Wayanad Landslide: മൃതദേഹ ഭാഗങ്ങൾ ഒഴുകിയെത്തിയത് കിലോ മീറ്ററുകൾക്കപ്പുറം
Wayanad Landslide: മൃതദേഹങ്ങൾ പലതും ഇനിയും തിരിച്ചറിയാനുണ്ട്, ആരെയൊക്കെയാണ് കാണാതായത് എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വരാനുണ്ട്
വയനാട്: മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ ഉൾപ്പെട്ടവരെന്ന് സംശയിക്കുന്നവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഒഴുകിയെത്തിയത് കിലോമീറ്ററുകൾക്കപ്പുറം മലപ്പുറം പോത്തുകല്ലിൽ. പലയിടങ്ങളിൽ നിന്നും ആറിലധികം പേരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. ചാലിയർ പുഴയിലൂടെയാണ് മൃതദേഹങ്ങൾ ഒഴുകിയെത്തിയത്. ഇത് ആരുടെയൊക്കെയാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആദ്യത്തെ ഉരുൾപ്പൊട്ടിയത്. പിന്നീട് നാല് മണിക്ക് വീണ്ടും ഉരുൾപ്പൊട്ടിയതായാണ് റിപ്പോർട്ട്. മുണ്ടക്കൈയിൽ ഇതുവരെ ആളുകൾക്ക് എത്താൻ സാധിക്കാത്തതാണ് വലിയ പ്രതിസന്ധി. എൻഡിആർഎഫ്, സൈന്യം, വ്യോമസേന എന്നിവർ വയനാട്ടിലേക്ക് എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണ്. മെഡിക്കൽ വിദഗ്ധർ അടക്കം കരസേനയുടെ 190 അംഗ സംഘമാണ് പ്രദേശത്തേക്ക് എത്തുന്നത്. അതേസമയം ഉരുൾപ്പൊട്ടലിൽ നിലവിൽ സ്ഥിരീകരിച്ച മരണ സംഖ്യ 19 ആണ്. എന്നാൽ മരണ സംഖ്യ ഉയരാനാണ് സാധ്യത.
Death toll in the Wayanad landslides has risen to 11.#WayanadLandslide #Wayanad #Landslide #Kerala pic.twitter.com/Jk3zSc3Rtf
— Vani Mehrotra (@vani_mehrotra) July 30, 2024
അതേസമയം പ്രദേശത്തെ ആദിവാസി സെറ്റിൽമെൻ്റുകളിൽ നിന്നും ആളുകളെ ഒഴുപ്പിച്ച് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. എന്നാൽ ചിലർ ക്യാമ്പുകളിലേക്ക് മാറിയോ എന്നതിൽ വ്യക്തതയില്ലെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രത്യേക കൺട്രോൾ റൂം
വയനാട്ടിലെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം.
സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ : 9497900402, 0471 2721566.