Aditya Suresh : ഹൃദയങ്ങള്‍ കീഴടക്കി മലയാളി പയ്യന്‍; അന്ന് ആദിത്യയുടെ പാട്ടിലലിഞ്ഞത് പ്രധാനമന്ത്രി, ഇന്ന് രാഷ്ട്രപതി
Aditya Suresh Singer: ''ആദിത്യയുടെ ഗണേശ വന്ദനം അതിഗംഭീരം. പ്രചോദനാത്മകമായിരുന്നു. പ്രതിഭാധനനായ ഈ കുട്ടിയുടെ ശോഭനമായ ഭാവിക്കായി എല്ലാ ആശംസകളും നേരുന്നു''-പരിപാടിക്ക് ശേഷം ആദിത്യയെക്കുറിച്ച് രാഷ്ട്രപതി സമൂഹമാധ്യമത്തില്‍ കുറിച്ച വാക്കുകളാണിത്
”ഏകദന്തായ വക്രതുണ്ടായ ഗൗരിതനയായ ധീമഹീ…” ! ആദിത്യ സുരേഷ് പാടിത്തുടങ്ങിയപ്പോള്‍ സദസ് നിശബ്ദമായി. ചുറ്റുമുണ്ടായിരുന്നവരെല്ലാം ആ സ്വരമാധുരിയില്‍ അലിഞ്ഞുചേര്‍ന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവടക്കം. ഏതാണ്ട് അഞ്ച് മിനിറ്റിലേറെ നീണ്ടുനിന്ന ഗാനം ആദിത്യ പാടിത്തീര്‍പ്പോള്‍, മനം നിറച്ച ആ മലയാളി പയ്യന് സദസ് കരഘോഷം മുഴക്കി നന്ദി അറിയിച്ചു. സംഭവം നടക്കുന്നത് രാജ്യതലസ്ഥാനത്താണ്. ഭിന്നശേഷി ശാക്തീകരണ ദേശീയ അവാര്‍ഡ് ചടങ്ങായിരുന്നു വേദി.
View this post on Instagram
”ആദിത്യയുടെ ഗണേശ വന്ദനം അതിഗംഭീരം. പ്രചോദനാത്മകമായിരുന്നു. പ്രതിഭാധനനായ ഈ കുട്ടിയുടെ ശോഭനമായ ഭാവിക്കായി എല്ലാ ആശംസകളും നേരുന്നു”-പരിപാടിക്ക് ശേഷം ആദിത്യയെക്കുറിച്ച് രാഷ്ട്രപതി സമൂഹമാധ്യമത്തില്‍ കുറിച്ച വാക്കുകളാണിത്.
ആരാണ് ആദിത്യ സുരേഷ് ?
ആദിത്യയെക്കുറിച്ച് മലയാളിക്ക് പ്രത്യേകം പരിചയപ്പെടുത്തല്‍ ആവശ്യമില്ല. മാധ്യമങ്ങളില്‍ പല തവണയാണ് ഈ കൊച്ചു ഗായകനെക്കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടുള്ളത്. കൊല്ലം ഏഴാമല്‍ സ്വദേശിയാണ് ഈ 16കാരന്‍. അസ്ഥികൾ പൊട്ടുന്ന ഓസ്റ്റിയോ ജനസിസ് ഇംപെർഫെക്ട എന്ന അപൂർവ ജനിതകാവസ്ഥയോടെയാണ് ജനനം.
മാതാപിതാക്കളായ ടി.കെ. സുരേഷിന്റെയും, രഞ്ജിനിയുടെയും, സഹോദരന്‍ അശ്വിന്റെയും പരിലാളനത്തില്‍ ആ കുഞ്ഞ് വളര്‍ന്നു. പ്രതിസന്ധികളോട് സധൈര്യം പോരാടി. പാട്ടിനെ കൂട്ട് പിടിച്ചു. വളരെ ചെറിയ പ്രായത്തില്‍ തന്നെ അവന് സംഗീതം വംശമായി. കുഞ്ഞ് പ്രായത്തില്‍ തന്നെ ആദിത്യ പാടിത്തുടങ്ങി. പിന്നീടാണ് സംഗീതം പഠിച്ചുതുടങ്ങിയത്. ആറു വര്‍ഷത്തോളമായി ആദിത്യ സംഗീതം പഠിക്കുന്നുണ്ട്. ആദിത്യയുടെ ആലാപനവൈഭവം നിരവധി വേദികളെ ത്രസിപ്പിച്ചു.
കലോത്സവ വേദികളിലടക്കം നിറസാന്നിധ്യമായി. റിയാലിറ്റി ഷോകളിലടക്കം അവന്‍ പങ്കെടുത്തു. അങ്ങനെ മലയാളി അവനെ ഏറ്റെടുത്തു. കേരളത്തിന്റെ ഒരു ‘കൊച്ചു സെലിബ്രിറ്റി’ ആയി ആദിത്യ പതിയെ പതിയെ മാറി. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം ആദിത്യ കഴിഞ്ഞ വര്‍ഷം നേടിയിരുന്നു.
അന്ന് പ്രധാനമന്ത്രി
ആദിത്യയുടെ സ്വരമാധുരി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്വദിച്ചിട്ടുണ്ട്. രാഷ്ട്രീയ ബാല പുരസ്‌കാരം നേടിയ ആദിത്യ ഗായകനാണെന്ന് അറിഞ്ഞപ്പോളാണ്, അവന്റെ പാട്ട് കേള്‍ക്കണമെന്ന ആഗ്രഹം പ്രധാനമന്ത്രി അറിയിച്ചത്. ”തേരെ മേരെ ബീച്ച് മേ…” എന്ന പാട്ട് ആദിത്യ പ്രധാനമന്ത്രിക്ക് വേണ്ടി പാടി. അന്ന് ആദിത്യയുടെ പുറത്തു തട്ടി അഭിനന്ദിച്ച പ്രധാനമന്ത്രി, സമ്മാനങ്ങളും നല്‍കിയിരുന്നു.