Solar Plants in Home: സോളാര്‍ വെച്ചവര്‍ക്കും വൈദ്യുതി ചാര്‍ജ് കൂടാന്‍ കാരണമെന്ത്?
താന്‍ ഘടിപ്പിച്ച സോളാറിലൂടെ കെഎസ്ഇബിക്ക് 500 മുതല്‍ 600 യൂണിറ്റ് വൈദ്യുതി നല്‍കുന്നുണ്ടെങ്കിലും വൈദ്യുതി ബോര്‍ഡ് അത് 200, 300 യൂണിറ്റായിട്ടെ കണക്കാക്കുകയുള്ളുയെന്ന് ശ്രീലേഖ പറയുന്നു
കോഴിക്കോട്: വൈദ്യുതിയുടെ അമിത ഉപയോഗം കാരണം ചാര്‍ജ് എങ്ങനെയെങ്കിലും കുറയ്ക്കണമെന്ന് കരുതിയാണ് പലരും വീട്ടില്‍ സോളാര്‍ സ്ഥാപിച്ചത്. എന്നാല്‍ സോളാര്‍ സ്ഥാപിച്ചവരുടെ വീട്ടില്‍ ഈ മാസം കറണ്ട് ബില്‍ വന്നപ്പോള്‍ അവരും ഒന്ന് ഞെട്ടി. അങ്ങനെ ഞെട്ടിയവരുടെ കൂട്ടത്തിലൊരാളാണ് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഐപിഎസ്. ശ്രീലേഖ ഞെട്ടിയെന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
സോളാര്‍ ഘടിപ്പിച്ചിട്ടും തനിക്ക് ലഭിക്കുന്നത് 10,000ത്തില്‍ അധികം ബില്ലാണെന്നാണ് മുന്‍ ഡിജിപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. ബില്ലിന്റെ ഫോട്ടോ സഹിതം പങ്കുവെച്ചുകൊണ്ട് ആണ് ശ്രീലേഖയുടെ ആരോപണം. കൂടാതെ താന്‍ ഘടിപ്പിച്ച സോളാറിലൂടെ കെഎസ്ഇബിക്ക് 500 മുതല്‍ 600 യൂണിറ്റ് വൈദ്യുതി നല്‍കുന്നുണ്ടെങ്കിലും വൈദ്യുതി ബോര്‍ഡ് അത് 200, 300 യൂണിറ്റായിട്ടെ കണക്കാക്കുകയുള്ളുയെന്ന് ശ്രീലേഖ പറയുന്നു.
‘രണ്ടു വര്‍ഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ് ബില്ല് കണ്ടിട്ടാണ് സോളാര്‍ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം on grid ആയി ചെയ്തു. പിന്നീട് ബില്‍ മാസം തോറുമായെങ്കിലും പഴയ ?20,000 ന് പകരം 700, 800 ആയപ്പോള്‍ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill 10,030”, ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു.
സോളാര്‍ വെച്ചിട്ടും ഭീമമായ ബില്ല് വരുന്നതിനെ കുറിച്ച് കെഎസ്ഇബിക്ക് ശ്രീലേഖ പരാതി നല്‍കിയിരുന്നു. എന്നാല്‍ സാങ്കേതിക കാര്യങ്ങള്‍ മാത്രമാണ് കെഎസ്ഇബി മറുപടി നല്‍കിയതെന്നും അവര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് സോളാര്‍ സ്ഥാപിച്ചിട്ടും വൈദ്യുത ചാര്‍ജ് കൂടാന്‍ കാരണമെന്നതിനെ കുറിച്ച് ആരും പറയുന്നില്ല.
സോളാര്‍ സെറ്റില്‍മെന്റ് സൈക്കിള്‍ സെപ്തംബറില്‍ നിന്ന് മാര്‍ച്ചിലേക്ക് മാറ്റിയതാണ് ബില്ലിലെ തുക ഉയരാന്‍ കാരണമായതെന്ന് തുറന്നുപറയാന്‍ കെഎസ്ഇബിയും ഇതുവരെ തയാറായിട്ടില്ല.
ബില്ലിങ്ങിന് പല രീതികളുണ്ടോ?
നെറ്റ് മീറ്റര്‍, ഗ്രോസ് മീറ്റര്‍, നെറ്റ് ബില്ലിങ് തുടങ്ങി നിരവധി രീതികളിലൂടെയാണ് വിവിധ രാജ്യങ്ങളില്‍ വൈദ്യുത ചാര്‍ജ് ഈടാക്കുന്നത്. സോളാര്‍ ഉപയോഗിക്കുന്നവര്‍ക്ക് നെറ്റ് മീറ്ററിങിലൂടെയാണ് കേരളത്തില്‍ ചാര്‍ജ് ഈടാക്കുന്നത്. 300 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഒരു വീട്ടില്‍ സോളാര്‍ പ്ലാന്റിലൂടെ 250 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ബാക്കി വരുന്ന 50 യൂണിറ്റ് വൈദ്യുതി മാത്രമാണ് കെഎസ്ഇബിയില്‍ നിന്ന് എടുക്കുന്നത്. ഇതിനുള്ള പണം മാത്രമാണ് ഉപഭോക്താവ് കെഎസ്ഇബിക്ക് നല്‍കേണ്ടതും.
ഇനി ഗ്രോസ് മീറ്ററിങ് സംവിധാനത്തിലുള്ള പ്ലാന്റ് ആണെങ്കില്‍ നമുക്ക് നേരിട്ട് വൈദ്യുതി ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. സോളാര്‍ പ്ലാന്റ് 100 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് ഗ്രിഡിലേക്ക് എക്‌സ്‌പോര്‍ട്ടഡ് ആയി കണക്കാക്കി കെഎസ്ഇബി നിശ്ചയിക്കുന്ന നിരക്ക് നമ്മള്‍ നല്‍കേണ്ടി വരും.
