Dressing in Two Wheeler: എന്താണ് സാരി ഗാർഡ്? ടൂ വീലറിൽ യാത്ര ചെയ്യാൻ എന്തൊക്കെ ശ്രദ്ധിക്കാം
ടൂ വീലർ യാത്രികർ എന്തൊക്കെ വസ്ത്രങ്ങൾ ധരിക്കാം, ഏതൊക്കെ ഒഴിവാക്കണം ശ്രദ്ധിക്കേണ്ടതെല്ലാം
വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ തങ്ങളുടെ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കേണ്ടതുണ്ടോ? തീർച്ചയായും ഉണ്ട്. മുൻപ് ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഷൂ വേണമെന്ന് പറഞ്ഞത് പോലെ തന്നെ അവരുടെ വസ്ത്രങ്ങൾ എങ്ങനെയാവണം എന്നതിലും ചില നിർദ്ദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
വസ്ത്രധാരണപിശകുകൾ മൂലമുണ്ടാകുന്ന അപകടങ്ങളും ഇന്ന് സാധാരണമായി മാറി കൊണ്ടിരിക്കുകയാണ്. ഇരു ചക്ര വാഹനങ്ങളിലാണ് ഇത് പ്രശനം എന്ന് പറഞ്ഞല്ലോ. ഇത്തരം പ്രശ്നങ്ങൾക്കുള്ള പോംവഴിയായാണ് ബൈക്കുകളും, സ്കൂട്ടറുകളിലുമെല്ലാം സാരി ഗാർഡ് വെച്ചിരിക്കുന്നത്.
മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 128, സിഎംവി റൂൾ 255 എന്നിവ പ്രകാരം മോട്ടോർ സൈക്കിളുകളിൽ സാരിഗാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. പിന്നിലിരിക്കുന്നയാളുടെ വസ്ത്രഭാഗങ്ങൾ ടയറുകളിൽ കുടുങ്ങാതിരിക്കാനുള്ള സുരക്ഷ ഉപാധിയാണ് സാരി ഗാർഡെന്ന് മോട്ടോർ വാഹന വകുപ്പിൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ചൂട്, കാറ്റ്, പൊടി പുക, വെയിൽ, മഴ, മഞ്ഞ് തുടങ്ങിയ വിവിധ പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കാനും സങ്കീർണ്ണ സാങ്കേതിക,ഡ്രൈവിംഗ് വെല്ലുവിളികളെ കൈകാര്യം ചെയ്യാനാവും വിധത്തിലുമാവണം ഇരു ചക്ര വാഹനങ്ങളിലെ യാത്രക്കാരുടെ വസ്ത്രധാരണം.
മുണ്ട്, ഷർട്ട്, സാരി, ചുരിദാർ, ഷോളുകൾ, വിശേഷ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള അയഞ്ഞവസ്ത്രങ്ങൾ ശരീരത്തോട് ഇറുകി ചേർന്നുനിൽക്കുന്ന വിധത്തിലാക്കാൻ ഓരോ യാത്രയിലും പ്രത്യേകം ശ്രദ്ധിക്കുകയെന്നും പോസ്റ്റിൽ പറയുന്നുണ്ട്.