Nimisha Priya: മോചനം സാധ്യമാകാതെ നിമിഷപ്രിയ; എന്താണ് ചെയ്ത കുറ്റം?
Who is Nimisha Priya: ബിസിനസ് തുടങ്ങുന്നതിന്റെ ഭാഗമായി നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറി. എന്നാല്‍ കൂടുതല്‍ പണം ആവശ്യമായി വന്നതിനാല്‍ ഇരുവരും മകളോടൊപ്പം നാട്ടിലേക്ക് തിരിച്ചു. എന്നാല്‍ പിന്നീട് നാട്ടില്‍ നിന്ന് നിമിഷ മാത്രമാണ് തിരികെ പോയത്. നിമിഷയ്ക്ക് പിന്നാലെ മടങ്ങിപ്പോകാമെന്ന തീരുമാനത്തിലായിരുന്നു ടോമി. മഹ്ദി ചതിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ഇരുവരും. എന്നാല്‍ സൗദി-യെമന്‍ യുദ്ധത്തെ തുടര്‍ന്ന് ടോമിക്ക് മടങ്ങിപ്പോകാന്‍ സാധിച്ചില്ല.
മലയാളി നഴ്‌സായ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് ഈ വിധി നിമിഷയെ തേടി എത്തുന്നത്. എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി നിമിഷയുടെ വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവരുടെ അമ്മ നടത്തുന്ന പോരാട്ടങ്ങളും എല്ലാവര്‍ക്കും സുപരിചിതം. എന്താണ് യഥാര്‍ഥത്തില്‍ നിമിഷപ്രിയ ചെയ്ത കുറ്റം? ഇനി നിമിഷപ്രിയക്ക് മോചനം സാധ്യമാണോ?
ആരാണ് നിമിഷപ്രിയ?
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് വധശിക്ഷ കാത്തുകിടക്കുന്ന നിമിഷപ്രിയ. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി എന്നതാണ് നിമിഷയ്‌ക്കെതിരെയുള്ള കേസ്. തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ചതിന് ശേഷം 2012ലാണ് നഴ്‌സായി നിമിഷപ്രിയ യെമനിലേക്ക് പോകുന്നത്. ഇരുവരും ഒന്നിച്ചാണ് യെമനില്‍ എത്തിയത്. ടോമി സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് കയറിയപ്പോള്‍ നിമിഷ മെയനില്‍ നഴ്‌സായി ജോലി ആരംഭിച്ചു.
ഇതിനിടയിലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ ടോമിയും നിമിഷയും പരിചയപ്പെടുന്നത്. തലാലിനോടൊപ്പം ചേര്‍ന്ന് കച്ചവട പങ്കാളിത്തതോടെ ക്ലിനിക്ക് തുടങ്ങാനും ഇരുവരും തീരുമാനിച്ചു. യെമന്‍ പൗരന്റെ സഹായത്തോടെ മാത്രമേ ക്ലിനിക്ക് ആരംഭിക്കാന്‍ സാധിക്കൂവെന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്.
ബിസിനസ് തുടങ്ങുന്നതിന്റെ ഭാഗമായി നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറി. എന്നാല്‍ കൂടുതല്‍ പണം ആവശ്യമായി വന്നതിനാല്‍ ഇരുവരും മകളോടൊപ്പം നാട്ടിലേക്ക് തിരിച്ചു. എന്നാല്‍ പിന്നീട് നാട്ടില്‍ നിന്ന് നിമിഷ മാത്രമാണ് തിരികെ പോയത്. നിമിഷയ്ക്ക് പിന്നാലെ മടങ്ങിപ്പോകാമെന്ന തീരുമാനത്തിലായിരുന്നു ടോമി. മഹ്ദി ചതിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ഇരുവരും. എന്നാല്‍ സൗദി-യെമന്‍ യുദ്ധത്തെ തുടര്‍ന്ന് ടോമിക്ക് മടങ്ങിപ്പോകാന്‍ സാധിച്ചില്ല.
ബിസിനസിന്റെ തുടക്കത്തില്‍ വളരെ മാന്യമായി തന്നെയായിരുന്നു മഹ്ദി നിമിഷയോട് ഇടപ്പെട്ടിരുന്നത്. എന്നാല്‍ അയാളുടെ സ്വഭാവം മാറാന്‍ തുടങ്ങി. മഹ്ദി നിമിഷ അയാളുടെ ഭാര്യയാണെന്ന് പലരെയും പറഞ്ഞ് വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് മാതാചാര പ്രകാരം നിര്‍ബന്ധിച്ച് വിവാഹം നടത്തുകയും ചെയ്തു. ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തട്ടിയെടുത്ത മഹ്ദി നിമിഷയുടെ സ്വര്‍ണം വില്‍ക്കുകയും പാസ്‌പോര്‍ട്ട് തട്ടിയെടുക്കുകയും ചെയ്തു.
Also Read: Nimisha Priya: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും; നിർണായക അനുമതിനൽകി പ്രസിഡൻ്റ്
ഇതോടെ അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷയെ മഹ്ദി ക്രൂരമായി മര്‍ദിച്ചു. ജീവന്‍ അപകടത്തിലാകുമെന്ന് തോന്നിയപ്പോഴാണ് മഹ്ദിയെ അപയാപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് നിമിഷ പറയുന്നത്.
നിമിഷ ചെയ്ത കുറ്റം
തലാല്‍ അബ്ദുള്‍ മഹ്ദിയുടെ ക്രൂരമായ പീഡനത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി അയാളെ കൊലപ്പെടുത്തുകയായിരുന്നു എന്നതാണ് നിമിഷപ്രിയക്കെതിരെയുള്ള കേസ്. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ക്ലിനിക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും മര്‍ദനവും കാരണം മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുകയായിരുന്നു നിമിഷ. ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു തുടങ്ങിയ ആരോപണങ്ങള്‍ നിമിഷ ഉന്നയിച്ചിരുന്നു. നിമിഷയെ കൂടാതെ ഹനാന്‍ എന്ന യെമനി യുവതിയും മഹ്ദിയുടെ മര്‍ദനത്തിന് ഇരയായിരുന്നു.
പാസ്‌പോര്‍ട്ട് വീണ്ടെടുത്ത് രക്ഷപ്പെടുന്നതിനുള്ള മാര്‍ഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തത് ഹനാനാണ്. ഇതിനായി മഹ്ദിക്ക് അഇമിത അളവില്‍ മയക്കുമരുന്ന് കുത്തിവെക്കുകയായിരുന്നു. മഹ്ദിക്ക് ബോധം പോയ ശേഷം പാസ്‌പോര്‍ട്ട് കണ്ടെടുത്ത് രക്ഷപ്പെടുന്നതിനിടെ അതിര്‍ത്തിയില്‍ വെച്ച് പിടിയാവുകയായിരുന്നു എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മഹ്ദിയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലുള്ള ജലസംഭരണിയില്‍ നിന്ന് വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
മയക്കുമരുന്ന് കുത്തിവെച്ചതിന് ശേഷം നടന്ന കാര്യങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്ന് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞു. അറബിയില്‍ തയാറാക്കിയ കുറ്റപത്രത്തില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പുവെപ്പിക്കുകയായിരുന്നു. കോടതിയില്‍ ദ്വിഭാഷിയുടെ സേവനം പോലും ലഭിച്ചില്ല. സംഭവത്തിന് കൂട്ടുനിന്ന ഹനാന് ജീവപര്യന്തവും തനിക്ക് വധശിക്ഷയും വിധിച്ചത് ന്യായമല്ലെന്നും നിമിഷപ്രിയ പറഞ്ഞിരുന്നു.