5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslides: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; കാണാതായവരെ മരണപ്പെട്ടവരായി അംഗീകരിച്ചു

Wayanad Landslides Missing People Declared as Dead: മരിച്ചതായി അംഗീകരിച്ചവരുടെ മരണം രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള എല്ലാ നടപടിക്രമങ്ങളും സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മരണം രജിസ്റ്റര്‍ ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.

Wayanad Landslides: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; കാണാതായവരെ മരണപ്പെട്ടവരായി അംഗീകരിച്ചു
വയനാട് ഉരുള്‍പൊട്ടല്‍ Image Credit source: Getty Images
shiji-mk
Shiji M K | Published: 21 Jan 2025 08:42 AM

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായ 32 പേരെ മരണപ്പെട്ടവരായി അംഗീകരിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇവര്‍ മരിച്ചതായി അംഗീകരിച്ചത്. ഇത് സംബന്ധിച്ച പട്ടിക ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ-ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയവര്‍ അടങ്ങിയ സമിതി പരിശോധിക്കും.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 32 പേര്‍ മരിച്ചതായി കണക്കാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങാനാണ് സാധ്യത. സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദുരന്തത്തില്‍ മരിച്ച മറ്റ് ആളുകളുടെ ബന്ധുക്കള്‍ക്ക് നല്‍കിയ എല്ലാ അംഗീകാരങ്ങളും ഈ 32 പേരുടെ കുടുംബങ്ങള്‍ക്കും നല്‍കും.

മരിച്ചതായി അംഗീകരിച്ചവരുടെ മരണം രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള എല്ലാ നടപടിക്രമങ്ങളും സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മരണം രജിസ്റ്റര്‍ ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.

അതേസമയം, ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവാകശമല്ലെന്നും വയനാട്ടില്‍ സംഭവിച്ചത് മനുഷ്യ നിര്‍മിത ദുരന്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ടൗണ്‍ഷിപ്പില്‍ വീട് ലഭിക്കുന്നതിന് പകരം ഉയര്‍ന്ന നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസി നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. വ്യക്തി താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Also Read: Wayanad Landslides: മനുഷ്യനിര്‍മിത ദുരന്തമല്ലാത്തതിനാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാനാകില്ല; വയനാട് വിഷയത്തില്‍ ഹൈക്കോടതി

വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതര്‍ക്ക് വേണ്ടി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പുകളില്‍ അനുവദിക്കേണ്ട പ്ലോട്ടുകളുടെ വിസ്തീര്‍ണം സംബന്ധിച്ച പദ്ധതി ആസൂത്രണ ഏജന്‍സി സമര്‍പ്പിച്ച പ്രോജക്ട് ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കല്‍പറ്റയില്‍ 5 സെന്റ് പ്ലോട്ടുകളും നെടുമ്പാലയില്‍ 10 സെന്റ് പ്ലോട്ടുകളുമായിരുന്നു ഏജന്‍സിയായ കിഫ്കോണ്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നത്.

കല്‍പറ്റയില്‍ 467, നെടുമ്പാലയില്‍ 266 എന്നിങ്ങനെ പാര്‍പ്പിട യൂണിറ്റുകള്‍ നിര്‍മിക്കുന്നതിന് 632 കോടി രൂപയായിരിക്കും ചെലവ് വരുന്നതെന്നാണ് വിലയിരുത്തല്‍. ടൗണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താത്പര്യമില്ലാത്ത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപയോ അല്ലെങ്കില്‍ അവരുടെ താത്പര്യം അനുസരിച്ച് വനമേഖലയോട് ചേര്‍ന്ന് ഭൂമിയോ നല്‍കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.