5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslides: ഉരുള്‍പൊട്ടലില്‍ സര്‍വതും നശിച്ചവര്‍ക്കായി അയച്ചവയില്‍ ഉപയോഗിച്ച അടിവസ്ത്രവും; നീക്കം ചെയ്തത് 85 ടണ്‍ മാലിന്യം

Wayanad Landslides Camp Waste: നന്മയുള്ള ഒരുപാട് മനുഷ്യന്മാര്‍ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ വയനാട്ടുകാര്‍ക്ക് ആശ്വാസമായി. എന്നാല്‍ ഈ അവസരത്തെ സ്വാര്‍ത്ഥ താത്പര്യത്തോടെ സമീപിച്ചവരുമുണ്ട്. ക്യാമ്പിലേക്ക് സഹായം അയച്ചപ്പോള്‍ തങ്ങള്‍ക്ക് വേണ്ടാത്ത, വീട്ടില്‍ നിന്ന് പുറത്തേക്കെറിയാന്‍ എടുത്തുവെച്ച പല സാധനങ്ങളും പലരും വയനാട്ടിലേക്ക് അയച്ചു.

Wayanad Landslides: ഉരുള്‍പൊട്ടലില്‍ സര്‍വതും നശിച്ചവര്‍ക്കായി അയച്ചവയില്‍ ഉപയോഗിച്ച അടിവസ്ത്രവും; നീക്കം ചെയ്തത് 85 ടണ്‍ മാലിന്യം
Wayanad Landslides (PTI Image)
shiji-mk
Shiji M K | Updated On: 18 Aug 2024 09:54 AM

കല്‍പ്പറ്റ: കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു വയനാട്ടിലേത്. നിരവധി പേരുടെ മരണസംഖ്യയാണ് ഇതിനോടകം രേഖപ്പെടുത്തിയത്. ഇനിയും ഒട്ടനവധി ആളുകളുടെ മൃതദേഹം കണ്ടെത്താനുണ്ട്. ദുരന്തമുണ്ടായതോടെ പ്രദേശത്ത് ബാക്കിയായിരുന്നവരെ എല്ലാം ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ഇവരെ സഹായിക്കാനായി കേരളക്കരയാകെ ഒന്നിച്ച് നിന്നു. പ്രളയക്കാലത്ത് ഉണ്ടായതുപോലെ വയനാട്ടിലേക്ക് എത്തിയത് ലോഡ് കണക്കിന് സാധനങ്ങളാണ്.

നന്മയുള്ള ഒരുപാട് മനുഷ്യന്മാര്‍ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ വയനാട്ടുകാര്‍ക്ക് ആശ്വാസമായി. എന്നാല്‍ ഈ അവസരത്തെ സ്വാര്‍ത്ഥ താത്പര്യത്തോടെ സമീപിച്ചവരുമുണ്ട്. ക്യാമ്പിലേക്ക് സഹായം അയച്ചപ്പോള്‍ തങ്ങള്‍ക്ക് വേണ്ടാത്ത, വീട്ടില്‍ നിന്ന് പുറത്തേക്കെറിയാന്‍ എടുത്തുവെച്ച പല സാധനങ്ങളും പലരും വയനാട്ടിലേക്ക് അയച്ചു.

Also Read: Premam Bridge : നവകേരള സദസിലെ പരാതിയിൽ നടപടിയായി; ആലുവയിലെ പ്രേമം പാലത്തിന് പൂട്ടിട്ട് അധികൃതർ

ഉരുള്‍പൊട്ടലില്‍ സര്‍വതും തകര്‍ന്നവരെ സഹായിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെ കേരളത്തിനകത്തും പുറത്തും നിന്നുമായി നിരവധിയാളുകളാണ് സഹായം എത്തിച്ചത്. എന്നാല്‍ ഈ സഹായം എത്തിച്ച എല്ലാവരും ഈയൊരു നിര്‍ദേശത്തെ നല്ല രീതിയിലല്ല എടുത്തത്. അവര്‍ക്കത് പലതും പുറത്തുകളയാനുള്ള മാര്‍ഗമായിരുന്നു.

