Rent A Cab : കാര്‍ വാടകയ്ക്ക് നല്‍കിയത് അനധികൃതമായി ! ആലപ്പുഴ അപകടം ഓര്‍മ്മിപ്പിക്കുന്നതും ‘റെന്റ് എ കാബി’ല്‍ ശ്രദ്ധിക്കേണ്ടതും
What is Rent a Cab service : വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നതിന് ചില ചട്ടങ്ങളുണ്ട്. നിയമവിരുദ്ധമായി വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നത് നിയമനടപടികള്‍ക്ക് കാരണമാകും. കേരളത്തില്‍ നിയമപരമായി റെന്റ് എ കാബ് സര്‍വീസ് നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട്
ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ദാരുണ മരണത്തിന് ഇടയാക്കിയ ആലപ്പുഴ കളര്‍കോട് അപകടത്തെക്കുറിച്ചാണ് കേരളം ചര്‍ച്ച ചെയ്യുന്നത്. കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറിയായിരുന്നു അപകടം. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കിയത് അനധികൃതമായാണെന്നാണ് ആര്‍ടിഒ വ്യക്തമാക്കുന്നത്. റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ലാത്തയാളാണ് കാര്‍ നല്‍കിയതെന്നും ആര്‍ടിഒ വ്യക്തമാക്കി.
വാഹനത്തിന്റെ ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ടാക്‌സി പെര്‍മിഷന്‍ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വാഹന ഉടമയോട് അടിയന്തരമായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
റെന്റ് എ കാബ്
സ്വന്തമായി കാര്‍ ഇല്ലാത്തവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ‘റെന്റ് എ കാബ്’ സേവനം. വിദേശത്ത് നിന്ന് എത്തുന്ന പ്രവാസികളടക്കം ഇത്തരത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാറുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളും ഈ സേവനം ഉപയോഗിക്കാാറുണ്ട്.
എന്നാല്‍ വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നതിന് ചില ചട്ടങ്ങളുണ്ട്. നിയമവിരുദ്ധമായി വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നത് നിയമനടപടികള്‍ക്ക് കാരണമാകും.
കേരളത്തില്‍ നിയമപരമായി റെന്റ് എ കാബ് സര്‍വീസ് നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. വണ്ടി അനുസരിച്ചാകും ഇത്തരം വാഹനങ്ങള്‍ക്ക് വാടക നിശ്ചയിക്കുന്നത്. റെന്റിന് എടുക്കുന്ന ദിവസങ്ങളും പരിഗണിച്ചാകും വാടക നിശ്ചയിക്കുന്നത്.
നിയമപരമായി പ്രവര്‍ത്തിക്കുന്ന റെന്റ് എ കാബുകളുടെ ബോര്‍ഡില്‍ കറുപ്പില്‍ മഞ്ഞ നിറത്തിലുള്ള അക്ഷരമായിരിക്കും. വാഹനം വാടകയ്ക്ക് എടുക്കുന്നവരുടെ വിശദാംശങ്ങള്‍ അംഗീകൃത കമ്പനി ശേഖരിക്കും. സുരക്ഷ മുന്‍നിര്‍ത്തി വാടകയ്ക്ക് എടുത്തവരുടെ വിവരങ്ങള്‍ ആര്‍ടിഒയുമായും കമ്പനി പങ്കുവയ്ക്കും.
റെന്റ് എ കാബ് സര്‍വീസ് കമ്പനി തുടങ്ങുന്നതിന് ആദ്യഘട്ടത്തില്‍ 50 വണ്ടികളെങ്കിലും ഉണ്ടായിരിക്കണമെന്നാണ് 1989ലെ റെന്റ് എ കാബ് സ്‌കീമില്‍ വ്യക്തമാക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഈ സ്‌കീമിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. സ്‌കീമില്‍ പരാമര്‍ശിക്കുന്ന വ്യവസ്ഥകളെല്ലാം പാലിച്ചെങ്കില്‍ മാത്രമേ ലൈസന്‍സ് ലഭിക്കൂ.
വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ഡ്രൈവിങ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഹാജരാക്കേണ്ടി വരും. വണ്ടി തിരിച്ച് നല്‍കുമ്പോള്‍ ഡെപ്പോസിറ്റും തിരികെ ലഭിക്കും.
കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എവിഎസ് കാര്‍സാണ് സംസ്ഥാനത്തെ ആദ്യത്തെ സര്‍ക്കാര്‍ അംഗീകൃത റെന്റല്‍ കാബ് സര്‍വീസ് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.