5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Whatsapp Group: മല്ലു ഹിന്ദു ഓഫീസേഴ്സ്, ഹിന്ദു ഐഎഎസ് ഉദ്യോഗസ്‌ഥരുടെ ഗ്രൂപ്പ് തുടങ്ങിയിട്ടില്ല; ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കെ.ഗോപാലകൃഷ്ണൻ

Mallu Hindu IAS Officers Whatsapp Group: സർവ്വീസിലെ മുതിർന്ന ഉദ്യോ​ഗസ്ഥരടക്കം അം​ഗങ്ങളായ ​ഗ്രൂപ്പിൽ ജൂനിയർ ഓഫീസർമാരും ഉണ്ടായിരുന്നു. ​ഗ്രൂപ്പിൽ ചേർത്ത അം​ഗങ്ങളിൽ ചിലർ ​ഗ്രൂപ്പിന്റെ ആശങ്ക വ്യവസായ വകുപ്പ് ഡയറക്ടറെ അറിയിച്ചതോടെ അതിവേ​ഗം ​ഗ്രൂപ്പ് ഡിലീറ്റായി.

Whatsapp Group: മല്ലു ഹിന്ദു ഓഫീസേഴ്സ്, ഹിന്ദു ഐഎഎസ് ഉദ്യോഗസ്‌ഥരുടെ ഗ്രൂപ്പ് തുടങ്ങിയിട്ടില്ല; ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കെ.ഗോപാലകൃഷ്ണൻ
Hindu IAS officers Whatsapp Group (Image Credits: Social Media)
athira-ajithkumar
Athira CA | Published: 03 Nov 2024 20:34 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ഐഎഎസ് ഉദ്യോ​ഗസ്ഥരുടെ വാട്സ്ആപ്പ് ​ഗ്രൂപ്പ് ഉണ്ടാക്കിയതിനെ ചൊല്ലി വിവാദം. വ്യവസായ വകുപ്പ് ഡയറക്ടർ കെ ​ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിൻ ആയിട്ടുള്ള ​ഗ്രൂപ്പ് മണിക്കൂറുകൾക്ക് അകം ഡിലീറ്റ് ചെയ്തു. തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്നും സെെബർ പൊലീസിൽ പരാതി നൽകിയെന്നും കെ ​ഗോപാലകൃഷ്ണൻ ഐഎഎസ് വ്യക്തമാക്കി. 11 അം​ഗങ്ങളാണ് ​ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ദീപാവലി ആശംസ അറിയിക്കാൻ വേണ്ടിയാണ് ​ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത്.

ഐഎഎസ് ഉദ്യോ​ഗസ്ഥരെ അമ്പരപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം വാട്സ്ആപ്പ് ​ഗ്രൂപ്പ് ഉണ്ടാക്കിയത്. വ്യവസായ വകുപ്പ് ഡയറക്ടർ കെ ​ഗോപാലകൃഷ്ണനായിരുന്നു അഡ്മിൻ. ​ഗ്രൂപ്പിന്റെ പേര് മല്ലു ഹിന്ദു ഓഫീസേഴ്സ്. സർവ്വീസിലെ മുതിർന്ന ഉദ്യോ​ഗസ്ഥരടക്കം അം​ഗങ്ങളായ ​ഗ്രൂപ്പിൽ ജൂനിയർ ഓഫീസർമാരും ഉണ്ടായിരുന്നു. ​ഗ്രൂപ്പിൽ ചേർത്ത അം​ഗങ്ങളിൽ ചിലർ ​ഗ്രൂപ്പിന്റെ ആശങ്ക വ്യവസായ വകുപ്പ് ഡയറക്ടറെ അറിയിച്ചതോടെ അതിവേ​ഗം ​ഗ്രൂപ്പ് ഡിലീറ്റായി.

അതിന് ശേഷം ​ഗ്രൂപ്പിൽ അം​ഗങ്ങളായി ചേർക്കപ്പെട്ടവർക്ക് കെ ​ഗോപാലകൃഷ്ണൻ ഐഎഎസിന്റെ സന്ദേശങ്ങളെത്തി. തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തു. ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് 11 വാട്സ്ആപ്പ് ​ഗ്രൂപ്പുകൾ ഉണ്ടാക്കി എന്നായിരുന്നു സന്ദേശം. ​ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തെന്നും ഫോൺ മാറ്റുമെന്നും സഹപ്രവർത്തകർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവത്തെ കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിലും സമാന വിശദീകരണമാണ് വ്യവസായ വകുപ്പ് ഡയറക്ടർ നൽകിയത്. ഹാക്ക് ചെയ്തതിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.

അതേസമയം, ​ഗ്രൂപ്പിന്റെ പേരിൽ ഉയരുന്നത് പലതരത്തിലുള്ള ചോദ്യങ്ങളാണ്. ​ഗ്രൂപ്പിൽ അം​ഗങ്ങളാക്കിയവർ ഹിന്ദുമത വിഭാ​​ഗത്തിൽപ്പെട്ടവർ മാത്രമായതിനാൽ എല്ലാവരിലും സംശയങ്ങളുണ്ടാക്കുന്നു. ഹാക്കിം​ഗ് എങ്കിൽ വിഷയം അതീവ ​ഗുരുതരമാണ്. ഉന്നത ഉദ്യോ​ഗസ്ഥന്റെ ഫോൺ ഹാക്ക് ചെയ്ത് സാമുദായിക സ്പർദ്ധ ഉണ്ടാകും വിധം ​ഗ്രൂപ്പ് ഉണ്ടാക്കിയത് ആരാണെന്ന് കണ്ടെത്തണം. സെെബർ സെല്ലിന്റെ അന്വേഷണം പൂർത്തിയായാൽ മാത്രമേ വിഷയത്തിൽ വ്യക്തത വരൂ.

കോവിഡ് മഹാമരി കാലത്തും മലപ്പുറം ജില്ലാ കളക്ടറായിരുന്ന കെ. ഗോപാലകൃഷ്ണൻ വിവാദത്തിൽ അകപ്പെട്ടിരുന്നു. മെഡിക്കൽ ഉപകരണങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി പൊതുജനങ്ങളിൽ നിന്ന് ധനസമാഹരണം നടത്താൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട് അഭ്യർഥിച്ചതാണ് വിവാദത്തിന് കാരണമായത്. ജില്ലയിൽ മതിയായ ചികിത്സാ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാണക്കാട്ടെത്തിയത്.