Wayanad Landslide: ദുരന്തമേഖലയിലെ സന്നദ്ധ സേവനത്തിൽ നിയന്ത്രണം; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന
Wayanad Landslide Updates: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിലെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തെരച്ചിലാണ് അവസാനിപ്പിച്ചിരിക്കുന്നത്. ചാലിയാറിൽ നാളെ രാവിലെ ഏഴ് മണിയോടെ രണ്ട് ഭാഗങ്ങളായി തെരച്ചിൽ വീണ്ടും പുനരാരംഭിക്കും.
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖലയായ (Wayanad Landslide) മുണ്ടക്കൈ, ചൂരൽമല മേഖകളിൽ സേവനം ചെയ്യാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് (voluntary services) നിയന്ത്രണം. രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ഇനി മുതൽ പ്രദേശത്തേക്ക് പ്രവേശനമുള്ളൂ. സന്നദ്ധ പ്രവർത്തകരുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻനിർത്തിയും മറ്റുള്ളവ ഏകോപിപ്പിക്കുന്നതിനായുമാണ് രജിസ്ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ 6.30 മുതൽ ചൂരൽമല കൺട്രോൾ റൂമിന് സമീപം റവന്യു വകുപ്പിൻറെ രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിനം ആരംഭിക്കും.
ഇവിടെ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമാണ് ദുരന്ത മേഖലയിലേക്ക് കടത്തിവിടുക. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകർ ടീം ലീഡറുടെ പേര് വിലാസം രജിസ്റ്റർ ചെയ്താൽ മതിയാകുമെന്നും വയനാട് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേസമയം ഡിഎൻഎ സാമ്പിളെടുക്കുന്നതിനായി മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോൾ ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങൾ മാത്രം ലഭിച്ചവയുടെയും സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
കാണാതായ ഉറ്റവരെ തേടി ആരെങ്കിലും എത്തുമ്പോൾ അവരുടെ സാമ്പിളുകൾ കൂടി എടുത്ത് ഡിഎൻഎ പരിശോധന നടത്തിയാൽ മരിച്ചത് ആരാണ് എന്നുള്ളത് തിരിച്ചറിയാൻ സാധിക്കും. അതിനുവേണ്ടി ജീവിച്ചിരിക്കുന്നവരുടെ പ്രത്യേകിച്ച് ദുരന്തത്തിന് ഇരയായവരുടെ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് എടുക്കുമ്പോൾ മാനസികമായി അവരെ സജ്ജമാക്കുന്നതിനാണ് മാനദണ്ഡങ്ങൾ തയ്യാറാക്കിയതെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിലെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തെരച്ചിലാണ് അവസാനിപ്പിച്ചിരിക്കുന്നത്. ചാലിയാറിൽ നാളെ രാവിലെ ഏഴ് മണിയോടെ രണ്ട് ഭാഗങ്ങളായി തെരച്ചിൽ വീണ്ടും പുനരാരംഭിക്കും. ചാലിയാറിലെ തെരച്ചിൽ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി ഉയർന്നു. 148 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുള്ളത്. ഇനി 206 പേരെയാണ് പ്രദേശത്ത് നിന്ന് കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ സർവ്വമത പ്രാർത്ഥനയോടെ പൊതുശ്മശാനങ്ങളിൽ സംസാരിക്കും. ഇന്ന് നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയിൽ നിന്നും കണ്ടെടുത്തത്.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാൻ നിലവിലുണ്ടായിരുന്ന ക്യു ആർ കോഡ് സംവിധാനം പിൻവലിച്ചു. തട്ടിപ്പുകൾക്കുള്ള സാധ്യത ഒഴിവാക്കുന്നതിനായാണ് നടപടിയെന്നും മുഖ്യമന്ത്രി അറിയിച്ചു. പകരം പോർട്ടലിൽ നൽകിയിട്ടുള്ള യുപിഐ ഐഡി വഴി പണം അയക്കാം. http://donation.cmdrf.kerala.gov/ എന്ന പോർട്ടലിൽ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നൽകിയിട്ടുണ്ട്.