Kerala Literacy Rate: ‘കേരള സർ… 100% ലിറ്ററസി സാർ’; സാക്ഷരതാ നിരക്കിൽ കേരളം ഒന്നാമൻ തന്നെ; യഥാർത്ഥത്തിൽ എന്താണ് സാക്ഷരത?
What Is the Literacy Rate in Kerala: 2025ലേക്ക് കടന്നതിന് ശേഷം സമ്പൂര്‍ണ സാക്ഷരതയെപറ്റി ആലോചിച്ച് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് 1980കളില്‍ തന്നെ 100 ശതമാനം സാക്ഷരത കൈവരിച്ച കേരളം ഒരു മാതൃക ആണ്.

‘കേരള സർ… 100% ലിറ്ററസി സാർ’ എന്ന ഒരു വാചകമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാളികളുടെ ഇടയിൽ ചർച്ചാ വിഷയം. സംഭവം ഇന്ത്യ ഗോട്ട് ടാലന്റ് എന്ന പരിപാടിക്കിടെ കൊമേഡിയൻ ആയ ജസ്പ്രീത് സിംഗ് പറഞ്ഞതാണ്. കേരളത്തെ ആകെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരു പരാമർശം അങ്ങനെ കേട്ടിരിക്കാൻ പറ്റില്ലാലോ. അതുകൊണ്ട് തന്നെ പല മലയാളികളും അഭിമാനത്തോടെ തന്നെ, പറഞ്ഞു 100 ശതമാനം സാക്ഷരതയുള്ള സംസ്ഥാനം തന്നെയാണ് കേരളമെന്ന്. ഇത്തരം പ്രതികരണങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അതിനിടെ ചിലർക്കെങ്കിലും എന്താണ് യഥാർത്ഥത്തിൽ സാക്ഷരത എന്നും, കേരളം എങ്ങനെ സമ്പൂർണ സാക്ഷരത നേടി എന്നതിനെ കുറിച്ചും, ഇതെങ്ങനെയാണ് കണക്കാക്കുന്നത് എന്നതിനെ കുറിച്ചെല്ലാം സംശയം തോന്നിയിട്ടുണ്ടാകാം. ഇതിനെല്ലാം ഉള്ള ഉത്തരം വിശദമായി പരിശോധിക്കാം.
എന്താണ് സാക്ഷരത?
അക്ഷരങ്ങളും അക്കങ്ങളും വായിക്കാനും, എഴുതാനും, തിരിച്ചറിയാനും, പ്രയോഗിക്കാനുമുള്ള ശേഷിയെ ആണ് അടിസ്ഥാനമായി സാക്ഷരത എന്ന് പറയുന്നത്. കേരളത്തിലെ ജനങ്ങൾ മുഴുവനും ഈ ശേഷി ആർജ്ജിച്ചു കഴിഞ്ഞു എന്നു വേണം പറയാൻ. ഇതാണ് സാക്ഷരത കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെങ്കിലും ഇത് മാത്രമല്ല സാക്ഷരത നിർണയിക്കുന്നത്. ആരോഗ്യകരമായ സാമൂഹ്യ ജീവിതത്തിന് ആവശ്യമായ അവബോധം ആർജിക്കുക എന്നത് കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതായത് സാമൂഹ്യ സാക്ഷരത കൈവരിക്കുക. ജനാതിപത്യം, സാഹോദര്യം, സമത്വം, മതനിരപേക്ഷത, സാമൂഹ്യനീതി തുടങ്ങിയ മൂല്യങ്ങൾ എല്ലാം ഉൾകൊണ്ട് ജീവിക്കുമ്പോഴാണ് സാക്ഷരത എന്നത് അർഥവത്താകുന്നത്. ചുരുക്കിപ്പറഞ്ഞാൽ സാക്ഷരതയും സാമൂഹ്യ സാക്ഷരതയും കൂടി ഒത്തുചേരുമ്പോഴാണ് സാക്ഷര സമൂഹം രൂപപ്പെടുന്നത്.
കേരളത്തിന് സമ്പൂർണ സാക്ഷരത ലഭിച്ചത്
കേരളത്തിന് സമ്പൂർണ സാക്ഷരതാ സംസ്ഥാനം എന്ന അംഗീകാരം ലഭിക്കുന്നത് 1991 ഏപ്രിൽ 18നാണ്. സാക്ഷരതയുടെ പ്രാഥമിക ഉദ്ദേശം കേരളത്തിലെ തൊണ്ണൂറു ശതമാനം ജനങ്ങളും നേടിക്കഴിഞ്ഞു എന്ന് സാരം. 90 ശതമാനം ജനങ്ങൾ സാക്ഷരത കൈവരിച്ചു കഴിഞ്ഞാൽ സമ്പൂർണ സാക്ഷരത കൈവരിച്ചതായി കണക്കാക്കാം എന്ന യുനെസ്‌കോയുടെ മാനദണ്ഡം അനുസരിച്ചായിരുന്നു ഇത്. സമ്പൂര്‍ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. കോഴിക്കോട് പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി മലപ്പുറം കാവനൂര്‍ ഗ്രാമത്തിലെ ചേലക്കോടന്‍ ആയിശ നടത്തിയ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം കേരള ചരിത്രത്തിൽ എന്നും അഭിമാനത്തോടെ ഓർക്കപ്പെടുന്ന ഒരു സുവർണനിമിഷമാണ്. അതേസമയം 2024-ലെ കണക്ക് അനുസരിച്ച് കേരളത്തിലെ സാക്ഷരത നിരക്ക് 94.00 ശതമാനമാണ്. ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 74 ശതമാനവുമാണ്.
