മോദി അച്ഛന്റെയോ സഹോദരന്റെയോ സ്ഥാനത്ത് തോന്നുന്നയാള്‍: പത്മജ വേണുഗോപാല്‍
18 വര്‍ഷമായി ജയിലില്‍ കഴിയുന്ന റഹീമിനെ രക്ഷിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ 34 കോടി രൂപ സമാഹരിച്ചതിന്റെ ക്രെഡിറ്റും പത്മജ മോദിക്ക് നല്‍കിയിരുന്നു
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി അച്ഛന്റെയോ അല്ലെങ്കില്‍ മുതിര്‍ന്ന സഹോദരന്റെയോ സ്ഥാനത്ത് തോന്നുന്നയാളാണെന്ന് പത്മജ വേണുഗോപാല്‍. മോദി കാരണാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും പത്മജ പറഞ്ഞു. കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘പ്രധാനമന്ത്രിക്ക് കുടുംബമില്ല. ഭാരതമാണ് അദ്ദേഹത്തിന്റെ കുടുംബം. അദ്ദേഹത്തെ മുതിര്‍ന്ന സഹോദരന്റെയോ അച്ഛന്റെയോ സ്ഥാനത്ത് സ്‌നേഹിക്കാന്‍ നമ്മള്‍ക്ക് തോന്നും,’ പത്മജ പറഞ്ഞു.
മോദിയുടെ രീതികള്‍ ഇഷ്ടപ്പെട്ടുവെന്നും മോദിയെ കൂടുതല്‍ പഠിച്ചപ്പോഴാണ് കരുത്തനായ നേതാവാണെന്ന് മനസിലായതെന്നും നേരത്തെ പത്മജ പറഞ്ഞിരുന്നു.
അതേസമയം, 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന റഹീമിനെ രക്ഷിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ 34 കോടി രൂപ സമാഹരിച്ചതിന്റെ ക്രെഡിറ്റും പത്മജ മോദിക്ക് നല്‍കിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മോദിയെ അഭിനന്ദിച്ച് പത്മജ രംഗത്തെത്തിയത്.
നമ്മള്‍ ഒന്നടങ്കം സന്തോഷിച്ച സമയമായിരുന്നു നമ്മുടെ സഹോദരന്‍ അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞത്. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ആയിരുന്നു ആ സഹോദരന്‍ 18 വര്‍ഷം സൗദിയില്‍ ജയിലില്‍ കിടന്നത്. പക്ഷേ ആ സഹോദരന്റെ മോചനത്തിന് ആവശ്യമായ തുക ഇത്രവേഗം സമാഹരിക്കാന്‍ കഴിഞ്ഞത് ഭാരതത്തിന് ടെക് നോളജി രംഗത്ത് ഉണ്ടായ അതിവേഗ വളര്‍ച്ചയാണ്. ഡിജിറ്റല്‍ പെയ്‌മെന്റ് സിസ്റ്റം ഭാരതത്തില്‍ അതിവേഗം വ്യാപകമായത് ആണ് ഒറ്റ ക്ലിക്കില്‍ 34 കോടി രൂപ മണിക്കൂറുകള്‍ കൊണ്ട് സമാഹരിക്കാന്‍ കഴിഞ്ഞത്.
UPI എന്ന Unified Payments Interface എന്ന സാങ്കേതിക വളര്‍ച്ചയാണ് ഇത്രയും പണം പെട്ടെന്ന് സമാഹരിക്കാന്‍ കഴിഞ്ഞ അത്ഭുത നേട്ടത്തിന് കാരണമായത്. ഇന്ത്യ ഇന്ന് ഡിജിറ്റല്‍ എക്കണോമിയായി മാറിയിരിക്കുന്നു.. ബില്‍ ഗേറ്റ്‌സ് ഈയിടെ പറഞ്ഞത് ഈ അവസരത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പ്രശംസയായി കാണുന്നു. ബില്‍ ഗേറ്റ്‌സ് പറഞ്ഞത്. ഇന്ത്യ ഡിജിറ്റല്‍ സൂപ്പര്‍ പവര്‍ ആയി മാറിയിരിക്കുന്നു. ഈ വളര്‍ച്ച എന്നെ അത്ഭുതപ്പെടുത്തുന്നു.
അബ്ദുല്‍ റഹീമിന്റെ അമ്മയുടെ പ്രാര്‍ത്ഥന ഫലം കണ്ടിരിക്കുന്നു.. ഇതിനു വേണ്ടി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച ശ്രീ ബോബി ചെമ്മണ്ണൂരിനും, സമൂഹത്തിനും നന്ദി. മോദി സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതിക രംഗത്ത്, വികസനരംഗത്ത് ഭാരതത്തിന് ഉണ്ടാക്കുന്ന അതിവേഗ വളര്‍ച്ചയെ ഈ അവസരത്തില്‍ എല്ലാവരും രാഷ്ട്രീയം മറന്ന് അഭിനന്ദിക്കേണ്ടിയിരിക്കുന്നുവെന്ന് പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.