5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslides: വയനാട്ടില്‍ വേറെയുമുണ്ട് ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങള്‍: ജോണ്‍ മത്തായി

Wayanad Landslides Updates: ഉരുള്‍പൊട്ടിയ ഭാഗത്താണ് ആദ്യം പരിശോധന നടത്തുന്നത്. അവിടെ നിന്ന് താഴോട്ട് പരിശോധിക്കും. രണ്ടോ മൂന്നോ ദിവസം നീളുന്ന പരിശോധനയാണ് ഉദ്ദേശിക്കുന്നത്. താനുള്‍പ്പെടെയുള്ള ആറംഗസംഘം ഒരുമിച്ചിരുന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

Wayanad Landslides: വയനാട്ടില്‍ വേറെയുമുണ്ട് ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങള്‍: ജോണ്‍ മത്തായി
Wayanad Landslides (PTI Image)
shiji-mk
Shiji M K | Published: 13 Aug 2024 15:28 PM

കല്‍പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ള വേറെയും പ്രദേശങ്ങളുണ്ടെന്ന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി. വയനാട്ടില്‍ സേഫ് ഏരിയ അണ്‍ സേഫ് ഏരിയ ഏതൊക്കെ എന്ന് തരംതിരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചൂരല്‍മലയില്‍ ഉരുള്‍പൊട്ടിയ പ്രദേശം മുതല്‍ താഴേക്ക് പരിശോധിക്കും. എന്താണ് ഉരുള്‍പൊട്ടലിന് കാരണമായതെന്നും പ്രഭവകേന്ദ്രം ഏതാണെന്നും പരിശോധിക്കുമെന്ന് ജോണ്‍ മത്തായി കൂട്ടിച്ചേര്‍ത്തു.

ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മുണ്ടക്കൈ, ചൂരല്‍മല എന്നീ മേഖലകളില്‍ പരിശോധന നടത്തുന്നത്. ജില്ലയില്‍ സുരക്ഷിതമായ പ്രദേശങ്ങള്‍ ഏതൊക്കെ ദുര്‍ബലമായ പ്രദേശങ്ങള്‍ ഏതൊക്കെ എന്ന് കണ്ടത്തേണ്ടതുണ്ട്. കൂടാതെ ഇനി എന്തെങ്കിലും ദുരന്തങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന് പരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജോണ്‍ മത്തായി പറഞ്ഞു.

Also Read: IB Ministry: ദുരന്തങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിടുമ്പോള്‍ തീയതിയും സമയവും ഉള്‍പ്പെടുത്തുക; മാധ്യമങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം

ഉരുള്‍പൊട്ടിയ ഭാഗത്താണ് ആദ്യം പരിശോധന നടത്തുന്നത്. അവിടെ നിന്ന് താഴോട്ട് പരിശോധിക്കും. രണ്ടോ മൂന്നോ ദിവസം നീളുന്ന പരിശോധനയാണ് ഉദ്ദേശിക്കുന്നത്. താനുള്‍പ്പെടെയുള്ള ആറംഗസംഘം ഒരുമിച്ചിരുന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. എത്രയും പെട്ടെന്ന് തന്നെ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടര്‍നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

ഈ പരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കും. ഉരുള്‍പൊട്ടലിന് സാധ്യതയുള്ള അനേകം പ്രദേശങ്ങള്‍ വയനാട്ടിലുണ്ട്. ഒരു പ്രദേശത്ത് 300 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുകയാണെങ്കില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ട്. അതിനാല്‍ ഇക്കാര്യത്തെ സൂക്ഷമ രീതിയില്‍ തരംതിരിച്ചെടുക്കേണ്ടത് വളരെ അനിവാര്യമാണ്. സേഫ് ഏരിയ അണ്‍സേഫ് ഏരിയ എന്ന് തരംതിരിച്ച ശേഷം സേഫ് ഏരിയയില്‍ കേടുപാടുകള്‍ സംഭവിക്കാത്ത വീടുകളുണ്ടെങ്കില്‍ അവയെ ഉപയോഗപ്രദമാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സിഡബ്ള്യുആര്‍എം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ടികെ ദൃശ്യ, സൂറത്ത്കല്‍ എന്‍ഐടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവല്‍സ കൊളത്തയാര്‍, ജില്ല മണ്ണ് സംരക്ഷണ ഓഫീസര്‍ താരാ മനോഹര്‍, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് പി പ്രദീപ് എന്നിവരാണ് ജോണ്‍ മത്തായി സംഘത്തിലുള്ളത്.

അതേസമയം, സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കുന്നു. 12 ജില്ലകളിലാണ് നിലവില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ടാണ്. കാസര്‍കോട്, ആലപ്പുഴ ജില്ലയൊഴികെ മറ്റെല്ലായിടത്തും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ആലപ്പുഴ, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്ര മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ഒന്‍പത് ജില്ലകളിലാണ് നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Also Read: Hema Committee Report : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാം; നിർമാതാവിൻ്റെ ഹർജി തള്ളി

തെക്കന്‍ കേരളാതീരം, ലക്ഷദ്വീപ് പ്രദേശം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ തെക്കന്‍ കേരളം തീരം, ലക്ഷദ്വീപ് പ്രദേശം മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ ജാഗഗ്രത നിര്‍ദേശം പുറപ്പെടവിച്ച ദിവസങ്ങളിലൊന്നും മത്സ്യത്തൊഴിലാളികള്‍ മത്സബന്ധനത്തിന് പോകാനും പാടില്ല.