സാക്ഷരതാ മിഷന്‍ അതോറിറ്റി
സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം കൊണ്ട് മാത്രം സാക്ഷരതാ പരിപാടി അവസാനിക്കരുത്, അത് തുടർന്നും മുന്നോട്ടു കൊണ്ടുപോകണം എന്നുള്ളത് കൊണ്ടാണ് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിക്ക് 1998-ല്‍ അന്നത്തെ സര്‍ക്കാര്‍ രൂപം നല്‍കിയത്. എഴുതാനും വായിക്കാനും അക്കങ്ങള്‍ കൂട്ടാനും കിഴിക്കാനുമുള്ള കഴിവ് മാത്രമല്ല സാമൂഹികവും സാംസ്‌കാരികവും രാഷ്‌ട്രീയവും സാമ്പത്തികവുമായ കാര്യങ്ങളില്‍ ഇടപെടാനുള്ള കഴിവും കൂടി കേരളത്തിലെ ജനങ്ങൾ ആർജ്ജിക്കണം എന്ന ലക്ഷ്യത്തോടെ ആണ് സാക്ഷരതാ മിഷന്‍ അതോറിറ്റി രൂപീകരിച്ചത്.
ഇന്ത്യയിൽ സാക്ഷരതാ നിരക്ക് എങ്ങനെ കണക്കാക്കുന്നു?
ഒരു സമൂഹത്തിലെ 90 ശതമാനം പേർ സാക്ഷരതയുടെ പ്രാഥമികമായ ശേഷി ആർജ്ജിച്ചു കഴിഞ്ഞാൽ സാങ്കേതികമായി ആ സമൂഹത്തെ സമ്പൂർണ സാക്ഷരത നേടിയ സമൂഹമായി കണക്കാക്കാം എന്നതാണ് യുനെസ്‌കോയുടെ മാനദണ്ഡം. ഒരു നിശ്ചിത പ്രായപരിധിയിലെ സാക്ഷരരുടെ എണ്ണം അനുബന്ധ പ്രായപരിധിയിലുള്ള ജനസംഖ്യ കൊണ്ട് ഹരിച്ചാണ് സാക്ഷരതാ നിരക്ക് കണക്കാക്കുന്നത്. ഫലം പിന്നീട് 100 കൊണ്ട് ഗുണിക്കുന്നു. അല്ലെങ്കിൽ നിരക്ഷരരുടെ എണ്ണം അതേ രീതിയിൽ കണക്കാക്കി 100 ശതമാനത്തിൽ നിന്ന് അത് കുറച്ചു കൊണ്ടും സാക്ഷരത നിരക്ക് കണക്കാക്കുന്നു. 2011-ലെ സെൻസസ് പ്രകാരം, ഏഴ് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള, എഴുതാനും വായിക്കാനും കഴിവുള്ള ഏതൊരു വ്യക്തിയെയും സാക്ഷരനായി കണക്കാക്കുന്നു.
ഡിജിറ്റൽ സാക്ഷരത
ആവശ്യമുള്ള വിവരങ്ങൾ ലഭിക്കാൻ പ്രാദേശിക ലൈബ്രറിയിലെ പുസ്‌തകങ്ങളുടെ ശേഖരം മറിച്ചുനോക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇന്റർനെറ്റിന്റെ വരവോടെ ഏതൊരു ആവശ്യത്തിനും ഓൺലൈനിൽ വിവരങ്ങൾ തിരയാൻ കഴിയും വിധം ലോകം മാറിയിട്ടുണ്ട്. ഇത് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ഡിജിറ്റൽ സാക്ഷരത മിഷൻ പദ്ധതിക്കും നേരത്തെ തുടക്കം കുറിച്ച് കഴിഞ്ഞു. സാക്ഷരതയിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഉറപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
2024ൽ ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് യുനെസ്‌കോ സംഘടിപ്പിച്ച ആഗോള സമ്മേളനത്തിന് ഡിജിറ്റല്‍ ലോകത്തില്‍ സാക്ഷരത എന്ന പേരാണ് നല്‍കിയത്. അതായത് സാക്ഷരതയുടെ അര്‍ഥവും നിര്‍വചനവും തന്നെ ഈ ഡിജിറ്റൽ ലോകത്തിന്റെ വരവോടെ മാറിയെന്ന് സാരം. ദൈനംദിന ജീവിതത്തില്‍ സാക്ഷരത പ്രയോജനപ്പെടണമെങ്കില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാനും ഇന്റർനെറ്റിലൂടെ പല കാര്യങ്ങളും നിർവഹിക്കാനും സാധിക്കണം. ഈ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 2025ലേക്ക് കടന്നതിന് ശേഷം സമ്പൂര്‍ണ സാക്ഷരതയെപറ്റി ആലോചിച്ച് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് 1980കളില്‍ തന്നെ 100 ശതമാനം സാക്ഷരത കൈവരിച്ച കേരളം ഒരു മാതൃക ആണ്.