Wayanad Landslides: കാണാമറയത്തുള്ളത് 152 പേര്‍; 310 ഹെക്ടറില്‍ കൃഷിനാശം, സര്‍വ്വതും തകര്‍ത്ത ‘ഉള്ളുപൊട്ടല്‍’
Wayanad Landslides Updates: പുത്തുമലയിലുള്ള ശ്മശാന ഭൂമി പ്രത്യേകം വേലികെട്ടി തിരിച്ചു. ഇവിടെ 20 സെന്റ് ഭൂമി കൂടി അധികമായി ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുള്ള ഭൂമിയോട് ചേര്‍ന്നാണ് അധിക ഭൂമിയുള്ളത്.
കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്കായി ഇന്നും തിരച്ചില്‍. വിവിധ വകുപ്പുകളുടെ മേധാവിമാര്‍ ചേര്‍ന്നാണ് ഇന്ന് പരിശോധന നടത്തുന്നത്. നേരത്തെ പരിശോധന നടത്തിയ സ്ഥലങ്ങളില്‍ വിശദമായ പരിശോധന നടത്തുന്നുണ്ട്. സണ്‍റൈസ് വാലിയിലും പ്രത്യേക സംഘം പരിശോധന നടത്തും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. തിരിച്ചറിയാന്‍ സാധിക്കാതിരുന്ന 218 പേരുടെ മൃതദേഹം ഇതുവരെ സംസ്‌കരിച്ചു.
പുത്തുമലയിലുള്ള ശ്മശാന ഭൂമി പ്രത്യേകം വേലികെട്ടി തിരിച്ചു. ഇവിടെ 20 സെന്റ് ഭൂമി കൂടി അധികമായി ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുള്ള ഭൂമിയോട് ചേര്‍ന്നാണ് അധിക ഭൂമിയുള്ളത്. ഇവിടെ തിരിച്ചറിയാത്ത ബാക്കി മൃതദേഹങ്ങള്‍ സംസ്‌കരിക്കും. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന പ്രദേശം സ്ഥിര ശ്മശാന ഭൂമിയാക്കാനും തീരുമാനമുണ്ട്.
കൂടാതെ, ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ക്യാമ്പുകളില്‍ കഴിയുന്നവരുടെ രക്ത സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയുടെ ഭാഗമായി ശേഖരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 310 ഹെക്ടറില്‍ കൃഷി നശിച്ചതായി റിപ്പോര്‍ട്ട്. ഈ മേഖലയിലുണ്ടായിരുന്ന 750ല്‍ അധികം കുടുംബങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിച്ചവരായിരുന്നു. 50 ഹെക്ടര്‍ ഏലം, 100 ഹെക്ടര്‍ കാപ്പി, 70 ഹെക്ടര്‍ കുരുമുളക്, 55 ഹെക്ടര്‍ തേയില, തെങ്ങ്, കവുങ്ങ്, വാഴ എന്നിവ 10 ഏക്കര്‍ വീതം എന്നിങ്ങനെയാണ് നശിച്ചത്. കൃഷിവകുപ്പാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കൂടാതെ 6 ഹെക്ടറില്‍ അധികം വനഭൂമിയും ചളിയില്‍ പുതഞ്ഞിട്ടുണ്ട്.
80 കാടുവെട്ട് യന്ത്രങ്ങള്‍, 150 സ്‌പ്രേയറുകള്‍, 750 കാര്‍ഷികോപകരണങ്ങള്‍, 150തിലധികം മറ്റ് ഉപകരണങ്ങള്‍, 200 പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവയും നശിച്ചിട്ടുണ്ട്. 5 ഹെക്ടറില്‍ അധികം വനഭൂമി ഉരുള്‍പൊട്ടലില്‍ നശിച്ചിട്ടുണ്ടെന്നാണ് കൃഷി വകുപ്പ് പറയുന്നത്.
പശ്ചിമഘട്ടത്തിന്റെ വൈവിധ്യങ്ങളുടെ കലവറയാണ് ഇപ്പോള്‍ ഉരുള്‍പൊട്ടിയ മേഖല. ചൂരല്‍മലയോട് ചേര്‍ന്നുള്ള 309 ഭാഗങ്ങളും ഇല്ലാതായിട്ടുണ്ട്. അപൂര്‍വങ്ങളായ സസ്യജാലങ്ങളുണ്ടായിരുന്ന മേഖലയാണിത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏഴ് പുതിയ സസ്യങ്ങളെ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. 2021ല്‍ നടത്തിയ പക്ഷി സര്‍വേയില്‍ 166 ഇനം പക്ഷികളെയാണ് അടയാളപ്പെടുത്തിയിരുന്നത്. മനുഷ്യരെ പുനരധിവസിപ്പിക്കുന്നതുപോലെ തന്നെ ഇവയെ സംരക്ഷിക്കുന്നത് വെല്ലുവിളിയാകും. കൃഷി വായ്പകള്‍ ഉള്‍പ്പെടെ വിലയിരുത്തി വരികയാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു.
അതേസമയം, ഉരുള്‍പൊട്ടല്‍ ബാധിച്ച മേഖലകളില്‍ രണ്ട് മാസത്തെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. രണ്ട് മാസത്തേക്ക് ഇവിടെ വൈദ്യുതി ചാര്‍ജ് ഈടാക്കരുതെന്നാണ് നിര്‍ദ്ദേശം. കുടിശ്ശിക ഉള്ള ഉപഭോക്താക്കളില്‍ നിന്ന് അത് ഈടാക്കരുതെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലാണ് സൗജന്യ വൈദ്യുതി ലഭിക്കുക. ചൂരല്‍മല എക്സ്ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെ കെ നായര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്കാണ് ബില്‍ ഒഴിവാക്കിയത്.