Kerala Ragging: ക്രൂരമർദ്ദനം,അസഭ്യം പറയൽ; ക്യാമ്പസുകളിൽ ജീവിതം തകർക്കുന്ന റാഗിങ്ങ് മുറകൾ
Kerala Prohibition of Ragging Act: റാഗിങ്ങിനെതിരേ നിയമങ്ങള്‍ സംസ്ഥാനത്ത് നിലവിലില്ലേയെന്നാണ് ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുകേൾക്കുന്ന പ്രധാന ചോദ്യം. കലാലയങ്ങളിൽ അരങ്ങേറുന്ന റാഗിങ്ങിനെതിരെ സംസ്ഥാനത്ത് ശക്തമായ ഒരു നിയമമുണ്ട്. കേരള റാഗിങ് നിരോധന നിയമം 1998 ആണ് ആ നിയമം.

സംസ്ഥാനത്തെ കലാലയങ്ങളിൽ അരങ്ങേറുന്നത് അതിക്രൂരറാഗിങാണ് എന്നതിന് ഉത്തമ ഉദാഹരണമാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് കോളേജിലുണ്ടായ റാഗിങ് മുറകൾ. മൂന്നുമാസമാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ ക്രൂരമായ റാഗിങ്ങിന് സീനിയര്‍ വിദ്യാര്‍ഥികൾ വിധേയരാക്കിയത്. നഗ്നരാക്കിനിര്‍ത്തി സ്വകാര്യഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കിയും, വായിലും ശരീരഭാഗങ്ങളിലും ക്രീം തേച്ചും , വിദ്യാർത്ഥികളെ ക്രൂരമായി മര്‍ദിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതിനു മുൻപായിരുന്നു ഫ്‌ളാറ്റിന്റെ ഇരുപത്തിയാറാം നിലയില്‍നിന്ന് മിഹിര്‍ അഹമ്മദ് (15) എന്ന സ്‌കൂള്‍ വിദ്യാര്‍ഥി താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇതിനു കാരണവും സഹപാഠികളുടെ ക്രൂരമായ റാഗിങ്ങാണെന്നാണ് വെളിപ്പെടുത്തൽ.
ഇതോടെ റാഗിങ്ങിനെതിരേ നിയമങ്ങള്‍ സംസ്ഥാനത്ത് നിലവിലില്ലേയെന്നാണ് ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുകേൾക്കുന്ന പ്രധാന ചോദ്യം. കലാലയങ്ങളിൽ അരങ്ങേറുന്ന റാഗിങ്ങിനെതിരെ സംസ്ഥാനത്ത് ശക്തമായ ഒരു നിയമമുണ്ട്. കേരള റാഗിങ് നിരോധന നിയമം 1998 ആണ് ആ നിയമം. എന്നാൽ നിയമം ഉണ്ടായിട്ട് മാത്രം കാര്യമില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റാഗിങ് മുറകളും സംഭവങ്ങളും. നിയമങ്ങള്‍ ശക്തമായി നടപ്പാക്കിയാല്‍ മാത്രമേ ഇത്തരം ദുഷ്പ്രവണതകളെ സമൂഹത്തിൽ നിന്ന് തുടച്ച് മാറ്റാൻ സാധിക്കും. എന്നാൽ പലപ്പോഴും ഇത് നടപ്പാകുന്നില്ലെന്ന യാഥാർത്യം നമ്മൾ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു.
കേരള റാഗിങ് നിരോധന നിയമം 1998
റാഗിങ്ങിനെതിരെ കേരള നിയമസഭ 1998 കൊണ്ടുവന്ന നിയമമാണ് കേരള റാഗിങ് നിരോധന നിയമം 1998. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവന്നത്. 1998 ലാണ് പാസാക്കിയതെങ്കിലും മുന്‍കാല പ്രാബല്യം നല്‍കിയത് വഴി 1997 ഒക്ടോബര്‍ 23 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു. നിയമത്തിൽ ഒൻപക് വകുപ്പുകളാണ് പറയുന്നത്. ശക്തമായ നിബന്ധനകളും നിയന്ത്രണങ്ങളും അടങ്ങിയതാണ് ഇതിലെ എല്ലാ നിയമങ്ങളും.
എന്താണ് റാഗിങ്?
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുക, ഉപദ്രവിക്കുക, അധിക്ഷേപിക്കുക, പരിഹസിക്കുക, കാര്യങ്ങൾ നിർബന്ധിച്ച് ചെയ്യിപ്പിക്കുക തുടങ്ങിയവയാണ് റാഗിങ്ങ് എന്ന് പറയുന്നത്. കളിയാക്കുന്നതും വഴക്ക് പറയുന്നതും, വേദനിപ്പിക്കുന്നതും എല്ലാം റാഗിങ്ങിന്റെ പരിധിയില്‍ പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമല്ല പുറത്തു വച്ചോ അവർ താമസിക്കുന്ന ഹോസ്റ്റലിൽ വച്ചോ ഇത്തരം പ്രവർത്തികൾ നടത്തിയാൽ അത് റാഗിങ്ങിന്റെ പരിധിയില്‍ വരുന്നു.
പരാതി നല്‍കേണ്ടത് എങ്ങനെ?
ഏതെങ്കിലും വിദ്യാർത്ഥി റാഗിങ്ങിന് വിധേയരായൽ പരാതി നൽകണം. വിദ്യാർത്ഥിയോ മാതാപിതാക്കളോ അധ്യാപകനോ പരാതി നല്‍കാം. ഏത് സ്ഥാപനത്തില്‍ വച്ചാണോ സംഭവിച്ചിരിക്കുന്നത് ആ സ്ഥാപനത്തിന്റെ തലവന്‍ അഥവാ ഹെഡ് ഓഫ് ദ ഇന്‍സ്റ്റിറ്റ്യൂഷനാണ് പരാതി നല്‍കേണ്ടത്. റാഗിങ് നടന്നുവെന്ന പരാതി ലഭിച്ചാൽ അതിൽ ഏഴു ദിവസത്തിനകം അന്വേഷണം നടത്തേണം. അന്വേഷണത്തിൽ പരാതി സത്യമാണെന്ന് തെളിഞ്ഞാൽ ആരോപണവിധേയനായ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്യുകയും പരാതി പോലീസിന് കൈമാറുകയും വേണം.
ശിക്ഷാവിധികള്‍
റാഗിങ് നടത്തിയതായി കണ്ടെത്തിയ വിദ്യാർത്ഥിക്ക് അത് തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം വരെ തടവ് ശിക്ഷയും10,000 രൂപ പിഴ ലഭിക്കും. ഇതിനു പുറമെ മൂന്ന് വര്‍ഷത്തേക്ക് ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷൻ ലഭിക്കില്ല. വകുപ്പ് 4, വകുപ്പ് 5 എന്നിവയിലാണ് ഇക്കാര്യം പറയുന്നത്.