Munambam Waqf Land Issue: പറയാനുള്ളത് ഒരു നൂറ്റാണ്ടിന്റെ കഥ; മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം

Munambam Waqf Land Dispute: ഇന്നും ഇന്നലെയും തുടങ്ങിയതല്ല മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം. തർക്കം തുടങ്ങിയിട്ട് 120 വർഷങ്ങൾ പിന്നിടുന്നു. ഇത് വ്യക്തിപരമായ ഒരു തർക്കമില്ല. ആ പ്രദേശത്തു താമസിക്കുന്ന 600 ഓളം കുടുംബങ്ങളുടെ അവകാശങ്ങളും വഖഫിന്റെ അവകാശങ്ങളും തമ്മിലുള്ള തർക്കമാണ്.

Munambam Waqf Land Issue: പറയാനുള്ളത് ഒരു നൂറ്റാണ്ടിന്റെ കഥ; മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം
Updated On: 

10 Nov 2024 14:26 PM

2022 ജനുവരി 13 ന് വഖഫ് ബോർഡ് കൊച്ചി തഹസിൽദാർക്ക് ഒരു നോട്ടീസ് നൽകി. എറണാകുളം മുനമ്പത്തെ 600 ഓളം കുടുംബങ്ങളുടെ ജീവിതമാണ് ആ ഒരൊറ്റ നോട്ടീസ് മാറ്റിമറിച്ചത്. ഈ കുടുംബങ്ങൾ താമസിക്കുന്ന ഭൂമി വഖഫ് ബോർഡിന്റെ അധീനതയിലുള്ളതാണെന്നും, അവിടെ താമസിക്കുന്നവർക്ക് ഈ ഭൂമിയിൽ വ്യക്തിപരമായ അവകാശം ഇല്ലെന്നുമാണ് വഖഫ് ബോർഡ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, സ്വന്തം ഭൂമിയുടെ കരമടക്കാനോ, മറ്റ് ക്രയവിക്രയങ്ങൾ നടത്താനോ കഴിയാത്ത സാഹചര്യത്തിലാണ് അവിടുത്തെ കുടുംബങ്ങൾ. വിഷയത്തിൽ നിലവിൽ ഹൈക്കോടതിയിൽ കേസുകൾ നടന്നുകൊണ്ടിരിക്കുകയാണ്.

മുനമ്പം ഭൂമിയുടെ ചരിത്രം

മുനമ്പം വേളാങ്കണ്ണി കടപ്പുറത്തിന് ചുറ്റുവട്ടത്തുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് 1902-ലാണ്.
1865 കാലഘട്ടത്തിൽ തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ ഒരു വിളംബരം പുറപ്പെടുവിച്ചു. ജനങ്ങൾക്ക് കൃഷി ചെയ്യാൻ സ്ഥലം എഴുതി നൽകുമെന്ന വിവരമാണ് ആ പണ്ടാരപ്പാട്ടം വക വിളംബരത്തിലൂടെ അറിയിച്ചത്. അങ്ങനെ, 1902ൽ കൊച്ചിയിലെത്തിയ ഗുജറാത്തുകാരനായ അബ്ദുൽ സത്താർ സേട്ട്, വിളംബരം പ്രകാരം ആ പ്രദേശത്തെ 404 ഏക്കർ സ്ഥലം എഴുതി വാങ്ങി. അക്കാലത്ത് അവിടെ നൂറുകണക്കിന് മൽസ്യത്തൊഴിലാളികൾ താമസിച്ചിരുന്നു.

വർഷങ്ങൾക്ക് ശേഷം 1948ൽ സത്താർ സേട്ട് ആ ഭൂമി തന്റെ പിൻഗാമിയായ സിദ്ധിഖ് സേട്ടിന്റെ പേരിൽ എഴുതിവെച്ചു. രണ്ടു വർഷത്തിന് ശേഷം അതായത് 1950ൽ, അദ്ദേഹം മുനമ്പത്തെ ഭൂമി കോഴിക്കോട് ഫാറൂഖ് കോളേജിന് വഖഫ് ചെയ്തു നൽകി. ഒരു ലക്ഷ്യം വെച്ചുകൊണ്ടുള്ള ദാനം എന്നതാണ് വഖഫ് കൊണ്ട് അർത്ഥമാക്കുന്നത്. മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നീക്കം. കോളേജിന് ഈ ഭൂമി ആവശ്യമല്ലാതെ വരുന്ന കാലത്ത് സിദ്ധിഖ് സേട്ടിനോ അദ്ദേഹത്തിന്റെ പിൻഗാമികൾക്കോ ഭൂമി തിരിച്ച് നൽകണമെന്ന വ്യവസ്ഥയോടെയായിരുന്നു കൈമാറ്റം.

അങ്ങനെ 1951ൽ, ഫാറൂഖ് കോളേജ് പട്ടയം വാങ്ങി, പോക്കുവരവ് ചെയ്ത് ഈ ഭൂമി സ്വന്തമാക്കി. തുടർന്ന്, 1962ൽ അവിടെ താമസിച്ചിരുന്നവരെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും, പ്രതിഷേധം ഉയർന്നതോടെ കേസ് കോടതിയിൽ എത്തി. എന്നാൽ, നാട്ടുകാർക്ക് അനുകൂലമായാണ് കോടതി വിധി വന്നത്. ഇതുകൊണ്ടൊന്നും ശ്രമം അവസാനിപ്പിക്കാൻ ഫാറൂഖ് കോളേജ് അധികൃതർ തയ്യാറായിരുന്നില്ല. അതിനാൽ, 1967ൽ അവർ സബ് കോടതിയിൽ അപ്പീലിന് കൊടുത്തു. തുടർന്ന്, 1971ൽ മുനമ്പത്തെ ഭൂമി ഫാറൂഖ് കോളേജിന് അവകാശപ്പെട്ടതാണെന്ന് കോടതി വിധിച്ചു.

പിന്നീട് കുറച്ച് കാലങ്ങൾക്ക് ശേഷം കടൽക്ഷോഭം ഉണ്ടായി കുറെ സ്ഥലമൊക്കെ നഷ്ടപ്പെട്ടു. ആ സമയത്ത് ചിലർ ഇവിടെ കുടിയേറി താമസം ആരംഭിച്ചു. ഒരു സ്ഥലം കടലെടുത്ത് പോയ ശേഷം തിരികെ കിട്ടുകയാണെങ്കിൽ അത് റവന്യു ഭൂമിയായാണ് കണക്കാക്കപ്പെടുക്ക. എന്നാൽ, ഫാറൂഖ് കോളേജ് ഇതിനു ശേഷവും ഭൂമിക്ക് അവകാശം പറഞ്ഞതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധം ഉയർത്തി. അങ്ങനെ ഈ തർക്കം പരിഹരിക്കാനായി 1971ൽ കോടതി ഒരു റിസീവറെ വെച്ചു. കുറച്ചു കാലം കൊണ്ടുതന്നെ റിസീവർക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിനുമപ്പുറം ജനങ്ങൾ അവിടെ താമസത്തിനെത്തി. അതോടെ 1975ൽ, ഫാറൂഖ് കോളേജ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. കേസിൽ സ്ഥലം ഫറൂഖ് കോളേജിന്റേതാണെന്ന് ഹൈക്കോടതി വിധിയെഴുതി.

കോടതി വിധിയുടെ അടിസ്ഥാനത്തിൽ പോലീസുകാരുടെ സഹായത്തോടെ കോളേജ് മാനേജ്‌മന്റ് അവിടുത്തെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ സ്ഥലത്തെത്തി. അതോടെ പ്രദേശവാസികളും ഹൈക്കോടതിയെ സമീപിച്ചു. കടൽ വെച്ച ഭൂമിയിലാണ് തങ്ങൾ താമസിക്കുന്നതെന്നും, ഇത് റവന്യു ഭൂമിയാണെന്നും വാദിച്ചെങ്കിലും വിധി അവർക്കെതിരായി. ഭൂമി ഫാറൂഖ് കോളേജിന്റെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.

