കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ ആയുധം; അക്രമം അഴിച്ചുവിടാന്‍ നീക്കം നടത്തുന്നു: രമ്യ ഹരിദാസ്
വീഡിയോ പുറത്തുവിട്ടതിന് പുറമെ ദൃശ്യങ്ങള്‍ ചേലക്കര പൊലീസിന് കൈമാറിയെന്നാണ് വിവരം. ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് അറിയാന്‍ സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന ആളുകളെ വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ചേലക്കര: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്ന് ആയുധം കണ്ടെത്തിയെന്ന് ആരോപിച്ച് യുഡിഎഫ്. ആരോപണത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളും യുഡിഎഫ് ക്യാമ്പ് പുറത്തുവിട്ടിട്ടുണ്ട്.
എന്നാല്‍ യുഡിഎഫ് പുറത്തുവിട്ട വീഡിയോയിലുള്ളത് പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാന്‍ ഉപയോഗിച്ച ആയുധങ്ങളാണെന്നാണ് എല്‍ഡിഎഫിന്റെ വിശദീകരണം. സിപിഎമ്മിന്റെ കൊടിക്കെട്ടിയ വാഹനത്തില്‍ നിന്ന് ആയുധങ്ങളെന്ന് സംശയിക്കുന്ന സാധനങ്ങള്‍ തൊട്ടടുത്ത ഓടയിലേക്ക് മാറ്റുന്നതും പിന്നീടത് കാറിലേക്ക് തിരികെ വെക്കുന്നതുമാണ് വീഡിയോയിലുള്ളത്.
വീഡിയോ പുറത്തുവിട്ടതിന് പുറമെ ദൃശ്യങ്ങള്‍ ചേലക്കര പൊലീസിന് കൈമാറിയെന്നാണ് വിവരം. ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് അറിയാന്‍ സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന ആളുകളെ വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
വീഡിയോയുടെ ആധികാരികത ഉള്‍പ്പെടെ പരിശോധിച്ചശേഷം മാത്രമായിരിക്കുമെന്നും തുടര്‍ നടപടിയെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
വിഷയം വിവാദമായതോടെ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസും രംഗത്തെത്തിയിട്ടുണ്ട്. അക്രമം അഴിച്ചുവിടാനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കമാണിതെന്നാണ് രമ്യ ഹരിദാസ് ആരോപിക്കുന്നത്.
അതേസമയം, കാറില്‍ നിന്ന് മാറ്റിയത് പണിയായുധങ്ങളാണെന്നും വീഡിയോയിലുള്ള താനാണെന്നും ഇടതുപ്രവര്‍ത്തകന്‍ സുരേന്ദ്രന്‍ സ്ഥിരീകരിച്ചു. ഫ്‌ളക്‌സ് വെക്കാന്‍ പോയ മറ്റ് ചില പ്രവര്‍ത്തകരുടെ ആയുധങ്ങളാണ് വണ്ടിയിലുണ്ടായിരുന്നു. കൊട്ടിക്കലാശത്തിന് പോകാന്‍ വണ്ടിയില്‍ കയറിയപ്പോഴാണ് അക്കാര്യം കണ്ടത്. അഥവാ വഴിയില്‍ പരിശോധന ഉണ്ടാവുമെന്ന് കരുതിയാണ് ആയുധങ്ങള്‍ മാറ്റിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു. പ്രചാരണവാഹനത്തില്‍ ആയുധങ്ങള്‍ കൊണ്ടുപോകുന്ന പരിപാടി സിപിഎമ്മിന് ഇല്ലെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. പൊലീസ് എന്താണ് ഉണ്ടായതെന്ന് അന്വേഷിച്ചോട്ടെയെന്നും കെ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ സജീകരണങ്ങളും സംസ്ഥാനത്ത് സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. കേരള പൊലീസും കേന്ദ്ര പൊലീസും സംയുക്തമായാണ് സുരക്ഷയൊരുക്കുക.
25,231 ബൂത്തുകളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. 13272 സ്ഥലങ്ങളിലാണ് പോളിങ് ബൂത്തുള്ളത്. പൊലീസ് വിന്യാസത്തിന് നേതൃത്വം നല്‍കുന്നത് എഡിജിപി എംആര്‍ അജിത്ത് കുമാറാണ്. പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹര്‍ഷിത അട്ടല്ലൂരിയാണ് അസിസ്റ്റന്റ് പൊലീസ് നോഡല്‍ ഓഫീസറായി ചുമതലയേറ്റിട്ടുള്ളത്.
20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴില്‍ ജില്ലകളെ 144 ഇലക്ഷന്‍ സബ്ബ് ഡിവിഷന്‍ മേഖലകളാക്കിയാണ് പ്രവര്‍ത്തനം. ഇതില്‍ ഓരോ മേഖലയുടെയും ചുമതല ഡിവൈഎസ്പി അല്ലെങ്കില്‍ എസ്പിമാര്‍ക്കായിരിക്കും. 180 എസ്പിമാര്‍, 100 ഇന്‍സ്‌പെക്ടര്‍മാര്‍, 4540 എസ്‌ഐ, എഎസ്‌ഐമാര്‍, 23932 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 2874 ഹോം ഗാര്‍ഡുകള്‍,4383 ആംഡ് പൊലീസ് ബറ്റാലിയന്‍ അംഗങ്ങള്‍, 24327 എസ്പിഒമാര്‍ എന്നിവരാണ് സുരക്ഷയ്ക്കായുള്ളത്.
ഇതുമാത്രമല്ല, 62 കമ്പനി സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സും സുരക്ഷയ്ക്കുണ്ട്. ഇതില്‍ 15 കമ്പനി സേന നേരത്തെ തന്നെ സുരക്ഷയ്ക്കായി സംസ്ഥാനത്തെത്തിയിരുന്നു. പിന്നീട് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം ബാക്കി സേനാംഗങ്ങള്‍ കൂടി സംസ്ഥാനത്തെത്തി. പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയ ഇടങ്ങളില്‍ കേന്ദ്രസേനയുള്‍പ്പെടെ അധിക പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനിലും രണ്ട് പട്രോള്‍ ടീമുകളെ വീതം വിന്യസിച്ചിട്ടുണ്ട്.
അതേസമയം, 40 ദിവസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. നിശബ്ദ പ്രചാരണമാണ് ഇന്ന് നടക്കുന്നത്. നാളെ കേരളം പോളിങ് ബൂത്തിലേക്ക്. വെള്ളിയാഴ്ച രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ.