവങ്ങളും നമ്മുടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങിവരുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണ്. ആറളം, അട്ടപ്പാടി, മണ്ണാര്‍ക്കാട്, മലക്കപ്പാറ, നിലമ്പൂര്‍, മറയൂര്‍, ചിന്നക്കനാല്‍ തുടങ്ങി താരതമ്യേന ഉയര്‍ന്ന ജനസാന്ദ്രതയുള്ള പല സ്ഥലങ്ങളിലും വന്യജീവി ആക്രമണം പതിവായി കഴിഞ്ഞിരിക്കുകയാണ്.

നിരവധി കാരണങ്ങളാണ് ഇത്തരത്തില്‍ വന്യജീവി ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളത്. അനധികൃത മരംമുറിക്കല്‍, യൂക്കാലിപ്റ്റസ്, തേക്ക് തുടങ്ങിയ ഏകവിളത്തോളങ്ങളുടെ വര്‍ധനവ്, ഖനനം, അണക്കെട്ട് നിര്‍മാനം തുടങ്ങിയ പലതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പശ്ചിമഘട്ടത്തിലെ സ്വാഭാവിക വനപരിസ്ഥിതിയെ തകിടം മറിക്കുന്നു. ഇതുമാത്രമല്ല, മാന്‍, മുയല്‍, മയില്‍ തുടങ്ങിയ ജീവികളെ വേട്ടയാടുന്നതിന്റെ അളവ് വര്‍ധിക്കുകയും തൊലി, പല്ല്, കൊമ്പ്, തൂവല്‍ എന്നിവയ്ക്കായുള്ള മനുഷ്യര്‍ നടത്തുന്ന വന്യജീവി കച്ചവടവും വെല്ലുവിളിയാകുന്നുണ്ട്.

Also Read: Kothamangalam Elephant Attack: എല്‍ദോസിനെ ആന കൊലപ്പെടുത്തിയത് മരത്തിലിടിച്ച്; കോതമംഗലത്ത് ഇന്ന് ഹര്‍ത്താല്‍

വര്‍ധിക്കുന്ന കുടിയേറ്റം

വന്യജീവി ആക്രമണത്തിന് മറ്റൊരു പ്രധാന കാരണം വനത്തിലേക്ക് മനുഷ്യര്‍ കുടിയേറി പാര്‍ക്കുന്നതാണ്. 1940 കള്‍ മുതലാണ് കേരളത്തില്‍ വനമേഖലകളിലേക്കുള്ള കുടിയേറ്റവും കയ്യേറ്റവും വ്യാപകമായി തുടങ്ങിയത്. ഓരോരുത്തരും അവര്‍ക്ക് വേണ്ട ഭൂമി നേരത്തെ കണ്ടുവെക്കുകയും അവിടെ തീയിട്ട് ഘട്ടംഘട്ടമായി കൃഷിയിടമാക്കി മാറ്റുകയുമായിരുന്നു. ഇതോടൊപ്പം മത, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനങ്ങള്‍ ഉപയോഗിച്ച് ഏക്കറുകണക്കിന് വനഭൂമി വാങ്ങിക്കുകയും അവയ്ക്ക് പട്ടയം തരപ്പെടുത്തിയുമാണ് കേരളത്തിന്റെ വനഭൂമിയില്‍ ഭൂരിഭാഗവും പലരുടെയും കയ്യിലായത്.

ഇത്തരം കുടിയേറ്റത്തിലൂടെയാണ് ഇടുക്കി, അട്ടപ്പാടി, വയനാട് എന്നീ മേഖലകളില്‍ മരച്ചീനി, രാമച്ചം, ഇഞ്ചി, കാപ്പി, വാഴ, ഏവം എന്നിവയുടെ കൃഷി ഇത്രയ്ക്ക് വ്യാപകമായത്. ഏകദേശം ഇരുപതിനായിരത്തിലധികം ഏക്കര്‍ വനഭൂമിയാണ് ഇത്തരത്തില്‍ കൃഷിയ്ക്കായി ഓരോ വര്‍ഷം വെട്ടിതെളിച്ചത്. എന്നാല്‍ ഇത്തരം ചൂഷണങ്ങള്‍ വ്യാപകമാകാന്‍ തുടങ്ങിയതോടെ വിവിധ നിയമങ്ങള്‍ കൊണ്ടുവരികയും വനപ്രദേശങ്ങള്‍ റിസര്‍വ് വനങ്ങളായി പ്രഖ്യാപിക്കാനും അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

