5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Aleksej Besciokov: ‘ഹോംസ്‌റ്റേയ്ക്ക് 5ലക്ഷം, പൊലീസുകാരന് കൈക്കൂലി വാ​ഗ്ദാനം’; അമേരിക്കയിലെ പിടികിട്ടാപ്പുള്ളി കുടുങ്ങിയത് കേരള പൊലീസിന്റെ വലയിൽ!

Aleksej Besciokov: വർക്കലയിലെ സ്ഥിരം സന്ദർശകനായിരുന്നു അലക്സേജ്. ഒരു വർഷത്തിന് അഞ്ച് ലക്ഷം രൂപ നൽകിയാണ് നിലവിലെ ഹോംസ്റ്റേ വാടകയ്ക്കെടുത്തിരിക്കുന്നത്. ഇത്തവണ ഭാര്യയും മക്കളുമായാണ് വർക്കലയിലെത്തിയത്.

Aleksej Besciokov: ‘ഹോംസ്‌റ്റേയ്ക്ക് 5ലക്ഷം, പൊലീസുകാരന് കൈക്കൂലി വാ​ഗ്ദാനം’; അമേരിക്കയിലെ പിടികിട്ടാപ്പുള്ളി കുടുങ്ങിയത് കേരള പൊലീസിന്റെ വലയിൽ!
Aleksej Besciokov
nithya
Nithya Vinu | Updated On: 15 Mar 2025 16:25 PM

വർക്കല പൊലീസ് പിടികൂടിയ അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കോവിനെ ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഇന്ന് ഹാജരാക്കും. ഹോളിയോടനുബന്ധിച്ച് കോടതി അവധിയായതിനാൽ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ മുന്നിലായിരിക്കും ഹാജരാക്കുക. ശേഷം സിബിഐക്ക് കൈമാറും. തുടർന്ന് നിയമ നടപടികൾക്ക് ശേഷം പ്രതിയെ അമേരിക്കയ്ക്ക് കൈമാറും.

അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അലക്സേജിനെ ചൊവ്വാഴ്ചയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസിൽ പ്രതിയാണ് ലിത്വാനിയൻ പൗരനായ അലക്സേജ് ബെസിയോക്കോവ്. ചൊവ്വാഴ്ച വൈകിട്ടത്തെ വിമാനത്തിൽ വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് വർക്കല ഹോംസ്റ്റേയിൽ നിന്ന് ഇയാളെ പിടികൂടിയത്. പൊലീസിന് കൈക്കൂലി വാ​ഗ്ദാനം ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വർക്കല പൊലീസ് തന്ത്രപരമായി ഇയാളെ കുടുക്കുകയായിരുന്നു.

ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച കുറ്റവാളിയാണ് അലക്സേജ് ബെസിയോക്കോവ്. അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾക്കും സൈബർ കുറ്റവാളികൾക്കും കള്ളപ്പണം വെളുപ്പിക്കാൻ സഹായം നൽകിയെന്നതാണ് പ്രധാന കുറ്റം. ഇതിനിടെയാണ് ഇയാൾ വർക്കലയിൽ എത്തിയിട്ടുണ്ടെന്ന് സിബിഐക്ക് വിവരം ലഭിച്ചത്. സിബിഐ ഈ വിവരം വർക്കല പൊലീസിന് കൈമാറുകയായിരുന്നു. തുട‍ർന്ന് ഹോംസ്റ്റേകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അലക്സേജിനെ പിടികൂടുന്നത്.

ALSO READ: ലവ് ജിഹാദ് പരാമർശം; പിസി ജോർജിന് കുരുക്ക് വീഴുമോ? വീണ്ടും നിയമോപദേശം തേടാൻ പൊലീസ്

ഗാരന്റക്സ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സഹസ്ഥാപകരിൽ ഒരാളാണ് അലക്സേജ്. ​സ്ഥാപകരിൽ മറ്റൊരാളായ അലക്സാണ്ടർ മിറ സെർദ എന്ന റഷ്യൻ പൗരനെതിരെയും അമേരിക്കൻ ഏജൻസികൾ കേസെടുത്തിട്ടുണ്ട്. 2019 മുതൽ 2025 വരെയാണ് ​ഗാരന്റക്സ് പ്രവർത്തിപ്പിച്ചിരുന്നത്. തീവ്രവാദി സംഘടനകൾ, മയക്കുമരുന്ന് സംഘങ്ങൾ, സൈബർ കുറ്റവാളികൾ തുടങ്ങിയവർക്കൊക്കെ കള്ളപ്പണം വെളുപ്പിക്കാൻ ഇവർ സഹായം നൽകിയിരുന്നു. കൂടാതെ ഹാക്കിങ്, കുട്ടികളുടെ അശ്ലില ദൃശ്യങ്ങൾ വിൽക്കുക, ക്രിപ്റ്റോ തട്ടിപ്പ് എന്നീ കുറ്റകൃത്യങ്ങളിലും ഇവർക്ക് പങ്കുണ്ട്.

സിബിഐയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയുടെ ഭാഗമായി അലക്സേജിന്റെ ഹോംസ്റ്റേയിലും പൊലീസ് എത്തിയിരുന്നു. പൊലീസിനെ കണ്ടതോടെ അപകടം തിരിച്ചറിഞ്ഞ ഇയാൾ ഉദ്യോഗസ്ഥന് കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമിച്ചു. ഏകദേശം 50,000 രൂപയുടെ നോട്ടാണ് ഇയാൾ ഉദ്യോഗസ്ഥന് നൽകിയത്. എന്നാൽ പ്രതിയെ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥൻ ഉടൻ തന്നെ ഇൻസ്പെക്ടറെ വിവരമറിയിക്കുകയായിരുന്നു.

വർക്കലയിലെ സ്ഥിരം സന്ദർശകനായിരുന്നു അലക്സേജ്. ഒരു വർഷത്തിന് അഞ്ച് ലക്ഷം രൂപ നൽകിയാണ് നിലവിലെ ഹോംസ്റ്റേ വാടകയ്ക്കെടുത്തിരിക്കുന്നത്. ഇത്തവണ ഭാര്യയും മക്കളുമായാണ് വർക്കലയിലെത്തിയത്. പൊലീസ് പിടിയിലാകുന്നതിന്റെ തലേദിവസം ഇവർ ഇന്ത്യയിൽ നിന്ന് മടങ്ങി. ഓരോ വർഷവും പതിവായി വർക്കലയിലെത്തുന്ന അലക്സേജിന് ഇവിടെ ഇരുചക്ര വാഹനമുണ്ടായിരുന്നു. കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങി സ്വയം പാചകം ചെയ്ത് കഴിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ ഇന്ത്യയിൽ നിന്ന് മടങ്ങാനായിരുന്നു പദ്ധതി. ഇതിനിടെയാണ് പിടിയിലാവുന്നത്.