പ്രശ്നം കനത്ത സാഹചര്യത്തിൽ ഇരുകൂട്ടരും തമ്മിൽ ഒരു മധ്യസ്ഥ ചർച്ച നടന്നു. ഫാറൂഖ് കോളേജിന്റെ വികസനത്തിന് ഫണ്ട് ആവശ്യമാണെന്ന് മാനേജ്‌മന്റ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 1988-ൽ പ്രദേശവാസികൾ ഒരുമിച്ച് ഏകദേശം 33 ലക്ഷം രൂപ നൽകി ഭൂമി വാങ്ങി. ഫാറൂഖ് കോളേജിന്റെ മാനേജിങ് ട്രസ്റ്റിയായിരുന്ന ഹസൻ കുട്ടി ഹാജിക്കായിരുന്നു ഭൂമി എഴുതി നൽകാനുള്ള ചുമതല നൽകിയത്. അന്ന് 600-ഓളം ആധാരങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. പിന്നീട് മൂന്ന് പതിറ്റാണ്ടുകളോളം പ്രശ്നങ്ങളൊന്നും ഇല്ലാതെ മുനമ്പം ശാന്തതയിൽ മുന്നോട്ട് പോയി.

ALSO READ: ബുർജ് ഖലീഫയിൽ സെപ്റ്റിക് ടാങ്ക് ഇല്ല!; പിന്നെ ഈ മനുഷ്യവിസർജമൊക്കെ എങ്ങോട്ട് പോകുന്നു?

വഖഫ് ബോർഡ് നോട്ടീസ്

2019-ൽ ഈ ഭൂമി വഖഫ് ബോർഡ് ആസ്തി രജിസ്റ്ററിൽ ചേർക്കപ്പെട്ടു. എന്നാൽ വിഷയം പുറത്തുവരുന്നത്, 2022-ൽ വഖഫ് ബോർഡ് കൊച്ചി തഹസിൽദാർക്ക് നോട്ടീസ് നൽകിയതോടെയാണ്. ഈ പ്രദേശത്തെ വസ്തുക്കളുടെ കരം സ്വീകരിക്കുന്നതും, ക്രയവിക്രയങ്ങൾ, റീ-രജിസ്ട്രേഷൻ അടക്കം തടഞ്ഞുകൊണ്ടുള്ള നോട്ടീസായിരുന്നു നൽകിയത്. ഇതോടെ, ജനങ്ങൾ എംഎൽഎ, മുഖ്യമന്ത്രി, റവന്യു മന്ത്രി, വഖഫ് ബോർഡ് ചുമതലയുള്ള മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അതിൽ, സർക്കാർ ജനങ്ങൾക്ക് അനുകൂലമായ തീരുമാനം എടുത്തു. പഴയ നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുവരാനായി സർക്കാർ നിർദേശം നൽകിയെങ്കിലും, വഖഫ് സംരക്ഷണ സമിതി ഇതിനെതിരെ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്ത്. ഇതോടെ, സർക്കാർ നടപടി സ്റ്റേ ചെയ്യപ്പെട്ടു.