വിദേശി സസ്യങ്ങളുടെ അധിനിവേശം

കേരളത്തിന്റെ വിവിധ മേഖലകളില്‍ ഏകവൃക്ഷ തോട്ടങ്ങള്‍ രൂപപ്പെട്ട് കഴിഞ്ഞു. കൊളോണിയല്‍ കാലഘട്ടത്തില്‍ തന്നെ കേരളത്തിലെ വനമേഖലകളില്‍ നിന്ന് നൈസര്‍ഗികമായ സസ്യങ്ങളെ ഇല്ലാതാക്കുകയും അവിടെ വിദേശികളായ സസ്യങ്ങളെ വെച്ചുപിടിപ്പികയും ചെയ്തിരുന്നു.

പുല്‍മേടുകളിലും വനനിബിഡ പ്രദേശങ്ങളിലുമെല്ലാം അതിക്രമിച്ചുകയറി അവിടുത്തെ സ്വാഭാവിക ആവാസവ്യവസ്ഥയെ ഇല്ലാതാക്കിയതോടെ അത് ബാധിച്ചത് ഈ സസ്യങ്ങളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന സസ്യഭുക്കുകളായ വന്യജീവികളെയാണ്. ഇതോടെ വന്യജീവികളുടെ ഭക്ഷണലഭ്യതയില്‍ കാര്യമായ ഇടിവ് സംഭവിച്ചു.

അരിപ്പൂ, കമ്മ്യൂണിസ്റ്റ് പച്ച, ധൃതരാഷ്ട്ര പച്ച, മഞ്ഞക്കൊന്ന, കുടമരം എന്നിങ്ങനെയുള്ള 82 ലധികം വിദേശി സസ്യങ്ങളാണ് കേരളത്തിലെ വന മേഖലകളില്‍ വളരുന്നത്. ഇവയെ വന്യജീവികള്‍ ഭക്ഷിക്കുന്നത് കുറവായത് കൊണ്ട് തന്നെ ഇവയുടെ വളര്‍ച്ച ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

സര്‍ക്കാരിന്റെ നഷ്ടപരിഹാരം

വന്യജീവി ആക്രമണങ്ങളില്‍ ഇരകളാകുന്നവരുടെ കുടുംബത്തിനും അല്ലെങ്കില്‍ വളര്‍ത്തുമൃഗങ്ങളുടെ ഉടമയ്‌ക്കോ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ട്. വന്യജീവികളുടെ ആക്രമണം മൂലം ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

സ്ഥിരം അംഗഭംഗം സംഭവിച്ചാല്‍ 2 ലക്ഷം രൂപയും പരിക്കേല്‍ക്കുന്നതിന് 1 ലക്ഷം രൂപയും ലഭിക്കുന്നതാണ്. ഇവയ്ക്ക് പുറമേ വനത്തിന് പുറത്ത് നിന്ന് പാമ്പ് കടിയേറ്റ് മരിക്കുക, കൃഷി നാശം സംഭവിക്കുക എന്നിവയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.

പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ടയാളുകള്‍ ആക്രമണങ്ങള്‍ക്ക് ഇരകളാകുമ്പോള്‍ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ നല്‍കും. കൃഷി നാശം, വീട്, കന്നുകാലികളുടെ നഷ്ടം എന്നിവയ്ക്ക് പരമാവധി ഒരു ലക്ഷം രൂപയാണ് ലഭിക്കുക. പാമ്പ് കടിയേറ്റ് മരിച്ചാല്‍ അവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും ലഭിക്കുന്നതാണ്.

Latest News