ടെക്‌സ്റ്റൈലുകളില്‍ നിന്നും മറ്റും ഉപയോഗശൂന്യമായി കിടന്നിരുന്ന വസ്ത്രങ്ങളും ഉപയോഗിച്ച അടിവസ്ത്രങ്ങളും ഉള്‍പ്പെടെ അങ്ങോട്ടേക്ക് അയച്ചുകൊടുത്തു. തങ്ങളുടെ കടയിലെ സ്‌റ്റോക്ക് ക്ലിയര്‍ ചെയ്യാനും വീട്ടിലെ സാധനങ്ങള്‍ നീക്കം ചെയ്യാനുമാണ് അവര്‍ ഇതിലൂടെ ലക്ഷ്യമിട്ടത്. എങ്ങനെ എങ്കിലും വളരെ പെട്ടെന്ന് സഹായം എത്തിക്കേണ്ടത് കൊണ്ട് ഇതൊന്നും ആരും ശ്രദ്ധിക്കില്ലെന്ന ആത്മവിശ്വാസമാണ് അവരെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്. 17 ടണ്‍ വസ്ത്രങ്ങളാണ് ക്യാമ്പുകളിലും കളക്ഷന്‍ സെന്ററുകളിലും ഇത്തരത്തില്‍ ലഭിച്ചത്.

ഉപയോഗ ശൂന്യമായ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ 85 ടണ്‍ അജൈവ മാലിന്യങ്ങളാണ് വളണ്ടിയര്‍മാര്‍ ഇതുവരെ നീക്കം ചെയ്തത്. ആത്മാര്‍ത്ഥയോടെ പലരും അയച്ച സാധനങ്ങള്‍ അധികമായി എത്തിയിട്ടുണ്ട്. ഇത് വേണ്ട വിധത്തില്‍ ഉപയോഗിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. കൂടുതലായെത്തിയ നാപ്കിനുകള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യൂക്കേഷന്‍ വഴി സ്‌കൂളുകളിലേക്ക് എത്തിക്കും.

ബാക്കിയായ ഭക്ഷണ കിറ്റുകള്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വഴി മഴക്കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കും. കൂടാതെ അധികമായുള്ള കുപ്പിവെള്ളം, പ്രദേശത്തെ തിരച്ചില്‍ അവസാനിച്ചതിന് ശേഷം ലേലത്തിന് വെക്കാനും ആലോചനയുണ്ട്. ഇതിലൂടെ ലഭിക്കുന്ന പണം ഉരുള്‍പൊട്ടലിലെ ദുരിതബാധിതരെ സഹായിക്കാന്‍ പ്രയോജനപ്പെടുത്തും.

അതേസമയം, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കരട് പട്ടിക പുതുക്കി. പുതുക്കിയ കണക്ക് അനുസരിച്ച് 119 പേരാണ് കാണാമറയത്തുള്ളത്. ആദ്യം തയാറാക്കിയ പട്ടികയില്‍ 128 പേരായിരുന്നു ഉണ്ടായിരുന്നത്. ഡിഎന്‍എ ഫലം ലഭ്യമായി തുടങ്ങിയതിന് ശേഷമാണ് കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്. ഓഗസ്റ്റ് 14 വരെ 401 ഡിഎന്‍എ പരിശോധനകളാണ് നടത്തിയത്. കൂടുതല്‍ അഴുകിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനാഫലങ്ങള്‍ ലഭിക്കാനായിരുന്നു കാലതമാസം നേരിട്ടിരുന്നത്. ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുമായി ഒത്തുനോക്കിയാണ് നിലവില്‍ കാണാതായവരെ തിരിച്ചറിയുന്നത്.

കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലും സൂചിപ്പാറ ചാലിയാര്‍ പുഴയുടെ തീരങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ നടന്ന തിരച്ചിലില്‍ മൃതദേഹങ്ങളോ മൃതദേഹഭാഗങ്ങളോ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വനത്തിനുള്ളിലൂടെയുള്ള തിരച്ചിലിന് പ്രദേശം പരിചയമില്ലാത്ത സന്നദ്ധപ്രവര്‍ത്തകരെ നിലവില്‍ അനുവദിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനാണ് തീരുമാനം. കൂടാതെ നിലവില്‍ ക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ അധ്യയനം തുടങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പത്ത് സ്‌കൂളുകളാണ് നിലവില്‍ ദുരിതാശ്വാസക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കും മാറിയതായാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 400ല്‍ അധികം കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.

Also Read: Kerala Rain Alerts : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; രണ്ടിടത്തൊഴികെ ബാക്കിയെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

വാടക വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികള്‍ അടങ്ങിയ പ്രത്യേക കിറ്റും നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ബാങ്ക് രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ വീണ്ടെടുക്കാന്‍ ബാങ്കിങ് അദാലത്തും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. കൂടാതെ ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നുണ്ട്. പൂര്‍ണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നിവയുടെ വിവരങ്ങളാണ് നിലവില്‍ ശേഖരിക്കുന്നത്