Wayanad Landslides: മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണെയെന്ന് കമൻ്റ്; ഭാവനയും സജിനും വയനാട്ടിലേക്ക്
ഇടുക്കി ഉപ്പുതറ സ്വദേശി ഭാവനയാണ് ഇത്തരമൊരു കാര്യം മുന്നോട്ട് വെച്ചത്. വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ പോസ്റ്റിന് താഴെ കമൻ്റായാണ് പോസ്റ്റിട്ടത്

Wayanad Landslide Breast-Feeding
ഇടുക്കി: ഹൃദയഭേദകമായ വാർത്തകളാണ് വയനാട്ടിൽ നിന്നും പുറത്തു വരുന്നത്. കേരളമൊട്ടാകെ ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടുകയാണ്. നിരവധി പേരാണ് വയനാട്ടിലെ ദുരിതബാധിതർക്ക് സഹായവുമായി എത്തുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ വാർത്തയാണ് ഇടുക്കിയിൽ നിന്നും എത്തുന്നത്. ദുരന്തത്തിൽ അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ് ഇടുക്കിയിൽ നിന്നുള്ള യുവതി.
രണ്ട് കുട്ടികളുടെ അമ്മയായ ഇടുക്കി ഉപ്പുതറ സ്വദേശി ഭാവനയാണ് ഇത്തരമൊരു കാര്യം മുന്നോട്ട് വെച്ചത്. വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ പോസ്റ്റിന് താഴെ കമൻ്റായാണ് ഭാവനയുടെ ഭർത്താവ് പോസ്റ്റിട്ടത്. ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണെ എൻ്റെ ഭാര്യ റെഡിയാണെന്നായിരുന്നു പോസ്റ്റ്. വളരെ വേഗത്തിലാണ് കമൻ്റ് ശ്രദ്ധ പിടിച്ചു പറ്റിയത്. ഇതിന് പിന്നാലെ ഫോൺകോളുകളെത്തി. ഇവരോട് വയനാട്ടിലേക്ക് എത്താനും ആവശ്യം ഉയർന്നു.
Also Read: Wayanad Landslide: സുരേഷ് ഗോപി എവിടെ? കേരളത്തില്‍ നിന്നുള്ള ഏക ബിജെപി എംപിയെ തേടി സോഷ്യല്‍ മീഡിയ
തങ്ങളുടെ ഏക വരുമാനമാർഗമായ പിക്കപ്പ് ജീപ്പിൽ ഭാവനയും സജിനും ഇടുക്കിയിൽ നിന്നും യാത്ര തിരിച്ചിട്ടുണ്ട്. നാല് വയസ്സും നാല് മാസവും പ്രായമായ രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ് ഭാവനയും സജിനും. എനിക്കറിയാം അമ്മമാരില്ലാത്ത കുട്ടികൾക്ക് അതെങ്ങനെയായിരിക്കുമെന്ന്. അതാണ് ഈ തീരുമാനം എടുക്കാൻ എന്നെ പ്രേരിപ്പിച്ചത് -ഭാവന മാധ്യമങ്ങളോട് പറഞ്ഞു. അനാഥരായ കുട്ടികളെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ചപ്പോൾ ഭർത്താവും പിന്തുണ നൽകിയെന്നും ഭാവന പറയുന്നു.