Wayanad Tiger Attack: വയനാട്ടിലെ നരഭോജി കടുവ ചത്ത നിലയിൽ
ജില്ലയിൽ ഭീതി വിതച്ച കടുവയാണ് ചത്ത നിലയിൽ കണ്ടെത്തിയത്, പുലർച്ചെയോടെ കടുവ കൊല്ലപ്പെട്ടതായാണ് നിഗമനം
വയനാട്: പഞ്ചാരക്കൊല്ലിയിൽ ഭീതി വിതച്ചിരുന്ന നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പുലർച്ചെ 2.30-നാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. പഞ്ചാരക്കൊല്ലിക്ക് സമീപം പിലാക്കാവ് ഭാഗത്താണ് കടുവയുടെ മൃതദേഹം കണ്ടെത്തിയത്. കടുവയുടെ ദേഹത്ത് പരിക്കുകളുണ്ട്. ഇതിൽ രണ്ട് വലിയ മുറിവുകൾ കടുവയുടെ കഴുത്തിലുണ്ടായിരുന്നു. കാടിന് സമീപം മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്തായിരുന്നു കടുവയെ കണ്ടെത്തിയത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടതാകാമെന്നാണ് നിഗമനം.
ആദ്യ ഘട്ടത്തിൽ കടുവ അവശനിലയിലായിരുന്നു. കടുവയുടെ കാൽപ്പാട് പിന്തുടർന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയെ കണ്ടെത്തിയത്. ആദ്യം മയക്കുവെടി വെക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും കടുവ മുന്നോട്ട് പോവുകയായിരുന്നു. പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. പ്രദേശത്ത് ഒന്നിലധികം കടുവകളുണ്ടോ എന്നതിൽ സംശയമുണ്ട്.
തോട്ടം തൊഴിലാളി രാധയെ കൊലപ്പെടുത്തിയ കടുവ തന്നെയാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പ്രിയദർശിനി എസ്റ്റേറ്റിലെ ബേസ് ക്യാമ്പിലാണ് കടുവയുള്ളത്. എങ്കിലും ഇനി പോസ്റ്റ്മോർട്ടം അടക്കം ഇതിന് കൂടുതൽ ശാസ്ത്രീയ പരിശോധന ആവശ്യമുണ്ട്. അതേസമയം കടുവയുടെ ആക്രമണത്തിൽ പ്രദേശത്ത് 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.