Wayanad Landslide: വയനാട് ഉരുൾപൊട്ടൽ; മനുഷ്യശരീരം കണ്ടെത്താൻ ദുരന്തഭൂമിയിലേക്ക് മായയും മർഫിയുമെത്തും
Wayanad Massive Landslide: 30 അടിയിൽ നിന്നുവരെ മനുഷ്യശരീരങ്ങൾ കണ്ടെത്താൻ പരിശീലനം സിദ്ധിച്ച നായ്ക്കളാണ് ഇരുവരും. മുമ്പ് പെട്ടിമുടി ദുരന്തത്തിൽ നിന്ന് എട്ട് മൃതദേഹങ്ങൾ കണ്ടെത്തിയത് മായ എന്ന പൊലീസ് നായയാണ്. നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ (Wayanad Massive Landslide) ദുരന്തപ്രദേശത്തേയ്ക്ക് പൊലീസ് നായ്ക്കളായ മായയും മർഫിയുമെത്തുന്നു (Maya And Marfi). മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച പോലീസ് നായ്ക്കളാണ് മായയും മർഫിയും. ഇവർ ഉച്ചയോടെ വയനാട്ടിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. 30 അടിയിൽ നിന്നുവരെ മനുഷ്യശരീരങ്ങൾ കണ്ടെത്താൻ പരിശീലനം സിദ്ധിച്ച നായ്ക്കളാണ് ഇരുവരും. മുമ്പ് പെട്ടിമുടി ദുരന്തത്തിൽ നിന്ന് എട്ട് മൃതദേഹങ്ങൾ കണ്ടെത്തിയത് മായ എന്ന പൊലീസ് നായയാണ്. നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
വളരെ ഭയാനകമായ ദുരന്തമാണ് വയനാട് മുണ്ടക്കൈയിൽ ഉണ്ടായിരിക്കുന്നത്. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരങ്ങൾ. അതുകൊണ്ട് തന്നെ പൊലീസ് നായ്ക്കളുടെ സഹായം വേണ്ടിവരുമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. പുഴയുടെ ഇരുകരകളിലും വീടുകളുണ്ടായിരുന്നു. ആ ഭാഗത്തുള്ള വീടുകളെല്ലാം തന്നെ പൂർണമായി ഒലിച്ചു പോയിരിക്കുകയാണ് നിലവിൽ. അങ്ങനെയെങ്കിൽ മണ്ണിനടിയിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടാകാം എന്നാണ് നിഗമനം.
ALSO READ: അന്ന് പുത്തുമലയും കവളപ്പാറയും, ഇന്ന് മുണ്ടക്കൈ; നാട് വിറങ്ങലിച്ച ദുരന്തങ്ങൾ
ദുരന്തത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. വീടുകളും വാഹനങ്ങളും ഉൾപ്പെടെയാണ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയിരിക്കുന്നത്. നൂറ് കണക്കിന് വീടുകൾ ഒറ്റപ്പെട്ടു. പുഴയിൽ മൃതശരീരങ്ങൾ ഒഴുകിപ്പോകുന്ന ഭീകരമായ അവസ്ഥയാണ്. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തകരുൾപ്പെടെ നിരവധി പേരാണ് ഒറ്റപ്പെട്ടുപോയിരിക്കുന്നത്. രക്ഷാദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിച്ച് ഇവിടെ കനത്ത മഴ പെയ്യുന്നുണ്ട്.
ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക് ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. നേരത്തെ ജില്ലാ തലത്തിൽ ആരംഭിച്ച കൺട്രോൾ റൂമിന് പുറമെയാണ് ചൂരൽമല കേന്ദ്രീകരിച്ച് കൺട്രോൾ റൂം ആരംഭിച്ചിരിക്കുന്നത്. അതേസമയം, 100ലധികം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. മേപ്പാടി വിംസ് ആശുപത്രിയിൽ 76 പേരും കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഒൻപത് പേരും മേപ്പാടി ആരോഗ്യ കേന്ദ്രത്തിൽ 22പേരും ചികിത്സ തേടി. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരുകയാണ്.
ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന മുണ്ടക്കൈയിലെ വെള്ളരിമല ജിവിഎച്ച്എസ്എസിലും ഉരുൾപൊട്ടലിൽ ഒലിച്ചുപോയിരുന്നു. നാലു കുടുംബങ്ങളിൽ നിന്നായി 15പേരാണ് ക്യാമ്പിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. മലവെള്ളപ്പാച്ചിലിന് മുമ്പ് ഇവരെ ഇവിടെ നിന്ന് മാറ്റിയിരുന്നോ എന്ന് വ്യക്തമല്ല. ഇതിനിടെ, മേപ്പാടി ചൂരൽമല ഹാരിസൺ മലയാളം പ്ലാൻറേഷനിൽ 700ലധികം പേർ കുടുങ്ങികിടക്കുകയാണെന്നാണണ് വിവരം. ഇതിൽ 10പേർക്ക് ഗുരുതര പരിക്കുണ്ടെന്നാണ് റിപ്പോർട്ട്.
ചൂരൽമലയിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പറുകൾ
ഡെപ്യൂട്ടി കളക്ടർ- 8547616025
തഹസിൽദാർ വൈത്തിരി – 8547616601
കൽപ്പറ്റ ജോയിൻ്റ് ബിഡിഒ ഓഫീസ് – 9961289892
അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ – 9383405093
അഗ്നിശമന സേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ – 9497920271
വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ – 9447350688