നിസാർ കമ്മീഷന്റെ റിപ്പോർട്ട്

2008-ൽ വി എസ് അച്യുതാനന്ദൻ സർക്കാർ, കേരളത്തിലെ അന്യാധീനപ്പെട്ട വഖഫ് വസ്തുക്കൾ കണ്ടെത്താനായി നിയോഗിച്ച നിസാർ കമ്മീഷൻ മുനമ്പത്തെ ഭൂമി സംബന്ധിച്ച പരിശോധനയും നടത്തിയിരുന്നു. ഭൂമി വഖഫ് ഭൂമിയാണോ അതോ ഫാറൂഖ് കോളേജിന് ഗിഫ്റ്റ് സീഡായി ലഭിച്ചതാണോ എന്ന് കണ്ടെത്താൻ കമ്മീഷന് സാധിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായി ഫാറൂഖ് കോളേജ് മാനേജ്‌മെന്റുമായി കമ്മീഷൻ കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ധിഖ് സേട്ട് തങ്ങൾക്ക് ഗിഫ്റ്റ് സീഡായാണ് ഭൂമി കൈമാറിയതെന്നും, കോടതി വിധികളിൽ ഇക്കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മാനേജ്‌മന്റ് അറിയിച്ചു. ഫാറൂഖ് കോളേജ് വഖഫ് ബോർഡിന് കീഴിൽ വരുന്ന സ്ഥാപനമല്ലെന്ന് അവർ വാദിച്ചു. അതോടെ, വസ്തു വഖഫ് ആണോ അതോ ഗിഫ്റ്റ് സീഡാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്ന് നിസാർ കമ്മീഷൻ റിപ്പോർട്ടിലൂടെ അറിയിച്ചു. ഇക്കാര്യത്തിൽ വഖഫ് ബോർഡിന് തീരുമാനം എടുക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.

അതിന്റെ അടിസ്ഥനത്തിലാണ് 2019 സെപ്റ്റംബർ 25-ന് വഖഫ് ബോർഡ് ഭൂമി വഖഫ് ആയി രജിസ്റ്റർ ചെയ്യുന്നത്. 1995ലെ വഖഫ് നിയമത്തിന്റെ സെക്ഷൻ 36 അനുസരിച്ച്, വഖഫ് നിയമം നടപ്പില്‍ വരുന്നതിന് മുന്‍പ് രജിസ്റ്റര്‍ ചെയ്ത വസ്തുക്കളും വഖഫ് ബോര്‍ഡിന് ഏറ്റെടുക്കാം. ഈ നിയമം അനുസരിച്ചായിരുന്നു ബോർഡിന്റെ നടപടി.

എന്നാൽ, അവിടുത്തെ താമസക്കാരായ 600-ഓളം കുടുംബങ്ങളെ അറിയാക്കാതെയായിരുന്നു ഈ നടപടി. 2022-ൽ കൊച്ചി തഹസിൽദാർക്ക് നോട്ടീസ് നൽകിയതിന് ശേഷമാണ് ജനങ്ങൾ ഇതേക്കുറിച്ച് അറിയുന്നത്. ഇതിനെതിരെ ഫാറൂഖ് കോളജ് വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. കൂടാതെ, ഭൂമിയിൽ വഖഫ് ബോർഡിന് യാതൊരുവിധ അവകാശവുമില്ലെന്ന് കാട്ടി കോളേജ് മാനേജ്‌മന്റ് ഹൈക്കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചു. അതേസമയം, സർക്കാർ അഭിഭാഷകർ കേസുകളില്‍ കൃത്യമായി ഹാജരാകാത്തതും സർക്കാരിന്റെ നിലപാട് സത്യവാങ്‌മൂലമായി നൽകാൻ തയ്യാറാവാത്തതുമാണ് പരിഹാരമില്ലാതെ ഈ പ്രശ്നം തുടരുന്നതിനുള്ള കാരണം എന്ന് പ്രദേശവാസികൾ ആരോപിച്ചു. സിദ്ധിഖ് സേട്ട് ഫാറൂഖ് കോളേജുമായി ഒപ്പിട്ട കരാറിൽ നിബന്ധനകൾ ഉണ്ടായിരുന്നു. എന്നാൽ, നിബന്ധനകളുള്ള സീഡ് ഒരിക്കലും വഖഫ് ആകില്ലെന്ന വാദവും അവർ ഉന്നയിക്കുന്നുണ്ട്.

