Congress Politics: മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നവർ ഒന്നും രണ്ടുമല്ല? സീറ്റു കിട്ടാഞ്ഞാൽ ഭൂകമ്പം, കോൺഗ്രസ്സിന് എന്ത് സംഭവിക്കും?
Next Chief Minister of Kerala 2026: രമേശ് ചെന്നിത്തലയുടെ ആത്മകഥ പ്രകാശനം ചെയ്ത എംകെ രാഘവൻ എംപി ഒരു കാര്യം കൂടി ചേർത്തു പറഞ്ഞു. കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയാകാൻ യോഗ്യത ആർക്കെന്ന്
ജവഹർലാൽ നെഹ്റുവിന് ശേഷം പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചവരിൽ നെഹ്റുവിൻ്റെ വസതിയിലുണ്ടായിരുന്ന ക്യാബിനറ്റ് മന്ത്രി ടിടി കെ കൃഷ്ണമാചാരിയുമുണ്ടായിരുന്നു. ഇടക്കാല പ്രധാനമന്ത്രിയുടെ ചുമതലയെങ്കിലും തന്നെ തേടിയെത്തുമെന്ന ടിടികെ യുടെ വിശ്വാസത്തെ തകർത്തത് അന്നത്തെ കോൺഗ്രസ്സ് അധ്യക്ഷനായിരുന്ന കാമരാജിൻ്റെ തന്ത്രങ്ങളായിരുന്നു. അന്ന് ദേശീയ തലത്തിലുണ്ടായ ആ അസാധരണമായ പുകച്ചിൽ സംസ്ഥാന കോൺഗ്രസ്സിലും ഏതാണ്ട് പടർന്ന് തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യം വയ്ക്കാതെ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുമുണ്ടാവില്ലെന്ന സത്യം കയ്ക്കുന്നതാണെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം സംഭവിക്കാൻ പോകുന്ന പൊട്ടിത്തെറികളെ കോൺഗ്രസ്സ് നേതൃത്വം ഇപ്പോഴെ ഭയക്കുന്നുണ്ട്. സീറ്റ് കൊടുത്താലും കൊടുത്തില്ലെങ്കിലും പ്രശ്നം ഗുരുതരമാണെന്ന സത്യം അവർ തിരിച്ചറിയുന്നുമുണ്ട്. പാർട്ടി നേതൃത്വം അറിയാതെ നടത്തിയ രഹസ്യ സർവ്വേയാണ് കോൺഗ്രസ്സിൽ വിഡി സതീശനെ പ്രതിക്കൂട്ടിലാക്കിയതെങ്കിലും ഇതൊരു ആയുധമായി പാർട്ടിയിലെ തന്നെ മറുപക്ഷം ഉപയോഗിക്കുമോ എന്നതിൽ സംശയമുണ്ട്. അങ്ങനെയൊരു സാധ്യതയുണ്ടെങ്കിലും വിഡി സതീശൻ- രമേശ് ചെന്നിത്തല സംയുക്ത വാർത്ത സമ്മേളനം മറ്റെല്ലാ എതിർപ്പുകളെയും നിഷ്ഫലമാക്കുന്നതായിരുന്നു.