നെറ്റ് ബില്ലിങ് രീതി അനുസരിച്ചാണെങ്കില്‍ ഉപഭോക്താവ് 300 യൂണിറ്റ് ഉപയോഗിച്ചാല്‍ അതിന് വേണ്ട മുഴുവന്‍ തുകയും നിലവിലെ ബില്ലില്‍ കണക്കാക്കും. സോളാര്‍ വൈദ്യുതിയുടെ കണക്ക് റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന നിരക്കിലായിരിക്കും കണക്കാക്കുക. സോളാറിന് കുറഞ്ഞ വനനിരക്കാണെങ്കിലും ഇവ തമ്മിലുള്ള വ്യത്യാസം ഉപഭോക്താവ് അടയ്‌ക്കേണ്ടി വരും.
സെറ്റില്‍മെന്റ് സൈക്കിള്‍ മാറ്റിയത് ജനത്തെ വലച്ചു
സോളാര്‍ ഉപഭോക്താക്കളുടെ സെറ്റില്‍മെന്റ് സൈക്കിള്‍ കഴിഞ്ഞ വര്‍ഷം വരെ സെപ്തംബറിലായിരുന്നു. ഇതില്‍ എനര്‍ജി ബാങ്കിലേക്ക് ഓരോ വീട്ടിലേയും പ്ലാന്റില്‍ നിന്ന് എക്‌സ്‌പോര്‍ട്ട് ചെയ്ത വൈദ്യുതിയുടെ അളവ് താരതമ്യം ചെയ്യും. ഇപ്പോള്‍ ഏതെങ്കിലും ഉപഭോക്താവ് കൂടുതല്‍ വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അത് ബില്ലില്‍ കുറച്ച് ബാക്കിയുള്ള യൂണിറ്റ് എനര്‍ജി ബാങ്കിലേക്ക് മാറ്റും.
ഇപ്പോള്‍ 200 യൂണിറ്റ് വൈദ്യുതി വെച്ചാണ് പ്രതിമാസം ഉപയോഗിക്കുന്നത്, എന്നാല്‍ 300 യൂണിറ്റ് വൈദ്യുതി കെഎസ്ഇബിക്ക് നല്‍കിയിട്ടുമുണ്ടെങ്കില്‍ 200 യൂണിറ്റിനുള്ള തുക സെറ്റില്‍മെന്റ് സൈക്കിള്‍ കാലയളവില്‍ കെഎസ്ഇബി ഉപഭോക്താവിന് നല്‍കും. ഉപയോഗത്തേക്കാള്‍ എക്‌സ്‌പോര്‍ട്ടാണ് കൂടുതലെങ്കില്‍ ഉപഭോക്താവിന് നല്ലതാണ്.
എന്നാല്‍ ഇങ്ങനെ സംഭവിക്കുന്ന സെറ്റില്‍മെന്റ് സൈക്കിള്‍ സെപ്തംബറില്‍ നിന്ന് മാര്‍ച്ച് ആക്കിയതാണ് ഉപയോക്താക്കളെ വലച്ചത്. സെറ്റില്‍മെന്റ് കഴിഞ്ഞ് ഏപ്രിലില്‍ എനര്‍ജി പൂജ്യമാകും. എക്‌സ്‌പോര്‍ട്ടിനേക്കാള്‍ ഇംപോര്‍ട്ട് വരികയാണെങ്കില്‍ അത് മുന്‍മാസങ്ങളില്‍ എക്‌സ്‌പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള എനര്‍ജിയുമായി അഡ്ജസ്റ്റായി ബില്‍ പൂജ്യമാകാറാണ് പതിവ്.
എന്നാല്‍ മാര്‍ച്ച് സെറ്റില്‍മെന്റ് നടക്കുന്നതോടെ ഏറ്റവും ഉയര്‍ന്ന തോതില്‍ വൈദ്യുത ഉപഭോഗമുള്ള ഏപ്രിലില്‍ എക്‌സ്‌പോര്‍ട്ടിനേക്കാള്‍ ഇംപോര്‍ട്ട് ആയിരിക്കും ഉണ്ടാവുക. ഇതോടെ വൈദ്യുത ബില്‍ ഉയരും.
ശ്രീലേഖയ്ക്ക് പണി കിട്ടിയത് ടൈം ഓഫ് ദി ഡേ ബില്ലില്‍
ശ്രീലേഖ ഐപിഎസിന്റെ കേസ് എടുക്കുകയാണെങ്കില്‍ അവരുടെ ബില്ലില്‍ നോര്‍മല്‍ ടൈമില്‍ ഇംപോര്‍ട്ട് ചെയ്ത എനര്‍ജി എന്നുപറയുന്നത് 399 യൂണിറ്റാണ്. ഓഫ് പീക് ടൈമില്‍ ഇംപോര്‍ട്ട് ചെയ്തിട്ടുള്ള എനര്‍ജി 636 യൂണിറ്റും. പീക് ടൈമില്‍ ഇത് 247 യൂണിറ്റാണ്. അതേസമയം, നോര്‍മല്‍ ടൈമില്‍ സോളാര്‍ പ്ലാന്റില്‍ നിന്ന് 290 യൂണിറ്റാണ് എക്‌സ്‌പോര്‍ട്ട് ചെയ്തത്. ഇങ്ങനെ വരുമ്പോള്‍ 399 യൂണിറ്റില്‍ നിന്ന് 290 കുറച്ചാല്‍ 109 യൂണിറ്റായി മാറും, മൊത്തം 8604.64 രൂപ ബില്‍ വരും.