ALSO READ: വീണ്ടും കെ റെയിൽ, പുതിയ റിപ്പോർട്ട് സമർപ്പിക്കുമോ കേരളം

വഖഫ് ബോർഡ് നിലപാട്

വഖഫ് ഭൂമി സംരക്ഷിക്കുക എന്നതാണ് വഖഫ് ബോർഡിന്റെ ചുമതലയെന്നാണ് ബോർഡ് ചെയർമാൻ അഡ്വ.എം കെ സക്കീർ പറഞ്ഞത്. മുനമ്പത്തെ ഭൂമി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യപ്പെട്ടതാണ്. എന്നാൽ, ഭൂമിയിൽ കൈവശാവകാശം ഉണ്ടെന്ന് ചിലർ അവകാശപ്പെടുന്നു. അതിൽ നിയമപരമായ പരിഹാരം കണ്ടെത്താനാണ് വഖഫ് ബോർഡിന്റെ ശ്രമം. പെട്ടെന്നാരെയും പോയി കുടിയൊഴിപ്പിക്കലല്ല വഖഫിന്റെ ചുമതല, വസ്തുനിയമപ്രകാരം രജിസ്റ്ററിൽ ഉൾപ്പടുത്തി ഭൂമി സംരക്ഷിക്കുക എന്നതാണ്. നിലവിൽ, സർക്കാർ ഈ വിഷയത്തെ കുറിച്ച് പഠിക്കുകയാണ്. അവിടുത്തെ പ്രദേശവാസികൾ കൂടി ഉൾപ്പെട്ട പ്രശ്നമായതിനാൽ, സർക്കാരിന് അതുംകൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇത് വ്യക്തിപരമായ ഒരു തർക്കമില്ല. ആ പ്രദേശത്തു താമസിക്കുന്നവരുടെ അവകാശങ്ങളും വഖഫിന്റെ അവകാശങ്ങളും തമ്മിലുള്ള തർക്കമാണ്. അതിനാൽ, രണ്ട് അവകാശങ്ങളെ കുറിച്ചും കൃത്യമായി മനസിലാക്കിയ ശേഷം മാത്രമേ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ.

മുനമ്പം വിഷയം രാഷ്ട്രീയ ചർച്ചയായത്, വഖഫ് നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ ബിൽ അവതരിപ്പിച്ചതോടെയാണ്. ഇതൊരു നിയമ പ്രശ്നമായതിനാൽ കോടതികളിൽ നിന്നുമാണ് ഒരു തീർപ്പ് ഉണ്ടാകേണ്ടത്. സർക്കാരും കോടതിയും വിഷയത്തിൽ അനുയോജ്യമായ തീരുമാനം സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

Related Stories
Kerala Rain Alert: ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകും; ഇന്ന് ഈ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴ
Police Assault : വനിതാ പോലീസുകാരിയെ എസ്ഐ പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്ത് ക്രൈംബ്രാഞ്ച്
Kerala Rain Alert: കുട കരുതിക്കോളൂ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; സന്നിധാനത്തും പമ്പയിലും ഇടിമിന്നൽ; 4 ജില്ലകളിൽ യെല്ലോ അലർട്ട്
Palakkad By-Election 2024: പാലക്കാട് മണ്ഡലത്തിൽ ഇന്ന് അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
Palakkad By-Election 2024 Live: കിതച്ച് പാലക്കാട്; ജനം വിധിയെഴുതി, ഇനി കാത്തിരിപ്പ്
Palakkad Byelection 2024: ബീവറേജ് പോയിട്ട് സ്‌കൂള്‍ പോലും തുറക്കില്ല; ഈ ജില്ലക്കാര്‍ക്ക് ബുധനാഴ്ച അവധി
ദിവസവും ഓരോ ആപ്പിൾ കഴിക്കാം; ഗുണങ്ങൾ ഏറെ
മുഖക്കുരു മാറാൻ ഐസ് മാത്രം മതി
സർവ്വനാശം ഫലം; വീട്ടിൽ കസേര ഇടുമ്പോൾ എണ്ണം കൃത്യമാക്കാം
വ്യായാമമില്ലെങ്കിലും തടികുറയും, ചെയ്യേണ്ടത് ഇത്രമാത്രം