Wayanad Wild Elephant Attack : വയനാട്ടിൽ വീണ്ടും ആനക്കലി; കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
Wayanad Elephant Attack Death : ഇതോടെ ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ സംസ്ഥാന മരിച്ചവരുടെ എണ്ണം നാലായി. വയനാട് അട്ടമല മേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്.

വയനാട് : കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ വീണ്ടും മരണം. വയനാട് അട്ടമല സ്വദേശി ബാലൻ (27) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം വയനാട്ടിലെ നൂൽപ്പുഴയിലും കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായിരുന്നു. തുടർച്ചയായി സംസ്ഥാനത്തും ജില്ലയിലും കാട്ടാന ആക്രമണത്തിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം നിൽക്കെയാണ് അടുത്ത മരണവാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ഇന്നലെ ഫെബ്രുവരി 11-ാം തീയതി രാത്രിയിൽ കാട്ടാന ആക്രമിച്ചതാകാമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം ചൂരൽമല അങ്ങാടിയിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ബാലൻ വീട്ടിലേക്ക് പോയതാണ്. ഉരുൾപൊട്ടലിന് ശേഷം ചുരുമലയ്ക്കും അട്ടമലയ്ക്കിടെ കാട്ടാന ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അറിയിച്ചെങ്കിലും അധികാരികളുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
തിങ്കളാഴ്ച രാത്രിയിലാണ് വയനാട് ബത്തേരിയിൽ ആദിവാസി യുവാവായ മാനുവിനെ കാട്ടാന കൊന്നത്. ബത്തേരി നൂൽപ്പുഴയ്ക്ക് സമീപമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മാനുവിൻ്റെ മരണത്തെ തുടർന്ന് പ്രദേശത്ത് നാട്ടുകാർ വലിയ പ്രതിഷേധം ഉയർത്തി. കലക്ടർ ഉൾപ്പെടെയുള്ളവർ എത്തി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മാനുവിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് മറ്റു നടപടികൾക്കുമായി കൊണ്ടുപോകാൻ നാട്ടുകാർ സമ്മതിച്ചത്.
ഇത് കൂടാതെ തിങ്കളാഴ്ച ഇടുക്കിയിലും കാട്ടാന ആക്രമണത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇടുക്കി പെരുവന്താനത്ത് സോഫി ഇസ്മായിൽ എന്ന യുവതിയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അരുവിയിൽ കുളിക്കാൻ പോയതായിരുന്നു സോഫിയ.