63 സീറ്റ് കൊടുക്കാൻ
വിഡി സതീശൻ കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ പരസ്യമാക്കിയ ആ 63 സീറ്റുകൾ തിരഞ്ഞെടുപ്പിൻ്റെ ആകെ റിസൾട്ടിനെ തന്നെ നിർണയിക്കുന്ന ക്രൂഷ്യൽ പോയൻ്റാവാൻ സാധ്യതയുണ്ടെന്ന് ഒരു വിഭാഗം പറയുന്നു. കഴിഞ്ഞ തവണ 93 സീറ്റുകളിലാണ് കോൺഗ്രസ്സ് മത്സരിച്ചത്, ജയിച്ചത് 21 സീറ്റിലും. യുഡിഎഫിലെ ഏറ്റവും വലിയ ഘടക കക്ഷിയായ മുസ്ലീം ലീഗിനെ കൂടി പരിഗണിക്കുക എന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കോൺഗ്രസ്സിന് മുന്നിലുള്ള പ്രധാന കാര്യം. 15 എംഎൽഎമാരാണ് നിലവിൽ ലീഗിനുള്ളത്. ഇത്തവണ സീറ്റ് കൂടുതൽ ആവശ്യപ്പെട്ടാൽ നിയമയസഭയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. അങ്ങനെ വന്നാൽ ഉപമുഖ്യമന്ത്രി പദമോ, ആഭ്യന്തരമോ വരെയും മുസ്ലീം ലീഗിന് ചോദിക്കാൻ സാധ്യതയുള്ളതാണ്. കോൺഗ്രസ്സ് ഭരണത്തിൽ തന്നെയാണ് ഉപമുഖ്യമന്ത്രിമാരും കേരളത്തിൽ ഉണ്ടായത്. 1960-62 കാലഘട്ടത്തിൽ ആർ ശങ്കറും, 1981-82 കാലഘട്ടത്തിൽ മുസ്ലീം ലീഗിൻ്റെ സിഎച്ച് മുഹമ്മദ് കോയയും, 83-87 കാലഘട്ടത്തിൽ അവുഖാദർകുട്ടി നഹയും കേരളത്തിൽ ഉപമുഖ്യമന്ത്രിമാരായി ഇരുന്നിട്ടുണ്ട്. അതിന് ശേഷം സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിമാർ ഉണ്ടായിട്ടില്ല.
അന്ന് എംകെ രാഘവൻ പറഞ്ഞത്
2023-ൽ രമേശ് ചെന്നിത്തലയുടെ ആത്മകഥ പ്രകാശനം ചെയ്ത എംകെ രാഘവൻ എംപി ഒരു കാര്യം കൂടി ചേർത്തു പറഞ്ഞു. കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയാകാൻ യോഗ്യത രമേശ് ചെന്നിത്തലക്കാണ്. ആ ആത്മകഥയുടെ പേര് അറിഞ്ഞതും അറിയാത്തതും എന്നായിരുന്നതിനാൽ കാര്യങ്ങളിൽ ഏകദേശ ധാരണ ആർക്കെങ്കിലുമൊക്കെ അന്ന് മനസ്സിലായിട്ടുണ്ടാവണം. എൻഎൻഎസ്എസ് ജനറൽ സെക്രട്ടി സുകുമാരൻ നായരുടെ പഴയ താക്കോൽ സ്ഥാനത്തെ പ്രയോഗവും രമേശ് ചെന്നിത്തലക്ക് ആക്കം കൂട്ടുന്ന ഒന്നാണ്. എങ്കിലും കോൺഗ്രസ്സിലെ യുവപക്ഷം വിഡി സതീശനെ തന്നെയാവും മുഖ്യമന്ത്രി പദത്തിൽ ഇപ്പോഴെ മനസ്സിൽ കാണുന്നതെന്ന് മറ്റൊരു സംസാരവുമുണ്ട്. ലോക്സഭാ ഉപതിരഞ്ഞെടുപ്പ്, നിയമസഭാ ഉപതിരഞ്ഞെടുപ്പ് തുടങ്ങി സതീശൻ്റെ കഴിവ് എല്ലായിടത്തും ഒരു പോലെ പ്രകടവുമായിരുന്നു.
പറയാൻ പേരുകൾ
മുഖ്യമന്ത്രിപദമാണ് ചർച്ചയിലെങ്കിൽ മന്ത്രിസ്ഥാനം, എംഎൽഎ സീറ്റ്, തുടങ്ങി തർക്കങ്ങളിലേക്ക് നയിക്കാൻ കോൺഗ്രസ്സിൽ നിരവധി കാരണങ്ങൾ കാത്ത് കിടക്കുന്നുണ്ട്. മുതിർന്ന് നേതാക്കൾ ഇത്തവണയും പഴയ കുപ്പിയും പുതിയ വീഞ്ഞുമായിറങ്ങിയാൽ അത് പാർട്ടിക്ക് പിന്നെയും നാണക്കേടുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല.